Thursday, October 8, 2009

കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍

മിഥുന്‍കൃഷ്‌ണ
സെപ്‌തംബര്‍ മാസത്തിലെ ആറാം തീയതി മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ഒരു പരസ്യം കണ്ടു. ഉള്‍പേജിലാണ്‌. കാല്‍പേജ്‌ പരസ്യം. സുദൃഢമായ ദാമ്പത്യ ജീവിതത്തിന്‌ ആയുര്‍വേദത്തിന്റെ അപൂര്‍വ വരദാനമാണ്‌ പരസ്യത്തിന്‌ ആധാരം. സഫേദ്‌ മുസ്‌ലി, അമുക്കരം, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി, കന്മദം എന്നീ അപൂര്‍വ ഔഷധങ്ങളാണ്‌ ചേരുവ. ഇവ ചേര്‍ത്ത്‌ വരും നാളത്തെ ഗവേഷണ ഫലമായി തയ്യാറാക്കിയ റീ എനര്‍ജൈംസിംഗ്‌ ക്യാപ്‌സൂള്‍ പൗരുഷത്തിന്‌ ഊര്‍ജസ്വലതയേകാന്‍ സഹായിക്കുന്നു എന്നാണ്‌ പരസ്യം. എല്ലാ പുരുഷന്മാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പരസ്യം.
രണ്ടാഴ്‌ച കഴിഞ്ഞു. അതേ പത്രത്തിന്റെ ഒന്നാം പേജില്‍ അതേ മരുന്നിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഒരു ചെറുപ്പക്കാരന്റെ ചിത്രവുമുണ്ട്‌. പേരുമുണ്ട്‌. പ്രദീപ്‌ കൃഷ്‌ണ. സ്ഥലം തിരുവനന്തപുരം. ഒരു ഐ ടി പ്രൊഫഷണലായ പ്രദീപ്‌ കൃഷ്‌ണ സ്വന്തം ജീവിതാനുഭവം കഥിക്കുന്ന മട്ടിലാണ്‌ പരസ്യം. സ്വഛന്ദം ജീവിച്ചുകൊണ്ടിരിക്കെ കല്ല്യാണം കഴിക്കുന്നു. കിടപ്പറയില്‍ തളര്‍ന്നുവീഴുന്നു. അതോടെ ജീവിതം താളം തെറ്റുന്നു. ആകെ മടുക്കുന്നു. ജീവിതാസക്തിക്കും ആത്മഹത്യക്കുമിടയില്‍ ആടിക്കളിക്കുമ്പോള്‍, ഇതെല്ലാം ശ്രദ്ധിച്ച മേലുദേ്യാഗസ്ഥന്‍ വിളിച്ച്‌ `ധാത്രിവിറ്റ' ആയുര്‍വേദത്തിന്റെ വരദാനം ഒരു ബോട്ടില്‍ കൊടുക്കുന്നു. അതോടെ പ്രദീപ്‌ കൃഷ്‌ണ പുരുഷനാകുന്നു! എന്നാകുന്നു പരസ്യം.
പക്ഷേ, പ്രദീപ്‌ കൃഷ്‌ണയുടെ ഫോട്ടോ കണ്ടാല്‍ മലയാളി മട്ടില്ല. സൂക്ഷിച്ചു നോക്കിയാല്‍ ഇന്ത്യന്‍ ഭാവവുമില്ല. ലക്ഷണമൊത്ത ഒരു മോഡല്‍ പോലെ. പരസ്യത്തില്‍ ഫോണ്‍ നമ്പറോ വിലാസമോ കൊടുത്തിട്ടില്ല. ധാത്രിവിറ്റ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ നിരവധി ഫോണ്‍ നമ്പറുകള്‍ ഉണ്ട്‌.
ഏതായാലും സംഗതി പ്രദീപ്‌ കൃഷ്‌ണയോടു തന്നെ ചോദിച്ചു മനസ്സിലാക്കാമെന്നുറച്ചു. പരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ചു. 9446357075 എന്ന നമ്പര്‍. ഒരു പുരുഷ ശബ്‌ദമാണ്‌ ഫോണ്‍ എടുത്തത്‌. പ്രദീപ്‌ കൃഷ്‌ണയുടെ നമ്പര്‍ വേണമെന്നും ചികിത്സാനുഭവങ്ങള്‍ നേരിട്ട്‌ ചോദിച്ചു മനസ്സിലാക്കാനാണ്‌ എന്നും പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെ:
``സോറി, അതിന്‌ നിങ്ങള്‍ ഓഫീസുമായി ബന്ധപ്പെടണം. ഞങ്ങള്‍ കസ്റ്റമര്‍ കെയര്‍ ആണ്‌.''
``ഓഫീസ്‌ നമ്പര്‍ തരുമോ''
``ഓ! തരാമല്ലോ - 0484- 2803072''
ആ നമ്പറില്‍ വിളിച്ചു. ഒരു സ്‌ത്രീ ശബ്‌ദമാണ്‌ ഫോണെടുത്തത്‌. ആളെ പരിചയപ്പെടുത്തി. പരസ്യത്തില്‍ കണ്ട പ്രദീപ്‌ കൃഷ്‌ണന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ മറുപടിയിങ്ങനെ:
``സോറി, അതിനു ഡോക്‌ടറെ വിളിക്കണം''
നമ്പര്‍ ചോദിച്ചു. തന്നു. 9446046082. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടി സ്‌ത്രീ ശബ്‌ദം. ഡോക്‌ടര്‍ മിനി എന്ന്‌ ശബ്‌ദം പരിചയപ്പെടുത്തി. പ്രദീപ്‌ കൃഷ്‌ണന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ:
``അതിന്‌ ഓഫീസില്‍ വിളിക്കണം''
``ഓഫീസില്‍ വിളിച്ചപ്പോള്‍ ഡോക്‌ടറെ വിളിക്കാന്‍ പറഞ്ഞതാണ്‌. അവിടെ നിന്നാണ്‌ നമ്പര്‍ തന്നത്‌''
``ഞാന്‍ ഓഫീസില്‍ ഉള്ളപ്പോള്‍ വിളിക്കണം. രണ്ടു ദിവസം ഓഫീസ്‌ അവധിയാണ്‌. അതു കഴിഞ്ഞാല്‍ വിളിക്കൂ. എത്തിച്ചു തരാന്‍ നോക്കാം''
വിളിച്ചു. ഡോക്‌ടര്‍ ഫോണ്‍ എടുക്കുന്നില്ല. നിരവധി ദിവസങ്ങള്‍ വിളിച്ചു. എടുക്കുന്നില്ല. നിരന്തരം വിളിച്ചപ്പോള്‍ ഇന്നലെ (സെപ്‌തംബര്‍ 29) ഡോക്‌ടര്‍ ഫോണ്‍ എടുത്തു. പരിചയം പുതുക്കി നമ്പര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ``കുറച്ചു കഴിഞ്ഞു വിളിക്കൂ. നോക്കട്ടെ''
വൈകുന്നേരം വീണ്ടും വിളിച്ചു. ഡോക്‌ടര്‍ ഫോണ്‍ എടുത്തു. പ്രദീപ്‌ കൃഷ്‌ണന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ``ഞങ്ങള്‍ മീഡിയാ മാനേജരെ അറിയിച്ചിരുന്നു. അവര്‍ പ്രദീപ്‌ കൃഷ്‌ണയുമായി ബന്ധപ്പെട്ട ശേഷം അറിയിക്കാമെന്നു പറഞ്ഞു. പ്രദീപിന്റെ അനുവാദമില്ലാതെ ഞങ്ങള്‍ക്ക്‌ നമ്പര്‍ പുറത്തുകൊടുത്തുകൂടല്ലോ''
ശരിയാണ്‌. ഡോക്‌ടര്‍ മിനി പറഞ്ഞതില്‍ മര്യാദയുണ്ട്‌. മാന്യതയുണ്ട്‌. എല്ലാം ശരി തന്നെ. പക്ഷേ, സ്വന്തം ഫോട്ടോ വെച്ച്‌ പരസ്യം കൊടുക്കാന്‍ അനുമതി കൊടുത്ത ഒരാള്‍ ഫോണ്‍ നമ്പര്‍ പരസ്യമാക്കാന്‍ മടി കാണിക്കുമോ?
കാണിക്കും. ഈ കച്ചവടത്തില്‍ അങ്ങനെയാണ്‌. പരസ്യത്തില്‍ സ്വന്തം ഫോട്ടോ മാത്രമല്ല. അത്ഭുത മരുന്നുകാരണം ഗര്‍ഭിണിയായ ഭാര്യയുടേയും അങ്ങനെ ജനിച്ച കുഞ്ഞിന്റെയും പടം കാണിക്കാന്‍ ധൈര്യപ്പെട്ടവര്‍ പോലും കാര്യങ്ങള്‍ വിവരിച്ചുതരാന്‍ നേരെ ചൊവ്വേ മുന്നില്‍ വരണമെന്നില്ല.
ഉദാഹരണത്തിന്‌, ഭാര്യാസമേതം `മുസ്‌ലി പവര്‍ എക്‌സ്‌ട്രാ' പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ചെങ്ങയില്‍ പറമ്പില്‍ ഹംസയെ അനേ്വഷിച്ചു നോക്കാം. ഹംസ, ചെങ്ങയില്‍ പറമ്പ്‌, നോര്‍ത്ത്‌ ബേപ്പൂര്‍ എന്ന വിലാസമുണ്ടല്ലോ എന്നു കരുതി ഈ മേല്‍വിലാസവും തപ്പിയിറങ്ങിയാല്‍ ചുറ്റിപ്പോകുക തന്നെ ചെയ്യും.
ഇത്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രാ നല്‍കിയ മഹാസൗഭാഗ്യം എന്ന തലക്കെട്ടില്‍ വന്ന പരസ്യം ഇങ്ങനെയാണ്‌ ആരംഭിക്കുന്നത്‌; എന്റെ പേര്‌ ഹംസ. ഭാര്യയുടെ പേര്‌ നസീമ. പതിനഞ്ച്‌ വര്‍ഷമായി ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട്‌ 22 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കാനുള്ള ഭാഗ്യമുണ്ടായില്ല..... ഇങ്ങനെ പോകുന്ന അനുഭവസാക്ഷ്യം. മുസ്‌ലി പവര്‍ കഴിച്ചതിനാല്‍ കുട്ടിയുണ്ടായെന്നും വന്ധ്യതക്ക്‌ ഫലപ്രദമായ ഔഷധമാണ്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രാ എന്നും സാക്ഷ്യപ്പെടുത്തുന്നു. ഈ പരസ്യത്തില്‍ ഹംസയും ഭാര്യ നസീമയും കുഞ്ഞും നില്‍ക്കുന്ന ഫോട്ടോയും ഹംസ, ചെങ്ങയില്‍ പറമ്പ്‌, നോര്‍ത്ത്‌ ബേപ്പൂര്‍ എന്ന മേല്‍വിലാസവും ഉണ്ട്‌. രണ്ട്‌ മൊബൈല്‍ നമ്പറും കൊടുത്തിരുന്നു. പരസ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്രാ വിപണിയിലെത്തിക്കുന്ന കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എം ഡി. കെ സി അബ്രഹാമിനെ ഫോണില്‍ വിളിച്ചു. ഒന്‍പതാം തീയതി വൈകിട്ട്‌ 4.20ന്‌ അബ്രഹാമിനെ കൊച്ചിയിലെ കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഫീസില്‍ വെച്ച്‌ നേരില്‍ കാണുകയും ചെയ്‌തു. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വ്യക്തിയുടെ(ഹംസയുടെ) അനുഭവം സത്യമാണെന്നും ഹംസ ഇന്ന്‌ തന്നെ വിളിച്ചിരുന്നെന്നും ഹംസയെ ഇന്ന്‌ ഉച്ചവരെ രണ്ടായിരത്തോളം പേര്‍ വരെ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയെന്നും അബ്രഹാം പറഞ്ഞു. ഒന്നര ദിവസം കൊണ്ട്‌ ഹംസയെ രണ്ടായിരം പേര്‍ വിളിച്ചെന്ന അറിവ്‌ ഈ പരസ്യത്തെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന്‌ സെപ്‌തംബര്‍ 22ന്‌ വീണ്ടും ആ പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അന്ന്‌ ആ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഫോണെടുത്തത്‌ ഹംസയായിരുന്നു. പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ അയാള്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എം ഡി. കെ സി അബ്രഹാമിനെ പരിചയമുണ്ടോയെന്ന്‌ ചോദിച്ചപ്പോള്‍ ഇല്ലായെന്നായിരുന്നു ഹംസയുടെ മറുപടി. പരസ്യം വന്നതിന്‌ ശേഷം കുറച്ചുപേരേ വിളിച്ചിട്ടുള്ളൂവെന്നും ഹംസ പറഞ്ഞു.
അങ്ങനെ പരസ്യത്തില്‍ കണ്ട ഹംസയെ തേടിയിറങ്ങി. സെപ്‌തംബര്‍ 24ന്‌ കോഴിക്കോട്‌ സിറ്റിയില്‍ നിന്നും ബേപ്പൂര്‍ ബസില്‍ കയറി. ബേപ്പൂര്‍ ബസ്‌ സ്റ്റാന്‍ഡിലിറങ്ങി ഹംസ, ചെങ്ങയില്‍ പറമ്പ്‌, നോര്‍ത്ത്‌ ബേപ്പൂര്‍ എന്ന മേല്‍വിലാസക്കാരനെ കുറിച്ച്‌ പലരോടും ചോദിച്ചു. ഓട്ടോക്കാര്‍ക്ക്‌ പോലും ഈ ഹംസയെ അറിയില്ല.
വൈകിട്ട്‌ 3.41ന്‌ ഹംസയെ ഒന്നുകൂടി വിളിച്ചു. പത്രത്തില്‍ പരസ്യം കണ്ട്‌ വിളിച്ചതാണെന്ന്‌ ആവര്‍ത്തിച്ചു. വീടും അഡ്രസ്സും ചോദിച്ചു. നോര്‍ത്ത്‌ ബേപ്പൂരാണെന്ന്‌ മാത്രം പറഞ്ഞു. കൂടുതല്‍ പറയാന്‍ അയാള്‍ തയ്യാറായില്ല. പത്രത്തില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ വീട്‌ പെരച്ചനങ്ങാടിയിലാണെന്നുമാത്രം വ്യക്തമാക്കി. നേരില്‍ കാണാന്‍ പറ്റുമോയെന്ന്‌ ചോദ്യത്തിന്‌ എന്തിനാണെന്ന മറുചോദ്യം. ഇന്റര്‍വ്യൂ ചെയ്യാനാണെന്നു പറഞ്ഞതോടെ ``സോറി ഞാനിന്ന്‌ രാത്രി ഗള്‍ഫിലേക്ക്‌ തിരിക്കുന്നു'' എന്നായി ഹംസയുടെ മറുപടി. ഇപ്പോള്‍ വീട്ടില്‍ കാണാന്‍ പറ്റുമോയെന്ന്‌ ചോദിച്ചപ്പോള്‍ പറ്റില്ലെന്നും ഇപ്പോള്‍ ദൂരെ സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയാണെന്നും ഹംസ. പിന്നീടെപ്പോള്‍ കാണാമെന്നു ചോദിച്ചപ്പോള്‍ ഇന്ന്‌ രാത്രി ഗള്‍ഫില്‍ പോകുകയാണെന്നും ഇനി ഒരു വര്‍ഷം കഴിഞ്ഞ്‌ മാത്രമേ കാണാന്‍ പറ്റൂവെന്നും ഹംസ ഇടറിയ ശബ്‌ദത്തില്‍ പറഞ്ഞു. ഫോണ്‍ കട്ട്‌ ചെയ്‌തു.
എന്നിട്ടും തിരിച്ചുപോരാന്‍ തോന്നിയില്ല. പെരച്ചനങ്ങാടിയെവിടെയെന്നായി പിന്നീടുള്ള അന്വേഷണം. പെരച്ചനങ്ങാടി നടുവട്ടത്തിന്റെ പഴയ പേരാണെന്ന്‌ ഒരു ലോട്ടറി കച്ചവടക്കാരന്‍ പറഞ്ഞു. പെരച്ചനങ്ങാടിയിലെത്തി ഹംസയെ തിരക്കി. കച്ചവടക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും ചെങ്ങയില്‍ പറമ്പില്‍ ഹംസയെ അറിയില്ല. അവസാനം ബേപ്പൂര്‍ നോര്‍ത്ത്‌ തപാലാപ്പീസിലെത്തി. തപ്പാലാപ്പീസ്‌ പൂട്ടിയതിനാല്‍ പോസ്റ്റ്‌മാനെ തേടി അയാളുടെ വീട്ടിലേക്ക്‌. പക്ഷേ പോസ്റ്റ്‌ മാന്‍ വാരിജാക്ഷന്‌ ചേങ്ങയില്‍ പറമ്പ്‌ മാത്രമേ അറിയുള്ളൂ. അവിടെയുള്ള ഹംസയെ അറിയില്ലായിരുന്നു. ചേങ്ങയില്‍ പറമ്പിലേക്ക്‌ പോകുന്ന വഴി പോസ്റ്റ്‌മാന്‍ കൃത്യമായി പറഞ്ഞു തന്നു. (അടാട്ട്‌ അയ്യപ്പക്ഷേത്രം റോഡ്‌). പോസ്റ്റ്‌മാന്‍ പറഞ്ഞ വഴിയിലൂടെ വൈകിട്ട്‌ 4.40ന്‌ ചേങ്ങയില്‍ പറമ്പിലെത്തി. ഹംസയുടെ വീടും കണ്ടെത്തി. നസീമ മന്‍സില്‍.
മഞ്ഞ പെയിന്റടിച്ച ഇരുനില വീട്‌. വീട്ടില്‍ ഹംസയുടെ ഭാര്യയും കുഞ്ഞും ഉമ്മയും ഉണ്ടായിരുന്നു. കുഞ്ഞിനെയും ഭാര്യ നസീമയെയും പരിചയപ്പെട്ടു. ``ഹംസക്ക ഇവിടെയില്ല.രാത്രിയേ തിരിച്ചുവരൂ'' അവര്‍ പറഞ്ഞു. ഹംസ എപ്പോഴാണ്‌ പുറത്തേക്ക്‌ പോയതെന്ന്‌ ചോദിച്ചപ്പോള്‍ ഇപ്പോള്‍ പുറത്തേക്ക്‌ പോയതേയുള്ളൂവെന്ന്‌ ഉമ്മയുടെ മറുപടി.
പത്രത്തില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ ``നിങ്ങള്‍ നേരത്തെ വിളിച്ചിരുന്നോ?'' എന്നായി നസീമ. ഹംസക്ക ഇന്ന്‌ ചിലപ്പോള്‍ ഗള്‍ഫിലേക്ക്‌ പോകുമെന്ന്‌ മറുപടി തിരുത്തി. പരസ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന രീതിയില്‍ അവര്‍ തലകുലുക്കി. വിവാഹം കഴിഞ്ഞ വര്‍ഷത്തെ കുറിച്ച്‌ ചോദിച്ചപ്പോഴും നസീമയുടെ വയസ്സ്‌ ചോദിച്ചപ്പോഴും പ്രതികരിക്കാന്‍ തയ്യാറായില്ല. പരസ്യത്തില്‍ വന്ന ഫോട്ടോ ഡോക്‌ടറെ കാണാന്‍ പോയപ്പോള്‍ അവിടെ നിന്നെടുത്തതാണെന്നു മറുപടി നല്‍കി. ഇരുപത്തിരണ്ട്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌്‌ കുട്ടിയുണ്ടായതെന്ന അവകാശവാദം സത്യമാണെന്ന്‌ നസീമ ആവര്‍ത്തിച്ചു. പക്ഷേ നസീമയെ കണ്ടാല്‍ ഇരുപത്തിയറോ ഇരുപത്തിയേഴോ വയസ്സേ തോന്നുകയുള്ളൂ. അങ്ങനെയെങ്കില്‍ നസീമക്ക്‌ എത്ര വയസ്സുള്ളപ്പോഴാകും ഹംസ കല്യാണം കഴിച്ചിരിക്കുക?.
വയസ്സും പ്രായവുമൊന്നും ഈ ചികിത്സക്കൊരു പ്രശ്‌നമേ അല്ലെന്നു പറയുന്നു; വടകരയിലെ കടത്തനാട്ട്‌ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ഡോ. എം ടി മോഹന്‍ദാസ്‌. ഡോക്‌ടറെ തേടി ഒരു ദിവസം ഒരു 70കാരനെത്തി. വടകര സ്വദേശിയായ എഴുപതുകാരന്‍ വളരെ നിരാശയോടെ ആയുര്‍വേദ ഡോക്‌ടറെ സമീപിച്ചത്‌. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അപ്പൂപ്പന്‌. പരസ്യങ്ങളില്‍ കാണുന്ന നിരവധി മരുന്നുകള്‍ പ്രയോഗിച്ച്‌ മനസ്സ്‌ മടുത്തതിന്‌ ശേഷമാണ്‌ അപ്പൂപ്പന്‍ ഡോക്‌ടറുടെ അടുത്തെത്തിയത്‌. രോഗം കിടപ്പറയുമായി ബന്ധപ്പെട്ടതിനാല്‍ തന്നെ വളരെ ലജ്ജയോടെയായിരുന്നു വിവരണം. ലിംഗം ഉദ്ധരിക്കാത്തതും ഭാര്യയെ തൃപ്‌തിപ്പെടുത്താന്‍ കഴിയാത്തതുമായിരുന്നു അപ്പൂപ്പന്റെ പ്രശ്‌നം. രോഗത്തെക്കുറിച്ച്‌ അന്വേഷിച്ച കൂട്ടത്തില്‍ ഭാര്യയുടെ വയസ്സ്‌ ചോദിച്ചു. ഉത്തരം കേട്ട്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ഡോക്‌ടര്‍. കാരണം മറ്റൊന്നുമല്ല. എഴുപതുകാരനായ അപ്പൂപ്പന്റെ ഭാര്യയുടെ വയസ്സ്‌ ഇരുപത്തിയേഴ്‌!. അപ്പൂപ്പന്റെ രണ്ടാം കെട്ടായിരുന്നു. പിന്നെയെങ്ങനെ ചിരിക്കാതിരിക്കും ?.
കേള്‍ക്കുന്നവര്‍ക്ക്‌ ചിരി വരുമെന്നതിനാലാണ്‌ അധികം പേരും ചികിത്സ രഹസ്യമാക്കിവെക്കുന്നത്‌. അതിന്‌ ഏറ്റവും നല്ലത്‌ പരസ്യത്തില്‍ വായിച്ചറിഞ്ഞ്‌ രഹസ്യമായി മരുന്ന്‌ വാങ്ങുന്നതാണ്‌ എന്ന്‌ മലയാളി പഠിച്ചുകഴിഞ്ഞിരിക്കുന്നു. മലയാളിയുടെ ആ നാണം തന്നെയാണ്‌ ഇത്തരം കച്ചവടക്കാരുടെ ധൈര്യം.

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.

    അന്വേഷണാത്മക പത്രപ്രവര്‍ത്തനം? കൊള്ളാം. ഇങ്ങനെ ഇറങ്ങിത്തിരിച്ചാല്‍ എന്തൊക്കെ അറിയാന്‍ കിടക്കുന്നു...

    ReplyDelete