Monday, October 12, 2009

എയ്‌ഡിസിന്‌ മരുന്ന്‌ കണ്ടെത്തിയ നാട്ടില്‍ കുമ്പളങ്ങ രസായനത്തിനും പരസ്യമാകാം


കിടപ്പറയില്‍ മരുന്ന്‌്‌ നിറക്കുമ്പോള്‍ 6

എയ്‌ഡ്‌സിന്‌ മരുന്ന്‌ `കണ്ടെത്തിയ' നാടാണ്‌ നമ്മുടെ ഈ കൊച്ചു കേരളം. ഇമ്മ്യൂണോ ക്യൂര്‍ എന്നു പേരിട്ട ഈ ഔഷധക്കൂട്ട്‌ വിറ്റ്‌ പണമുണ്ടാക്കിയ ഫെയര്‍ഫാര്‍മ എല്ലാവര്‍ക്കും സുപരിചിതവുമാണ്‌. ഇമ്മ്യൂണോ ക്യൂര്‍ എയ്‌ഡ്‌സിനുള്ള മരുന്നാണെന്ന അവകാശവാദം നിരത്തി ആയിരക്കണക്കിന്‌ രോഗികളെയാണ്‌ മജീദ്‌ വഞ്ചിച്ചത്‌. പിന്നീട്‌ 2003ല്‍ ഈ മരുന്ന്‌ എയ്‌ഡ്‌സിനുള്ള മരുന്നാണെന്ന തരത്തില്‍ പരസ്യം ചെയ്യരുതെന്നും വില്‍ക്കരുതെന്നും ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ ജവഹര്‍ലാല്‍ ഗുപ്‌ത ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇമ്മ്യൂണോ ക്യൂര്‍ മരുന്നിനെ പ്രകീര്‍ത്തിച്ച്‌ പുസ്‌തകം പ്രസിദ്ധീകരിച്ചു. സാക്ഷാല്‍ എം എന്‍ വിജയന്‍ മാഷ്‌ പുസ്‌തകത്തിന്‌ അവതാരിക എഴുതിയത്‌ വിവാദത്തിന്‌ തിരി കൊളുത്തുകയും ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ എച്ച്‌ ഐ വി ബാധിതര്‍ 2007 നവംബര്‍ 31ന്‌ സെക്രട്ടേറിയറ്റ്‌ നടയില്‍ പുസ്‌തകം കത്തിച്ചു. പക്ഷേ ഇന്നും നാടിന്റെ മുക്കിലും മൂലയിലും ലാട വൈദ്യന്മാരും പാരമ്പര്യ ചികിത്സകരും എയ്‌ഡ്‌സ്‌ ചികിത്സിച്ച്‌ ഭേദമാക്കാമെന്ന്‌ പരസ്യം ചെയ്‌ത്‌ ചികിത്സ നല്‍കുന്നുണ്ട്‌. ഇതിനെതിരെ നമ്മുടെ സര്‍ക്കാറും നീതിപീഠവും കണ്ണടയ്‌ക്കുന്നുവെന്നത്‌ ആശ്ചര്യകരമാണ്‌. എയ്‌ഡ്‌സിനുള്ള മരുന്നെന്ന്‌ പരസ്യം ചെയ്‌താണ്‌ ഫെയര്‍ ഫാര്‍മ ശ്രദ്ധപിടിച്ചുപറ്റിയത്‌. ഇന്ന്‌ അതിന്‌ പിന്‍ഗാമികളായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്‌.
ദീര്‍ഘകാലം ചികിത്സിച്ചാല്‍ മാത്രമേ രോഗം ഭേദമാകൂവെന്നാണ്‌ ഇത്തരം ചികിത്സകര്‍ പലപ്പോഴും രോഗികളോട്‌ പറയുക. ശസ്‌ത്രക്രിയ പോലുള്ള താരതമ്യേന ക്ലേശകരവും ചെലവുള്ളതുമായ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പ്രതിവിധികള്‍ ഒഴിവാക്കാമെന്ന ധാരണയിലും ചിലര്‍ ഈ അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ടെന്ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ ചീഫ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണ്‍ പറയുന്നു.
കഷണ്ടിക്കുള്ള മരുന്നെന്ന പരസ്യവുമായി പുറത്തിറങ്ങിയ ഹെര്‍ബല്‍ ഓയിലാണ്‌ കേരളത്തില്‍ ആദ്യമായി പരസ്യവുമായി വന്നതെന്ന്‌ നേരത്തെ ഡ്ര ഗ്‌സ്‌ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച, റവന്യൂ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ ദിലീപ്‌ കുമാര്‍ ഓര്‍മിക്കുന്നു. പിന്നെ അതിനെ പിന്‍പറ്റി ഡോ. വാസന്‍ ജീവടോണ്‍ പുറത്തിറക്കി. പുരുഷന്മാരുടെ ശരീരം പുഷ്‌ടിപ്പെടുത്തുകയും ഓജസ്സ്‌ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു പരസ്യ വാചകം. പിന്നീട്‌ റാണികല്‍പ്പം, കുമാരികല്‍പ്പം തുടങ്ങി ഇത്തരം മരുന്നുകളുടെ ഘോഷയാത്രയായിരുന്നുവെന്ന്‌ ദിലീപ്‌ കുമാര്‍ പറയുന്നു. ഈ ലോകത്ത്‌ ഒരുപറ്റം വിഡ്‌ഢികളുണ്ടെങ്കില്‍ തനിക്ക്‌ ജീവിച്ചുപോകാമെന്ന്‌ ഈ ഡോ. വാസന്‍ ഒരിക്കല്‍ പറഞ്ഞത്‌ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടറായി വിരമിച്ച കോഴിക്കോട്ടെ ആയുര്‍വേദ ഡോക്‌ടര്‍ രാമചന്ദ്രന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
അതിശയോക്തി ജനിപ്പിക്കുന്ന അവകാശവാദങ്ങള്‍ പരസ്യം ചെയ്‌ത്‌ ജനങ്ങളെ വഞ്ചിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്നാണ്‌ നിയമം. ദ മാജിക്‌ റെമഡീസ്‌ (ഒബജ്‌ക്ഷനബിള്‍ അഡ്വടൈസ്‌മെന്റ്‌) ആക്‌ട്‌ എന്നാണ്‌ ഈ നിയമത്തിന്റെ പേര്‌. പക്ഷേ 1954 ല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ്‌ വ്യാജമരുന്നുകള്‍ വിപണിയിലിറങ്ങുന്നത്‌. ഔഷധങ്ങള്‍, മാന്ത്രിക ഏലസുകള്‍, മന്ത്രമോതിരം തുടങ്ങിയവ ഉപയോഗിച്ചുള്ള പറ്റിക്കലെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. ആയുര്‍വേദ ഔഷധ നിര്‍മാണം നിയന്ത്രിക്കുന്നത്‌ 1940ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ടും 45ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ റൂള്‍സുമാണ്‌. ആയുര്‍വേദ, സിദ്ധ, യുനാനി ഔഷധ നിര്‍മാണത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഇതിലുണ്ട്‌.
ഈ നിയമം നിലവില്‍ ഒരു മരുന്നു കമ്പനിയും ചെവിക്കൊള്ളാറില്ല. 1940ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ട്‌ പ്രകാരം വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളെ മൂന്നായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. 1. പ്രൊപറേറ്ററി മെഡിസിന്‍ അഥവാ പെറ്റന്റ്‌ മെഡിസിന്‍. 2. കോസ്‌മെറ്റിക്‌സ്‌ 3. ആയുര്‍വേദം, യുനാനി ഡ്രഗ്‌.
ഇതില്‍ കോസ്‌മെറ്റിക്‌സ്‌ ഗണത്തില്‍ പെടുന്ന മരുന്നുകള്‍ക്ക്‌ മാത്രമേ ഈ ആക്‌ടിന്റെ പരിധിയില്‍ പരസ്യം ചെയ്യാന്‍ പാടുള്ളൂ. കോസ്‌മെറ്റിക്‌സ്‌ ഗണത്തില്‍ പെടുന്ന മരുന്നുകള്‍ ശരീരത്തിന്‌ പുറത്ത്‌ പുരട്ടാന്‍ മാത്രം ഉപയോഗിക്കുന്നതാണ്‌. ആയുര്‍വേദ, യുനാനി മരുന്നുകള്‍ വിപണിയില്‍ ഇറക്കുമ്പോള്‍ ആ മരുന്ന്‌ ഏത്‌ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്‌ പുറത്തിറക്കിയതെന്ന്‌ രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ്‌ നിയമം. എന്നാല്‍ ഇത്‌ ആരും തന്നെ മുഖവിലക്കെടുക്കാറില്ല.
ഹൃദയത്തിനുള്ള രോഗങ്ങള്‍, പ്രമേഹം, പാണ്ട്‌, എയ്‌ഡ്‌സ്‌, സ്‌ത്രീജന്യരോഗങ്ങള്‍, ലൈംഗിക സമ്മര്‍ദങ്ങള്‍ തുടങ്ങി 54 തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പരസ്യം ചെയ്യുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ എം പി ജോര്‍ജ്‌ പറഞ്ഞു. ഈ രോഗങ്ങള്‍ക്ക്‌ ചികിത്സിക്കുന്നു എന്ന്‌ പറയാം. എന്നാല്‍ ഒരു മരുന്നിന്റെയും പേരില്‍ പരസ്യം ചെയ്യാന്‍ പാടില്ല.
നിയമത്തില്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആരും ഈ നിയമത്തെ വകവെക്കാറില്ലെന്ന്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പറയുന്നു. മുമ്പ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ്‌ കുമാറിനും ഇതു തന്നെയാണ്‌ പറയാനുള്ളത്‌. നിയമം ലംഘിച്ച്‌ പരസ്യം ചെയ്‌താലുള്ള ശിക്ഷ 500 രൂപ പിഴയും മൂന്ന്‌ മാസം തടവും മാത്രമാണ്‌. തടവുശിക്ഷ ഇതുവരെ ആര്‍ക്കും കിട്ടിയിട്ടുമില്ല. പരസ്യം ചെയ്‌ത മരുന്നുകള്‍ പിടിച്ചെടുത്ത്‌ പരിശോധിച്ച്‌ കേസെടുക്കാറുണ്ട്‌. രണ്ടോ മൂന്നോ കൊല്ലം കേസ്‌ നടത്തിയാല്‍ വിജയിക്കാറുണ്ട്‌. പക്ഷെ, 500 രൂപ പിഴയടച്ചാല്‍ കക്ഷി രക്ഷപ്പെടും. കച്ചവടം മുന്‍കാലത്തേക്കാള്‍ ശക്തമായി തുടരുകയും ചെയ്യും. കടുത്ത ശിക്ഷ കൊടുക്കാവുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുകയാണ്‌ സര്‍ക്കാര്‍ തലത്തില്‍ ഇതിന്‌ എടുക്കേണ്ട നടപടിയെന്നും എം പി ജോര്‍ജ്‌ പറഞ്ഞു. പത്രങ്ങളില്‍ പരസ്യം കണ്ട്‌ മരുന്ന്‌ വാങ്ങി കഴിച്ച ശേഷം വഞ്ചിക്കപ്പെട്ടവര്‍ നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്‌ത എട്ട്‌ കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പറഞ്ഞു.
നിയമം ലംഘിച്ചാല്‍ 1940ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ടിലെ 33 (i) (2)പ്രകാരം മൂന്ന്‌ മാസം തടവും അഞ്ഞൂറ്‌ രൂപയില്‍ കുറയാത്ത ഫൈനും മാത്രമേ ശിക്ഷ ലഭിക്കുകയുള്ളൂവെന്ന്‌ കേരള ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകന്‍ നിഷിന്‍ ജോര്‍ജ്‌ പറയുന്നു. 1954ലെ മാജിക്‌ റെമഡീസ്‌ (ഒബജ്‌ക്ഷനബിള്‍ അഡ്വടൈസ്‌മെന്റ്‌) ആക്‌ട്‌ പ്രകാരം ഗര്‍ഭം അലസിപ്പിക്കുന്നതിനും ഉത്തേജക മരുന്നുകളുടെയും സ്‌ത്രീകളുടെ ആര്‍ത്തവം സംബന്ധമായ കാര്യങ്ങള്‍ക്കും പരസ്യം പാടില്ലായെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ആക്‌ടിന്റെ ഏഴാം വകുപ്പ്‌ പ്രകാരം ആറു മാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. വീണ്ടും നിയമലംഘനം നടത്തിയാല്‍ ഒരു കൊല്ലം വരെ ശിക്ഷ ലഭിക്കുമെന്നും അഡ്വ. നിഷിന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ പുറത്തിറങ്ങുന്ന പല ചികിത്സാ കേന്ദ്രങ്ങളുടെയും മരുന്നുകളുടെയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്‌ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ ഒപ്പിച്ചെടുക്കുന്നതാണ്‌. മരുന്ന്‌ നിര്‍മിതിക്കാവശ്യമായ ചേരുവകള്‍ അന്യസംസ്ഥാനങ്ങളായ പഞ്ചാബ്‌, ഒറീസ്സ, അരുണാചല്‍ പ്രദേശ്‌, ബീഹാര്‍, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്നതാണെന്നാണ്‌ കമ്പനികള്‍ പറയുന്നത്‌. വ്യാജ മരുന്നുകളുടെ പരസ്യം നിയന്ത്രിക്കാനും വില്‍പ്പന നിയന്ത്രിക്കാനും നിലവില്‍ നിയമമുണ്ടെങ്കിലും ഇതിനെതിരെ കേസ്‌ കൊടുക്കാനോ മറ്റ്‌ നിയമ നടപടികള്‍ സ്വീകരിക്കാനോ ആരും തയ്യാറാകുന്നില്ലായെന്നതാണ്‌ വാസ്‌തവം. കേസിന്‌ പോകേണ്ടത്‌ ഇത്തരം മരുന്നുകളുടെ കെണിയില്‍ വീണ്‌ പണവും ആരോഗ്യവും നഷ്‌ടമാകുന്നവരാണ്‌. രഹസ്യരോഗങ്ങളുടെ ചികിത്സയാണെ ന്നതിനാല്‍ ആരും പരസ്യമായി കേസിന്‌ പോകുന്നുമില്ല. തനിക്ക്‌ പറ്റിയ അമളി ആരുമറിയരുതെന്ന നിര്‍ബന്ധ ബുദ്ധി ഇക്കൂട്ടരില്‍ വളരെ കൂടുതലാണെന്ന്‌ അഡ്വ. നിഷിന്‍ ജോര്‍ജ്‌ പറയുന്നു. ഇത്തരത്തില്‍ സമൂഹത്തെയും രോഗികളെയും പറ്റിക്കുന്ന വ്യാജ ചികിത്സകരെ നിലക്ക്‌ നിര്‍ത്താനും പരസ്യങ്ങളുടെ പ്രസിദ്ധീകരണം തടയാനും പൊതു താത്‌പര്യ ഹരജി നല്‍കണമെന്നാണ്‌ കോഴിക്കോട്ടെ ഡോ. ഔസഫ്‌ ഹസ്സന്‍ പറയുന്നത്‌.
ഇത്തരം മരുന്നുകളെ കുറിച്ച്‌ അറിയാവുന്ന ഡോക്‌ടര്‍മാര്‍ തന്നെ ബോധവത്‌കരണത്തിനും നിയമ നടപടികള്‍ക്കും തയ്യാറാകണമെന്നാണ്‌ പ്രൊഫസര്‍ എന്‍ പി ഹാഫിസ്‌ മുഹമ്മദിന്റെ അഭിപ്രായം. എന്നാല്‍ ഇതിനെതിരെ ശബ്‌ദമുയര്‍ത്താന്‍ ഭൂരിഭാഗം ഡോക്‌ടര്‍മാരും തയ്യാറല്ല. കാരണം ഈ കറക്ക്‌ കമ്പനിയില്‍ അവരില്‍ പലരും പങ്കാളികളാണ്‌. ഈ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ആഴത്തില്‍ അറിയുക എന്നതേ വഴിയുള്ളൂ.

1 comment:

  1. കേരളത്തില്‍ ഒരുപറ്റം വിഡ്‌ഢികളുണ്ട്. അവര്‍ക്ക് തരക്കേടില്ലാത്ത വിദ്യാഭ്യാസവും ഉണ്ട്. കേട്ടതെല്ലാം / കണ്ടതെല്ലാം / വായിക്കുന്നതെല്ലാം അവര്‍ വിശ്വസിക്കും. അവരുടെ കയ്യില്‍ കാശും ഉണ്ട്. അവരുടെ കയ്യില്‍ ചുമ്മാ ഇരിക്കുന്ന കാശ് ചില ബുദ്ധിമാന്മാര്‍ അടിച്ച്ചെടുക്കുന്നു. അതിലെന്താ ഇത്ര തെറ്റ്? പച്ചവെള്ളം പോലും കുപ്പിയിലടച്ച്‌ മരുന്ന് എന്ന ലേബല്‍ ഒട്ടിച്ചു വില്‍ക്കുന്ന ആളുകള്‍ ഉള്ള നാടാണ് കേരളം. കണ്ടതും കേട്ടതും വായിച്ചതും ഒക്കെ വിശ്വസിക്കുന്നതിനും മുമ്പ് ഒന്ന് കൂടി ആലോചിക്കുക. നമ്മള്‍ തന്നെ നമുക്കുള്ള കുഴി തോണ്ടിയിട്ട് പിന്നീട് കേസ് കൊടുത്തിട്ടോന്നും കാര്യമില്ല. അഞ്ഞൂറ് രൂപ പിഴ ഒടുക്കി പറ്റിച്ചവര്‍ രക്ഷപെടും.

    ReplyDelete