Monday, October 12, 2009
നാടന്‍ കുമ്പളങ്ങ ച്യവനമാണെങ്കില്‍ വാജീകരണവും ഫലം ചെയ്യും 2
ലൈംഗിക ശേഷിക്കുറവിന് താളിയോലകളില്‍ നിന്ന് കണ്ടെടുത്ത അപൂര്‍വ ഔഷധക്കൂട്ട്. എണ്‍പതുകാരനും ഇരുപതുകാരനാകാം. ഇരുപതുകാരന് പതിന്മടങ്ങ് ശക്തിയുള്ളവനാകാം- എന്ന വാചകത്തിന്റെ അകമ്പടിയോടെ രഹസ്യമരുന്ന് പരസ്യം ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പരിലേക്ക് ഒന്നു വിളിച്ചുനോക്കി. ഫോണ്‍ എടുത്തയാള്‍ ഡോക്‌ടര്‍ മഹ്‌മൂദ് എന്നു പരിചയപ്പെടുത്തി. പരസ്യത്തിന്റെ കാര്യം ചോദിച്ച് തീരുംമുമ്പ് അദ്ദേഹം ചികിത്സ നിശ്ചയിച്ചു.
``ഉള്ളിലേക്ക് കഴിക്കാന്‍ 20 ദിവസത്തേക്കുള്ള പൊടിയും പുറമെ പുരട്ടി ബന്ധപ്പെടാന്‍ രണ്ട് മാസത്തേക്കുള്ള എണ്ണയും 300 രൂപ. പോസ്റ്റല്‍ ചാര്‍ജ് വെറെ വരും''.
ഡോക്‌ടര്‍ ഏത് മെഡിക്കല്‍ കോളജിലാണ് പഠിച്ചിരുന്നത് എന്നും ഏത് താളിയോല ഗ്രന്ഥത്തില്‍ നിന്നാണ് മരുന്നിന്റെ രഹസ്യം കണ്ടുകിട്ടിയതെന്നും ചോദിച്ചപ്പോള്‍ ഡോക്‌ടര്‍ മഹ്‌മൂദ് പറഞ്ഞു.
``അത് ടെക്‌നിക്കല്‍ സ്റ്റാഫ് ഡോക്‌ടര്‍ മുരളീധരനോട് ചോദിക്കണം.''
``അദ്ദേഹത്തിന്റെ നമ്പര്‍ തരുമോ''
``അദ്ദേഹം ഇപ്പോള്‍ ഇവിടെ ഇല്ല. അമൃത മെഡിക്കല്‍ കോളജിലാ''
``ഡോക്‌ടര്‍ മുരളീധരന്‍ രണ്ടു സ്ഥലത്തും ജോലി ചെയ്യുന്നുണ്ടോ''
``അങ്ങനല്ല. ഇന്ന് ഒരാവശ്യത്തിന് പോയതാ'' ഇത്രയും പറഞ്ഞ് ഡോക്‌ടര്‍ മഹമൂദ് ഫോണ്‍ വെച്ചു. പത്രത്തില്‍ നിന്നാണെന്നും മരുന്നിനെക്കുറിച്ച് എഴുതാനാണെന്നും ഇതിനകം വെളിപ്പെടുത്തിയിരുന്നു. ഇനി എന്തുചെയ്യും എന്ന് ആലോചിച്ചുകൊണ്ടിരിക്കെ അദ്ദേഹം തിരിച്ച് വിളിക്കുന്നു.
``കെ ആര്‍ രാമന്‍ നമ്പൂതിരി എഴുതിയ താളിയോലയില്‍ നിന്ന് ഒരു ഭാഗം വായിച്ചുതരാം'' എന്ന ആമുഖത്തോടെ അദ്ദേഹം വായന ആരംഭിച്ചു.
`സ്‌ഖലന സ്‌തംഭന ചൂര്‍ണം' എന്ന അത്ഭുത മരുന്നിന്റെ കൂട്ടുകളാണ് വായിക്കുന്നത്. മുഗള്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതാണെന്നും `സമഗ്രവാജീബലം' എന്ന മരുന്ന് ഉണ്ടാക്കിയാല്‍ ആയിരം കുതിരക്കുള്ള ശക്തി കിട്ടുമെന്നും തുടര്‍ന്ന് വിശദീകരിച്ചു.
പക്ഷെ, ഡോക്‌ടര്‍ മഹമൂദിന് ഒരു സങ്കടം. മരുന്നിന് ആവശ്യത്തിനുള്ള റോ മെറ്റീരിയല്‍സ് ഇപ്പോള്‍ കിട്ടാനില്ല. `ചില റോ മെറ്റീരിയല്‍സ് കിട്ടാനേയില്ല.'
``അങ്ങനെയെങ്കില്‍ എങ്ങനെ മരുന്നുണ്ടാക്കും?''
~``ഒന്ന് രണ്ട് റോ മെറ്റീരിയല്‍സൊക്കെ കുറവാണെങ്കിലും നമ്മള്‍ ഉണ്ടാക്കും . ചികിത്സിക്കാതിരിക്കാന്‍ പറ്റില്ലല്ലോ?''
താന്‍ തന്റെ വാജീകരണ മരുന്ന് എന്ന് പരസ്യം ചെയ്യാറില്ലെന്നും തന്റെയടുത്ത് ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് മാത്രമേ കൊടുക്കാറുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ``ഇങ്ങോട്ട് തേടിവരുന്ന രോഗിക്ക് ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍ എന്തും കുത്തിക്കലക്കി ക്കൊടുക്കാം. കഞ്ചാവും കലക്കിക്കൊടുക്കാം''- ഡോക്‌ടര്‍ മഹമൂദ് വിശദീകരിച്ചു.
തൊട്ടൊന്ന് പുരട്ടിയാല്‍ പെട്ടെന്ന് ഫലം കിട്ടുന്ന മറ്റൊരു മരുന്ന് അദ്ദേഹം ഉത്‌പാദിപ്പിക്കുന്നുമുണ്ട്. അത് വില്‍ക്കാന്‍ പരസ്യം ചെയ്യാറുമുണ്ട്. എന്നാല്‍ ലൈംഗിക ചികിത്സക്ക് താന്‍ പരസ്യം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞുതന്നു.
``ഏതായാലും ശരി, അപൂര്‍വ ഔഷധക്കൂട്ട് കൊണ്ട് വീര്യം വര്‍ധിച്ച രണ്ടു പേരുടെ ഫോണ്‍ നമ്പരും വിലാസവും തരാമോ'' എന്ന് ചോദിച്ചപ്പോള്‍ ആ അത്ഭുത ചികിത്സകന്‍ ആ ബിസിനസ്സ് രഹസ്യം പുറത്തെടുത്തു.
``അതു ചോദിക്കരുത്. പൈല്‍സോ. വെരിക്കോസ് വെയിനോ മാറിയ ആയിരം പേരുടെ നമ്പര്‍ വേണമെങ്കില്‍ ഞാന്‍ തരാം. ഇതു ചോദിക്കരുത്.''
``അത്രയും രഹസ്യമാണോ?''
``അതുകൊണ്ടല്ല. മരുന്ന് എല്ലാവര്‍ക്കും ഫലിച്ചുകൊള്ളണമെന്നില്ല. നൂറില്‍ 98 ആള്‍ക്കും ചിലപ്പോള്‍ ഫലിച്ചിരിക്കില്ല. ഒന്നുകില്‍ ആള്‍ക്ക് ഷുഗര്‍ ഉണ്ടാകും. അപ്പോള്‍ മരുന്ന് ഫലിക്കില്ല. അല്ലെങ്കില്‍ ഭാര്യക്ക് താത്‌പര്യം കാണില്ല. അപ്പോള്‍ മരുന്ന് ഫലിക്കണമെന്നില്ല.'' - ഫോണ്‍ വെക്കുംമുമ്പ് അദ്ദേഹം ഇതുകൂടി വിശദീകരിച്ചു തന്നു. ``കച്ചവടക്കാരാണെങ്കില്‍ തലയില്‍ എപ്പോഴും കണക്കും പൈസയും മാത്രമായിരിക്കും. അങ്ങനെയുള്ളവര്‍ക്കൊന്നും ഫലിക്കില്ല.''
അതാണ് അത്ഭുത മരുന്നുകളുടെ അതിശയ ഫലസിദ്ധിയുടെ രഹസ്യം. രഹസ്യമായി ചികിത്സിച്ചതുകൊണ്ട് തുടര്‍ന്നുണ്ടാകുന്ന അമളികളും രോഗി രഹസ്യമായി വെക്കും.
ആയുര്‍വേദത്തിലെ അഷ്‌ടാംഗങ്ങളില്‍ ഒന്നാണ് വൃഷം അഥവാ വാജീകരണം, അവാജിയെ(വന്ധ്യത) വാജിയാക്കുന്ന ചികിത്സയാണ് വാജീകരണം. ഈ ചികിത്സക്ക് വിപണിയിലിറങ്ങുന്ന പല മരുന്നുകളും പ്രയോഗിച്ചതിന് ശേഷമാണ് പലരും ഡോക്‌ര്‍മാരെ സമീപിക്കുന്നതെന്ന് വടകരയിലെ കടത്തനാട്ട് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ഡോക്‌ടര്‍ എം ടി മോഹന്‍ദാസ് വ്യക്തമാക്കുന്നു.
വിപണിയില്‍ 30 രൂപ മാത്രം വിലയുള്ള ആയുര്‍വേദ മരുന്നുകള്‍, കമ്പനികളുടെ കുപ്പിയിലാകുമ്പോള്‍ വില അഞ്ഞൂറും ആയിരവുമാകുന്നുവെന്ന് ഡോ. മോഹന്‍ദാസ് പറയുന്നു. ``ആയുര്‍വേദ മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ല. ദോഷ- ദൂഷ്യ- ദേശകാല ബലം അനുസരിച്ചേ ആയൂര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ലിംഗോദ്ധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ശുക്ല വിസര്‍ജനം ഉണ്ടാകാതെ തടഞ്ഞു നിര്‍ത്തി ലൈംഗിക ബന്ധത്തിന്റെ സമയം നീട്ടുന്നത് അപകടമാണ്. ഇത് ലൈംഗിക ശക്തി വര്‍ധിപ്പിക്കുമെന്നത് തെറ്റായ ധാരണയാണ്. വിട്ടുമാറാത്ത നടുവേദനയായിരിക്കും ഫലം''.- ഡോക്‌ടര്‍ പറഞ്ഞു.
ദാമ്പത്യ വിരക്തി, ലൈംഗിക വിരസത, ശാരീരിക വിരസത, ശീഘ്ര സഖ്‌ലനം, ഉദ്ധാരണ കുറവ് എന്നിവ പരിഹരിക്കല്‍, ലൈംഗിക സമയം ദീര്‍ഘിപ്പിക്കല്‍, വന്ധ്യത എന്നിവക്കുള്ള ഒറ്റമൂലിയെന്ന നിലയിലാണ് ആയൂര്‍വേദ മരുന്നുകള്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ ഇത് വെറും തട്ടിപ്പാണെന്നാണ് ഡ്രഗ് ഇന്‍സ്‌പെക്‌ടറായിരുന്ന കോഴിക്കോട്ട ഡോ. പി ടി രാമചന്ദ്രന്റെ അഭിപ്രായം. ``ആയുര്‍വേദ മരുന്നുകള്‍ രസായന വാജീകരണ വിധി പ്രകാരം മാത്രമേ നല്‍കാന്‍ പാടൂള്ളൂ. ജന്മനായുള്ള വന്ധ്യത ആയൂര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കല്‍ പ്രയാസകരമാണ് ''- ഡോക്‌ടര്‍ പറയുന്നു.
ഒരേ സമയം ഔഷധഗുണവും വിഷ വീര്യവും പ്രകടിപ്പിക്കുന്ന ഔഷധങ്ങളുണ്ട്. ഉദാഹരണമായി ഉമ്മം, നീലക്കൊടുവേലി, നീര്‍വാളം, ചേര്‍ക്കുരു തുടങ്ങിയവ. ഇവ അധിവിഷാംശങ്ങളുള്ള സസ്യങ്ങളാണ്. വേണ്ട രീതിയില്‍ ഇവ ശുദ്ധീകരിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകുമെന്നാണ് ആയൂര്‍വേദ ഡോക്‌ടര്‍മാര്‍ പറയുന്നത്. ഇത്തരം ചേരുവകള്‍ അടങ്ങിയിരിക്കുന്നതാണ് വിപണിയിലിറങ്ങുന്ന മിക്ക വാജീകരണ ആയൂര്‍വേദ മരുന്നുകളും.
മുസ്‌ലി പവര്‍ എക്‌സ്‌ട്രാ, പവര്‍ മാള്‍ട്ട്, ധാത്രി വിറ്റ, ആക്ഷന്‍ പ്ലസ്, പുനര്‍ജനി, കുമാരികല്‍പ്പം, രാജശ്രീ കദളി ടോണ്‍, മദനകാമേശ്വരി, ആക്ഷന്‍ 100 പ്ലസ്, ത്രില്ലര്‍ തുടങ്ങിവയവയാണ് ഇവയില്‍ പ്രധാനം. കാശിരാജതൈലത്തിന്റെ നിര്‍മാതാവ് വാജീകരണത്തിന് പ്രത്യേക മരുന്ന് തയ്യാറാക്കുന്നുണ്ട്. മുസ്‌ലി പവര്‍ എക്‌സ്‌ട്രാ ആണ് ഇപ്പോള്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന വാജീകരണ ഉത്‌പന്നം.
സഫേദ് മുസ്‌ലി, നായിക്കുരുണ പരിപ്പ്, നെല്ലിക്ക, മുരിങ്ങാക്കുരു, അമക്കുരം, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി, ജാതിപത്രി, ശിലാജിത്ത് എന്നീ ഒമ്പത് ചേരുവകള്‍ മുസ്‌ലി പവറില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം ഡി. കെ സി അബ്രഹാം പറയുന്നത്. ജനറല്‍ ഹെല്‍ത്തിനും ഇന്‍ഫേര്‍ട്ടിലിറ്റിക്കും ഇംപൊട്ടന്‍സിക്കും പ്രാധാന്യം നല്‍കിയാണ് ഇവ നിര്‍മിച്ചിരിക്കുന്നതെന്നാണ് അബ്രഹാം പറയുന്നത്. മോഡേണ്‍ ആയുര്‍വേദ വിധിപ്രകാരമാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും അബ്രഹാം സമര്‍ഥിക്കുന്നു. മുപ്പത് ഔണ്‍സിന് 750 രൂപയാണ് മുസ്‌ലി പവര്‍ എക്‌സ്‌ട്രായുടെ വില. തുടര്‍ച്ചയായി നാല്‍പ്പത്തിയഞ്ച് ദിവസം കഴിച്ചാല്‍ വാജീകരണം സാധ്യമാകുമെന്നാണ് അവകാശവാദങ്ങളില്‍ പ്രധാനം.
കഴിഞ്ഞ വര്‍ഷം 15 കോടി രൂപയായിരുന്നു മുസ്‌ലി പവറിന്റെ വിറ്റുവരവ്. രാജ്യത്താകെ ഇരുപത് ജില്ലകളിലാണ് മുസ്‌ലിയുടെ വിപണനം നടക്കുന്നത്. എന്നാല്‍ പ്രധാന വിപണി കേരളമാണ്. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നുവെന്ന് കമ്പനി തന്നെ പറയുന്നു. പക്ഷേ ഈ ചേരുവയില്‍ പറഞ്ഞിരിക്കുന്ന സഫേദ് മുസ്‌ലിയും നെല്ലിക്കയും അമുക്കുരവുമൊന്നും ഇത്രയുമധികം ഇന്ത്യയില്‍ കൃഷി ചെയ്യുന്നില്ല.
ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ പോലും കണ്ടുപിടിക്കാന്‍ ഇന്ന് വേണ്ടത്ര സംവിധാനങ്ങളില്ല. ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാണ.് ഇത്തരം ഔഷധങ്ങളില്‍ ഉത്തേജക വസ്‌തുക്കള്‍ ചേര്‍ക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഏഷ്യയിലെ മുഴുവന്‍ നെല്ലിക്ക ഉപയോഗിച്ചാലും മരുന്ന് കമ്പനിക്കാര്‍ പറയുന്ന അളവില്‍ നെല്ലിക്ക ഔഷധത്തില്‍ ചേര്‍ക്കാന്‍ കഴിയുമോയെന്നാണ് നേരത്തെ ഡ്രഗ് കണ്‍ട്രോളറായിരുന്ന കെ ദിലീപ് കുമാര്‍ ചോദിക്കുന്നത്. ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ റവന്യൂ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ദിലീപ്. ച്യവനപ്രാശങ്ങളിലെ പ്രധാന ചേരുവ നാടന്‍ കുമ്പളങ്ങ മാത്രമാണെന്നും അദ്ദേഹം പറയുന്നു. ച്യവനം കൊണ്ടാണ് ച്യവനപ്രാശം ഉണ്ടാക്കുന്നത് എന്നാണ് വെപ്പ്. ച്യവനം എന്നാല്‍ നെല്ലിക്ക!.
പുറത്തിറങ്ങുന്ന മിക്ക വാജീകരണ മരുന്നുകളിലും ഓപ്പിയം (കറുപ്പ് എന്ന മയക്ക് മരുന്ന്) ചേര്‍ക്കുന്നുണ്ടെന്നും ഫാറൂഖ് കോളജ് പ്രൊഫസറും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍ പി ഹാഫിസ് മുഹമ്മദ് പറയുന്നു. `ഓപ്പിയം താത്‌കാലികമായ അല്ലെങ്കില്‍ വ്യാജമായ ഉണര്‍ച്ചയുണ്ടാക്കുന്നു. ഇവയുടെ അമിതമായ ഉപയോഗം പിന്നീട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആയൂര്‍വേദത്തിലെ വ്യാജീകരണ കഥ ഇതാണെങ്കില്‍ അലോപ്പതിയിലോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment