Thursday, December 10, 2009


കാതുകളില്‍ ഇപ്പോഴും മാണിക്കത്തിന്റെ നിലവിളി...

ചിതലരിച്ച വഴികളിലൂടെ നേര്‌ തേടിയുള്ള യാത്ര. വഴിയിലെങ്ങും സാക്ഷികള്‍ ഉപേക്ഷിച്ചുപോയ മണ്‍മറയാത്ത മൊഴികള്‍, മാണിക്യത്തിന്റെ കളിയും ചിരിയും ഹൃദയം പിളര്‍ക്കുന്ന നിലവിളിയും. ഒടുക്കം മാണിക്യത്തിന്റെ കൊലപാതകി ഒരു കറുത്ത ശബ്‌ദമായ്‌ മറഞ്ഞുപോകുന്നു- പാലേരി മാണിക്യത്തെ ഇങ്ങനെ വായിക്കാം.
പാലേരി മാണിക്യത്തിലൂടെ രജ്ഞിത്‌ ഇത്തവണ കൈയ്യൊപ്പ്‌ ചാര്‍ത്തിയിരിക്കുന്നത്‌ അഭ്രപാളിയില്‍ മാത്രമല്ല; പ്രക്ഷേകന്റെ ഹൃദയത്തില്‍ കൂടിയാണ്‌. പാലേരി മാണിക്യവും ചീരുവും പൊക്കനും മുരിക്കുംകണ്ടി അഹമ്മദ്‌ ഹാജിയും വീണ്ടും സംസാരിച്ചു. പക്ഷേ സത്യം മാത്രം ആരും പറഞ്ഞില്ല. ആ വഴിയില്‍ രജ്ഞിത്‌ കഥയുടെ മര്‍മം തന്റെ കൈപ്പിടിയില്‍ ഒളിപ്പിച്ചുവെച്ചു. ഒടുവില്‍ പ്രതീക്ഷിക്കാതെ അയാള്‍... അയാളിലേക്കുള്ള ദൂരം സ്വതസിദ്ധമായ ശൈലിയില്‍ രജ്ഞിത്‌ അഭ്രപാളിയില്‍ വരച്ചിട്ടപ്പോള്‍ തെളിഞ്ഞത്‌ ഒരു കാലത്തിന്റെ ശേഷിപ്പുകളാകുന്നു. അതൊരിക്കലും ഏച്ചുകെട്ടലിന്റെയോ അതിഭാവുകത്വത്തിന്റെയോ അകമ്പടിയോടെയായിരുന്നില്ല. തീര്‍ത്തും യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നു നിന്ന്‌ പാലേരി മാണിക്യത്തിന്റെ കൊലപാതകിയെ ഹരിദാസ്‌ പ്രേക്ഷകന്റെ മുന്നിലേക്കിടുന്നു. പിന്നീട്‌ ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിയിലേക്ക്‌ നായകന്റെ കാല്‍പെരുമാറ്റം.
അരനൂറ്റാണ്ട്‌ മുന്‍പ്‌ നടന്ന സംഭവം ഇന്നലെയാരോ പറഞ്ഞു തന്നതുപോലെ തോന്നിപ്പിക്കുന്നതാണ്‌ ചിത്രത്തിന്റെ ആഖ്യാന ശൈലി. അന്‍പതുകളിലെ ഉള്‍നാടന്‍ ഗ്രാമവും അങ്ങാടിയും എല്ലാം കാഴ്‌ചക്കാരനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്യുന്നു. കഥ പറിച്ചിലില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങളെ, പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നില്ലേയെന്ന്‌ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ആരെയും കുത്തിനോവിപ്പിക്കാനല്ലെന്നു തോന്നുന്നു. കോഴിക്കോട്‌ ജില്ലയിലെ പാലേരിയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌ ആ കഥ അറിയാവുന്നവര്‍. അവരില്‍ പലരും ഇപ്പോഴും ഓര്‍ക്കാറുണ്ട്‌ മാണിക്യത്തെ. അവരിപ്പോഴും ചോദിക്കാറുണ്ട്‌ ആരാണ്‌ മാണിക്യത്തെ കൊന്നത്‌?. മാണിക്യത്തിന്റെ ഘാതകന്‍ എല്ലാം തേച്ചുമാച്ച്‌ കളഞ്ഞപ്പോഴും പാലേരിക്കാരുടെ മനസ്സില്‍ മാണിക്യത്തിന്റെ കളിയും ചിരിയും ബാക്കി നിന്നു. പച്ചപ്പായില്‍ കെട്ടിയ അവളുടെ ജീവസ്സറ്റ ശരീരം ഇന്നും അവരില്‍ പലരുടെയും കണ്ണുകളില്‍ തെളിയാറുണ്ട്‌. അതൊരിക്കലും ആര്‍ക്കും തേച്ചുമാച്ചു കളയാന്‍ കഴിയില്ലെന്ന്‌ ഇന്നലെകള്‍ വിളിച്ചുപഞ്ഞുകെണ്ടിരിക്കുന്നു.
മാണിക്യത്തിന്റെ കുടുംബക്കാര്‍ നീതിപീഠങ്ങളില്‍ നിരവധി തവണ മുട്ടിവിളിച്ചെങ്കിലും സത്യത്തെ അകറ്റിനിര്‍ത്താനുള്ള ശ്രമം വിജയിച്ചു. അന്ന്‌ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നവരും സാക്ഷികളായവരും മണ്‍മറഞ്ഞു. കാലം വിതച്ചിട്ട ഓര്‍മതുടിപ്പുകളില്‍ അവരുടെയെല്ലാം പുതു തലമുറ കൊല്ലത്തില്‍ ഒരിക്കലെങ്കിലും മാണിക്യത്തിന്റെ പേര്‌ പറയാറുണ്ട്‌.`` കുട്ട്യേ അനക്ക്‌ പത്തിരുപത്‌ വയസ്സായി, വെറുതെ മാണിക്കത്തെ പോലാകണ്ട. നോക്കീം കണ്ടും നടന്നോ''. ഈ വാക്കുകള്‍ അവരില്‍ പലരും പെണ്‍കുട്ടികളോട്‌ പറയാറുമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ രജ്ഞിത്തിന്റെ മാണിക്യം ഇന്നലെയെ ഓര്‍മപ്പെടുത്തുന്നു. ചരിത്രത്തെ വെല്ലുവിളിക്കുന്നു. നീതിപീഠത്തെ ചോദ്യം ചെയ്യുന്നു. വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉപ്പും മുളകും ചേര്‍ക്കാതെ പച്ചയോടെ നിരത്തിവെക്കുന്നു. `` ന്റെ മാണിക്കത്തിനെ ആരാ കൊന്നേ'' എന്ന പോക്കന്റെ ചോദ്യം തറക്കുന്നത്‌ നീതിപീഠത്തിന്റെ നെഞ്ചത്താണ്‌. മാണിക്യത്തിന്റെ നിലവിളി നീതിപാലകരുടെ കാതുകളില്‍ അട്ടഹാസമാകുന്നു.
നാടകത്തെയും സിനിമയെയും കൂട്ടിയോജിപ്പിക്കാനുള്ള ഒരു ശ്രമവും രജ്ഞിത്‌ നടത്തുന്നുണ്ട്‌. മുപ്പതോളം നാടക നടീനടന്മാരാണ്‌ മമ്മൂട്ടിക്കൊപ്പം തകര്‍ത്ത്‌ അഭിനയിച്ചത്‌. പൊക്കന്റെയും കുഞ്ഞിക്കണ്ണന്റെയും വേഷങ്ങള്‍ കൈകാര്യം ചെയ്‌തവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ മികച്ച വേഷങ്ങളില്‍ ഒന്നായാണ്‌ മുരിക്കും കുന്നത്‌ അഹമ്മദ്‌ ഹാജി ഇരുപ്പുറപ്പിക്കുന്നത്‌. ആഖ്യാന ശൈലിയിലെ പുതുമയും പശ്ചാത്തല സംഗീതവും ചിത്രത്തെ മികവുറ്റതാക്കുന്നു. അങ്ങനെ പാലേരി മാണിക്യം മലയാള സിനിമയിലെ മാണിക്യമാകുന്നു.

Monday, December 7, 2009


നീലത്താമര കാലം തെറ്റി വിരിഞ്ഞതല്ല!

നീലത്താമരയെ വീണ്ടും വിരിയിച്ച എം ടിക്കും ലാല്‍ജോസിനും നന്ദി. ആ മഹത്തായ സൃഷ്‌ടിയെ ദുഷ്‌ടലാക്കോടെ നോക്കി കാണുന്ന മലയാളി ബുജികളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ എന്താണ്‌? അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്റെ സിനിമയില്‍ പഴയ കാലത്തെ ഒരു കിലോമീറ്റര്‍ വേഗതയില്‍ പകര്‍ത്തിവെക്കുമ്പോള്‍ അതിനെ വാനോളം പുകഴ്‌ത്തുകയും അവാര്‍ഡ്‌ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ശ്രമം ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്‌ തന്നെയാണ്‌.
നീലത്താമര ഒരിക്കലും കാലം തെറ്റി വിരിഞ്ഞതല്ല. ഈ കാലഘട്ടത്തിന്‌ അന്യം നില്‍ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയും പ്രണയത്തിന്റെ നൈര്‍മല്യവും പകര്‍ന്നുകൊടുക്കുകയാണ്‌ അത്‌ ചെയ്യുന്നത്‌. ആ കാലഘട്ടത്തെ പുതിയ തലമുറക്ക്‌ മുന്നില്‍ തുറന്നുകാട്ടുകയാണ്‌ ചെയ്യുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ അച്ഛനും അമ്മയും ജീവിച്ച കാലഘട്ടത്തെ വരച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌. നല്ല സിനിമ എന്ന അര്‍ഥത്തില്‍ അതിനെ സമീപിക്കാന്‍ ആരും തയ്യാറാകുന്നില്ലായെന്ന്‌ ആ സിനിമ റിലീസ്‌ ചെയ്‌തതിന്‌ ശേഷം ചില ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും കണ്ട വില കുറഞ്ഞ നിരൂപണങ്ങള്‍ വെളിപ്പെടുത്തുന്നു. നീലത്താമര വിരിയും മുന്‍പ്‌ മുന്‍വിധിയോടെ തയ്യാറാക്കിയ നിരൂപണങ്ങള്‍ എന്ന തരത്തില്‍ അവയെ മാറ്റി നിര്‍ത്താം.
ആരും കൊതിച്ചു പോകും, ആ നാലുകെട്ടും ഇടവഴിയും അമ്പലക്കുളവും. പുതിയ തലമുറക്ക്‌ ആ വഴിയിലൂടെ ഒരു പുതിയ യാത്രയാണ്‌ സാധ്യമാകുന്നത്‌. ചില ഓര്‍മപ്പെടുത്തലുകള്‍, നെറ്റിയില്‍ പെരങ്ങിയ സിന്ദൂരത്തെറ്റുകള്‍- നായര്‍ തറവാടുകളില്‍ നടമാടിയിരുന്ന `അടുക്കള പ്രേമ'ത്തിന്റെ പച്ചയായ ആവിഷ്‌ക്കാരം. പ്രണയം അവിടെ അടിച്ചുതളിക്കാരിക്ക്‌ വിശുദ്ധമാണ്‌. തറവാട്ടില്‍ ജനിച്ച യുവാവിന്‌ വെറും ശാരീരികമായ വിഴുപ്പിറക്കലാണ്‌. പ്രണയത്തിന്റെ അസ്ഥിത്വം നഷ്‌ടപ്പെട്ടു തുടങ്ങിയ ആ കാലഘട്ടത്തെയും ഇന്നിനെയും ചേര്‍ത്തുവായിക്കാവുന്നതാണ്‌. വെറും ശാരീരികമായ വിഴുപ്പിറക്കലായിരിക്കുന്നു ഇന്ന്‌ ആണിനും പെണ്ണിനും പ്രണയം. ഇങ്ങനെ വായിച്ചാല്‍ നീലത്താമര ഒരു ഓര്‍മപ്പെടുത്തലാണ്‌ കുഞ്ഞിമാളുവിന്റെ വിശുദ്ധമായ പ്രണയത്തിന്റെ ഓര്‍മപ്പെടുത്തല്‍. അത്‌ ഇടവഴിയിലൂടെയുള്ള ഒരു തിരിച്ചുപോക്ക്‌ കൂടി സാധ്യമാക്കുന്നു. ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ ഹരിദാസനിലെത്താം; വീണ്ടും യാത്ര തുടര്‍ന്നാല്‍ ഇന്നലെകളിലൂടെ ഇന്നിലേക്ക്‌ ഒരു മടക്കയാത്രയും സാധ്യമാണ്‌.
ഇന്നും ഇവിടെ നീലത്താമര വിറിയാറുണ്ട്‌. പക്ഷേ എല്ലാം ``നീല''യില്‍ കാണുന്ന അല്ലെങ്കില്‍ ``നീലനിറം'' പടര്‍ന്ന അന്തരീക്ഷത്തില്‍ അവയെ ആരും കാണുന്നില്ല എന്നതാണ്‌ വസ്‌തുത. തീര്‍ച്ചയായും ഈ നീലത്താമരയും പഴയ നീലത്താമരയും ഒരേ കുളത്തില്‍ വിരിഞ്ഞവയാണ്‌. ആ കുളം നമ്മുടെയെല്ലാം മനസ്സാണെന്ന വസ്‌തുത നമുക്ക്‌ മറക്കാതിരിക്കാം.

Friday, December 4, 2009


``ജീവിക്കാനുള്ള തീ
അവരിലുണ്ട്‌ '
'

തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്‌തി മാത്രം. നിറഞ്ഞ മനസ്സോടു കൂടിയാണ്‌ ഞാന്‍ കനവിന്റെ പടിയിറങ്ങിയത്‌. ഇപ്പോഴും അവരെന്റെ മക്കളാണ്‌. ഞാനെന്താണോ ചെയ്‌തത്‌ അതു തന്നെയാണെന്റെ സ്വപ്‌നം. കനവില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മക്കളെയാണ്‌ ഞാന്‍ അതിന്റെ നടത്തിപ്പ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. ആ തീരുമാനം പെട്ടെന്ന്‌ കൈക്കൊണ്ടതല്ല. കനവിന്റെ തുടക്കത്തില്‍ തന്നെ ഉറപ്പിച്ചതായിരുന്നു. ഇനി അവരാണ്‌ നോക്കി നടത്തേണ്ടത്‌. കനവിന്റെ മക്കള്‍. ഇപ്പോഴവിടെ പ്രയാസങ്ങളുണ്ടാകാം. നേരത്തെയും ഇത്തരം നിരവധി പ്രതിസന്ധികളെ കനവ്‌ അതിജീവിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ജീവിക്കാനുള്ള തീ അവരില്‍ തന്നെയുണ്ട്‌. ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നവര്‍, ആയുര്‍വേദ ചികിത്സകര്‍, ചിത്രകാരന്മാര്‍, നാല്‍പതോളം ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഹൃദ്യസ്ഥമാക്കിയ ഗായകര്‍, പച്ചമണ്ണില്‍ പൊന്നുവിളയിക്കാന്‍ അറിയുന്നവര്‍. അങ്ങനെയാണ്‌ അവരെ വളര്‍ത്തിയത്‌. വഴി അവര്‍ കണ്ടെത്തണം. കൂട്ടായ്‌മയുടെ ശക്തി തിരിച്ചറിഞ്ഞ്‌ മുന്നോട്ടു പോകണം.
സ്‌കൂളുകള്‍ വിട്ടുപോന്നവരാണ്‌ അവരിലേറെയും. നാലിലോ അഞ്ചിലോ പഠനം നിര്‍ത്തിയവര്‍. സ്‌കൂളിലെ അന്തരീക്ഷവുമായി അവര്‍ക്ക്‌ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. തങ്ങള്‍ വരേണ്യരുടെ മുന്നിലെ കൗതുകവസ്‌തുക്കളോ അവസാന പന്തിക്കാരോ ആണെന്ന ബോധമായിരുന്നു അവര്‍ക്ക്‌. പക്ഷേ ആരും പ്രതികരിച്ചില്ല. അവരുമായാണ്‌ കനവ്‌ ആരംഭിച്ചത്‌. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകന്നുനിന്ന പണിയര്‍, നായ്‌ക്കര്‍, മുള്ളുകുറുമര്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ ഒന്നിച്ചു നിര്‍ത്തുക, പുറംശക്തികള്‍ അവരുടെ ആചാര അനുഷ്‌ഠാനങ്ങളെ, പൈതൃകത്തെ, കൈയ്യടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ ശബ്‌ദം അവരില്‍ നിന്നു തന്നെ ഉയരുക ഇതായിരുന്നു കനവ്‌ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്‌.
കനവിന്റെ മക്കളില്‍ മൂത്തവര്‍ക്ക്‌ ഇരുപത്തിയഞ്ചോളം വയസ്സായി. ഇനി അവര്‍ക്കെന്തു കൊണ്ട്‌ അവഗണിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന അവരുടെ ഗോത്രങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുത്തുകൂടാ? മുതിര്‍ന്ന മക്കള്‍ ഒരാള്‍ വീതം ഒരു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്താല്‍ കനവ്‌ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കും. ഞാന്‍ ചെയ്‌തത്‌ ഒരു ഘട്ടം മാത്രം. അന്ന്‌ കനവ്‌ പൂര്‍ണമായിരുന്നുവെന്ന്‌ വ്യാഖ്യാനിക്കരുത്‌. ഇനിയും നിരവധി ഘട്ടങ്ങളുണ്ട്‌. അത്‌ ഇനിയും അനവധി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്‌. ഞാന്‍ ഒരു നിമിത്തം മാത്രം.
ഞാനിന്നും ഇവിടെ തന്നെയുണ്ട്‌. അവരില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ ദൂരെ, നടവയലില്‍. അവിടെ വീട്ടിലിരുന്ന്‌ അവരെ ഞാന്‍ കാണുന്നു. പക്ഷേ അവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. അത്‌ ശരിയല്ല. അവര്‍ക്ക്‌ വഴിയൊരുക്കി കൊടുത്തു. വഴിയില്‍ പാതിയോളം വഴികാട്ടിയുമായി. ഇനി അവര്‍ ~ഒറ്റക്ക്‌ മുന്നേറണം. അല്ലെങ്കിലും ഏത്‌ രക്ഷിതാവിനാണ്‌ പ്രായപൂര്‍ത്തിയായ മക്കളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കാന്‍ കഴിയുക? ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും അറിയാവുന്നവരാണവരിലധികവും, തെക്ക്‌ കന്യാകുമാരി മുതല്‍ വടക്ക്‌ ഹിമാലയം വരെ യാത്ര ചെയ്യുന്നവര്‍. ആ അനുഭവം മാത്രം മതി അവര്‍ക്ക്‌ വെളിച്ചമേകാന്‍. അനുഭവങ്ങളിലൂടെയാണവര്‍ പഠിക്കുന്നത്‌. ഞാന്‍ എന്റെ അനുഭവങ്ങള്‍ അവര്‍ക്ക്‌ നല്‍കി. ഇനി ആ വിളക്ക്‌ അവര്‍ വരുന്ന തലമുറക്ക്‌ കൈമാറണം.
കനവില്‍ ജീവിക്കുന്നത്‌ വ്യത്യസ്‌തമായ ആദിവാസി ഗോത്രങ്ങളില്‍ ജനിച്ചവരാണ്‌. സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ്‌ അവിടെ നടക്കുന്നത്‌. അവരുടെ ജീവിത പങ്കാളിയെ അവര്‍ക്ക്‌ തന്നെ തിരഞ്ഞെടുക്കുന്നതിന്‌ തടസ്സമില്ല. നേരത്തെ ഇത്തരത്തിലുള്ള നിരവധി വിവാഹങ്ങള്‍ ഞാന്‍ തന്നെ നടത്തികൊടുത്തിട്ടുണ്ട്‌. ഇനി വേണമെങ്കില്‍ അണുകുടുംബ വ്യവസ്ഥയില്‍ വീട്‌ വെച്ചുകഴിയാം. പക്ഷേ ആ സ്ഥലം കൈമാറ്റം ചെയ്യാന്‍ കഴിയില്ല. കാരണം കനവ്‌ ഇനിയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. കനവിലെ മക്കള്‍ക്ക്‌ അതിന്‌ കഴിയും എന്നുതന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവരിപ്പോള്‍ മിടുക്കരാണ്‌. ഏതു പ്രതിസന്ധിയെയും അവര്‍ മറികടക്കും. എന്റെ മനസ്സ്‌ എന്നും അവര്‍ക്കൊപ്പമുണ്ടാകും. പുറത്തുനിന്നുള്ള ഏതു ഉപദേശവും നല്‍കാന്‍ ഞാന്‍ തയ്യാറുമാണ്‌. പക്ഷേ കനവിലേക്കുള്ള സ്ഥായിയായ ഒരു മടക്കം ഇപ്പോള്‍ സാധ്യമല്ല.

ഒരു കനവിന്റെ രണ്ടാം കാലം

കാപ്പി തോട്ടത്തിലൂടെയുള്ള ചെമ്മണ്‍പാത ചെന്നെത്തുന്നത്‌ ഒരു പച്ച മനുഷ്യന്റെ സ്വപ്‌ന ഭൂമിയിലാണ്‌. മണ്ണിന്റെ മക്കളുടെ ഗുരുകുലാശ്രമം. 1993ല്‍ എഴുത്തുകാരനും മനുഷ്യ സ്‌നേഹിയുമായ കെ ജെ ബേബിയുടെ സ്വപ്‌ന സാക്ഷാത്‌കാരമായി പിറവിയെടുത്ത കനവ്‌. സ്വന്തം പാട്ടിലും പൈതൃകത്തിലും നിന്ന്‌ ഊര്‍ജം ആവാഹിച്ച, അടിമകളല്ലാത്ത മണ്ണിന്റെ മക്കളുടെ ഒരു സ്വതന്ത്ര ലോകം!
വീണ്ടും കനവിലെത്തുമ്പോള്‍ കനവിന്‌ ചേരാത്ത മേല്‍ക്കുപ്പായമായി കുറ്റിക്കാടുകളും, മഴമേഘങ്ങള്‍ പെയ്‌തിറങ്ങിയ കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍ പാതയും. വസന്തം എവിടെയോ പോയ്‌ മറഞ്ഞിരിക്കുന്നു. ശരിയാണ്‌ ഈ സമാന്തര വിദ്യാഭ്യാസ വിപ്ലവം തുടങ്ങി വെച്ച, കനവിന്റെ ആത്മാവായ ബേബി മാമന്‍ ഇന്ന്‌ ഇവിടെയില്ല. ഈ ഗുരുകുല വിദ്യാലയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇവിടെ പഠിച്ചുവളര്‍ന്ന മുതിര്‍ന്ന മക്കളെ ഏല്‍പ്പിച്ച്‌ മാമന്‍ ഇവിടെ നിന്നും പടിയിറങ്ങി.
കനവിന്റെ മുറ്റത്തെത്തുമ്പോള്‍ ടേപ്പ്‌ റിക്കോര്‍ഡറില്‍ നിന്നും ഒരു മധുര ഗാനം അലയടിക്കുന്നുണ്ടായിരുന്നു;
``മഴയും കുളിരും വന്നു
പുതപ്പിനായി കരഞ്ഞു
വിറകും തീയും തന്നു..
തുപ്പാക്കാലം വന്നു
കാടു കയറി ഞങ്ങള്‍
തേനു കൊടുത്തു മാമന്‍
കള്ളുകുടിച്ചു വന്നൂ..''
മുറ്റത്തിരുന്ന്‌ കളിക്കുന്ന കുട്ടികള്‍ പാട്ടിനൊത്ത്‌ താളം ചവിട്ടുന്നു. പുറത്തൊരാള്‍ വന്നതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ പാട്ടിന്റെ താളത്തില്‍ നൃത്തം ചവിട്ടുകയാണ്‌. പക്ഷേ അവരെ സൂക്ഷ്‌മമായി നോക്കിയപ്പോള്‍ എന്തോ ഒരു വല്ലായ്‌മ തോന്നി
മുറ്റത്ത്‌ കളിക്കുന്ന അശ്വതി, വിഷ്‌ണു, ശിവന്‍, വിനീഷ്‌ എന്നിവരുടെ കാലിലും കൈയ്യിലും ചൊറി പിടിച്ച്‌ വ്രണമായിരിക്കുന്നു. ചോരയും ചലവും ഒലിച്ചിറങ്ങുന്നു. എന്നിട്ടും അവര്‍ പാട്ടിനൊത്ത്‌ അറിയാതെ ചുവടുവെക്കുന്നു. ഇവര്‍ കനവിലെ കുട്ടികളാണ്‌. അസുഖമായതിനാല്‍ കുറച്ച്‌ ദിവസങ്ങളായി സ്‌കൂളില്‍ പോയിട്ടില്ല.
വിറക്‌ വെട്ടുകയായിരുന്ന ആലപ്പുഴകാരനായ സുനില്‍ അടുത്തേക്ക്‌ വന്നു. ഞങ്ങളെ സ്‌നേഹത്തോടെ ലൈബ്രറിയിലേക്ക്‌ ക്ഷണിച്ചു. വഴി മുഴുവന്‍ വൃത്തി ഹീനമായി കിടക്കുന്നതായി തോന്നി. ലൈബ്രറിക്ക്‌ മുന്നില്‍ ഒരു താമരക്കുളം. പക്ഷേ അതില്‍ അഴുക്കുകള്‍ നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്കുകളും പേപ്പറുകളും കുപ്പികളും പൊങ്ങി കിടക്കുന്നു. പാതികൂമ്പിയ ആമ്പലുകള്‍ ഉറക്കം തൂങ്ങുന്നതുപോലെ. കുളത്തിന്റെ തീരത്ത്‌ കുഞ്ഞിനെ പ്രാണരക്ഷാര്‍ഥം മാറോട്‌ ചേര്‍ത്ത്‌ പിടിച്ച ഒരു അമ്മയുടെ ശില്‍പ്പം ഉണ്ട്‌. വിദൂരതയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന ഒരമ്മ.
``അത്‌ ബേബി മാമന്റെ സുഹൃത്ത്‌ ഉണ്ടാക്കിയതാ. പേര്‌ ഞാനോര്‍ക്കുന്നില്ല.''- സുനില്‍ പറഞ്ഞു.
ലൈബ്രറിയുടെ വരാന്തയില്‍ ഞങ്ങളെയും പ്രതീക്ഷിച്ച്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ട്രസ്റ്റി ഇരുപത്തിനാലുകാരനായ സന്തോഷ്‌. പതിമൂന്ന്‌ വയസ്സുള്ളപ്പോഴാണ്‌ സന്തോഷ്‌ കനവിലെത്തിയത്‌. വീട്‌ നടവയിലെ നെയ്‌ക്കുപ്പയില്‍. അവനും ചിപ്രനും പേപ്പറുകള്‍ വെട്ടുകയായിരുന്നു. അടുത്ത വര്‍ഷത്തെക്കുള്ള കലണ്ടര്‍ തയ്യാറാക്കുകയായിരുന്നു അവര്‍. ``ചിപ്രന്‍ മനോഹരമായി ചിത്രം വരക്കും. ബംഗളൂരുവില്‍ പോയി ചിത്രകല അഭ്യസിച്ചിട്ടുണ്ട്‌. ബേബി മാമന്റെ സുഹൃത്ത്‌ സി എഫ്‌ ജോണാണ്‌ ഗുരു. 2010ലേക്കുള്ള കനവിന്റെ കലണ്ടറില്‍ ചിത്രം വരക്കുന്നത്‌ ചിപ്രനാണ്‌. ഇവന്‌ കുറെ സമ്മാനങ്ങള്‌ കിട്ടിയിട്ടുണ്ട്‌''- സന്തോഷ്‌ പറഞ്ഞു. ചിപ്രന്‍ താന്‍ തയ്യാറാക്കിയ മനോഹരമായ കലണ്ടറുകള്‍ ഞങ്ങളെ കാണിച്ചു. ``മുഴുവന്‍ പ്രിന്റിംഗും കഴിഞ്ഞിട്ടില്ല. ബാക്കി പ്രസ്സിലാ ഉള്ളത്‌''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. സന്തോഷടക്കമുള്ള മുഴുവന്‍ മൂത്ത മക്കളും നാലാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. എന്നാല്‍ ഇംഗ്ലീഷ്‌ എഴുതാനും വായിക്കാനും അറിയാം. ഇത്‌ ഏറെയും സ്വാഭാവികമായി ഹൃദ്യസ്ഥമാക്കിയതാണ്‌.
ബേബി മാമന്‍ കനവ്‌ വിട്ടുപോയതിന്‌ ശേഷം സാമ്പത്തികം വലിയ പ്രശ്‌നമാകുന്നുണ്ടെന്ന്‌ സന്തോഷ്‌ പറഞ്ഞു. കനവിന്റെ ആറേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന നെല്ല്‌, തെങ്ങ്‌, കവുങ്ങ്‌, കപ്പ, പച്ചക്കറി എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനമാനത്തിലൂടെയാണ്‌ കാര്യമായും ഇപ്പോള്‍ ചെലവ്‌ നടത്തിക്കൊണ്ടു പോകുന്നത്‌. കൂടാതെ അഞ്ചു പശുക്കളും ആറ്‌ കോഴികളും ഒരു ആടും. മാസംപ്രതി മൂവായിരം രൂപ ഭക്ഷണ ചെലവ്‌ വരും. പരിപാടികള്‍ നേരത്തെയുണ്ടായിരുന്നതു പോലെ ഇപ്പോള്‍ ഇല്ല. വല്ലപ്പോഴും കിട്ടുന്ന പരിപാടികള്‍. അതില്‍ പലതും കേരളത്തിന്‌ പുറത്താണ്‌ നടക്കുന്നത്‌.
ബേബി മാമനെക്കുറിച്ച്‌ പറയുമ്പോള്‍ മക്കള്‍ക്ക്‌ നൂറു നാക്കാണ്‌. അപ്പോള്‍ അവരുടെ കണ്ണുകളില്‍ വാത്സല്യവും സ്‌നേഹവും ഊറി വരുന്നു.
``ബേബി മാമനുള്ളപ്പോള്‍ സുഖമായിരുന്നു. ഇവിടെ ധാരാളം പേര്‍ വരുമായിരുന്നു. ധാരാളം പരിപാടികള്‍ കിട്ടുമായിരുന്നു. ബേബി മാമന്‍ തിരിച്ചുവരണം. ഞങ്ങളുടെ കൂടെ ബേബി മാമന്‍ വേണം''- ഇരുപത്തിനാലുകാരിയായ മിനി പറയുന്നു. മിനിയുടെ വീട്‌ നടവയലിനടുത്ത്‌ നെയ്‌ക്കുപ്പയിലാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമാണ്‌ വീട്ടില്‍ പോകുന്നത്‌. കുട്ടികള്‍ക്ക്‌ പാട്ടും ഡാന്‍സും പഠിപ്പിക്കുന്നു. കല്യാണം, വീട്‌, കുടുംബം എന്നിവയൊന്നും മിനിയുടെ മനസ്സില്‍ ഇപ്പോഴില്ല.
``ബേബി മാമനോട്‌ ഞങ്ങള്‍ക്ക്‌ പിണക്കമൊന്നുമില്ല. ഞങ്ങള്‍ വലുതാകുമ്പോള്‍ കനവിനെ ഞങ്ങളെ ഏല്‍പ്പിച്ച്‌ പോകുകയെന്നതായിരുന്നു മാമന്റെ സ്വപ്‌നം. അത്‌ ഒരു വര്‍ഷം മുന്‍പ്‌ പ്രാവര്‍ത്തികമാക്കി മാമന്‍ പോയി. പക്ഷേ ഇപ്പോഴും വിളിക്കാറുണ്ട.്‌ കാര്യങ്ങള്‍ തിരക്കാറുണ്ട്‌''- മാനേജിംഗ്‌ ട്രസ്റ്റി സന്തോഷ്‌ പറഞ്ഞു.
കനവിന്റെ സമീപ പ്രദേശങ്ങളിലുള്ള പണിയ, നായ്‌ക്ക, മുള്ളുകുറുമ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്‌ ഇവിടെ പഠിക്കാനെത്തുന്നത്‌. ബേബി മാമന്‍ പോയതിനു ശേഷം പുതിയ കുട്ടികളുടെ വരവ്‌ കുറവാണ്‌. പുതിയവരെ സ്‌കൂളില്‍ വിട്ട്‌ പഠിപ്പിക്കുന്നു. ഇപ്പോള്‍ ആകെ മുപ്പത്‌ പേരാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണവും താമസവും സൗജന്യമാണ്‌ . ആഴ്‌ചകളില്‍ കുട്ടികള്‍ക്ക്‌ വീട്ടില്‍ പോകാം. വിളവെടുപ്പ്‌ കാലമാകുമ്പോള്‍ അവരുടെ മാതാപിതാക്കളും സഹായിക്കാനെത്തും.
കനവിലെ പഠനം തികച്ചും വ്യത്യസ്‌തമാണ്‌. അധ്യാപകനില്ലാത്ത ഗുരുകുലമാണിത്‌. അനുഭവം തന്നെ ഗുരു. ഓരോ ദിവസവും ഗ്രൂപ്പ്‌ വര്‍ക്കായി കാര്യങ്ങള്‍ നടക്കുന്നു. ഒരു ഗ്രൂപ്പ്‌ പാചകത്തില്‍ മുഴുകുമ്പോള്‍ മറ്റൊരു ഗ്രൂപ്പ്‌ കൃഷി ചെയ്യുകയോ കന്നുകാലി വളര്‍ത്തുകയോ ആകും. ചെറുതിലേ കുട്ടികളുടെ താത്‌പര്യം തൊട്ടറിഞ്ഞ്‌ അവരവരുടെ ഇടങ്ങളിലെത്തിക്കുക എന്നതായിരുന്നു ബേബിയുടെ ആശയം. ഈ ആശയം പ്രാവര്‍ത്തികമായതിന്‌ ഉദാഹരണമാണ്‌ ചിപ്രനിലെ ചിത്രകാരനും സന്തോഷിലെ ശില്‍പ്പിയും സജിയിലെ ഫിലിം എഡിറ്ററും. കുറേപ്പേര്‍ ഇപ്പോള്‍ ബംഗളൂരുവിലും തിരുവനന്തപുരത്തെ കല്ലാറിലുമായി ആയൂര്‍വേദം അഭ്യസിക്കുന്നു. ചിലര്‍ തമിഴ്‌നാട്ടില്‍ ശില്‍പ്പകല അഭ്യസിക്കുന്നു. ഇപ്പോള്‍ സാമ്പത്തികം വലിയ പ്രശ്‌നമായതു കൊണ്ട്‌ ആരെയും ഉപരി പഠനത്തിന്‌ അയക്കുന്നില്ലെന്ന്‌ സന്തോഷ്‌ പറഞ്ഞു. എന്നാല്‍ ബേബി മാമന്‍ ഉയര്‍ത്തിപ്പിടിച്ച ആശയും ആശയവും നെഞ്ചോടമര്‍ത്തിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സന്തോഷ്‌ പറയുന്നു. കനവിലെ വിശാലമായ ലൈബ്രറി ഹാള്‍. ആയിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ ഇവിടെ തരംതിരിച്ച്‌ വെച്ചിരിക്കുന്നു. പക്ഷേ അതില്‍ പലതും വാരിവലിച്ചിട്ട നിലയിലാണുള്ളത്‌. ബേബി മാമന്‍ പോയപ്പോള്‍ കനവിന്‌ നഷ്‌ടപ്പെട്ടത്‌ അടുക്കും ചിട്ടയുമാണെന്ന്‌ ചിപ്രന്‍ സമ്മതിക്കുകയും ചെയ്യുന്നു.
``ഞങ്ങളില്‍ ഭൂരിഭാഗവും സമപ്രായക്കാരാണ്‌. ആരും തെറ്റു ചെയ്യാറില്ല. പക്ഷേ നിയന്ത്രിക്കാന്‍ ആരെങ്കിലുമൊക്കെ വേണം. സമപ്രായക്കാരായതിനാല്‍... എന്തോ ഒന്നും ശരിയാകുന്നില്ല''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ പറഞ്ഞത്‌ ശരിയാണ്‌. ഇപ്പോഴത്തെ കനവ്‌ നേരത്തെയുള്ളതിന്റെ നിഴലെന്നേ പറയാന്‍ പറ്റൂ. വൃത്തിഹീനമായ അന്തരീക്ഷം. അയലിലും ജാലക കമ്പിയിലും അലസമായിക്കിടക്കുന്ന ഉടുവസ്‌ത്രങ്ങള്‍. പുസ്‌തകങ്ങള്‍. മാറാല തൂങ്ങിയ മേല്‍ക്കൂരകള്‍, നരക്കാന്‍ ബാക്കിയില്ലാത്ത ചുമരുകള്‍. എങ്കിലും നാളെയെക്കുറിച്ച്‌ ഈ മക്കള്‍ക്ക്‌ കനവുകളുണ്ട്‌.
1975കളില്‍ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ ബേബി ആദിവാസികളുടെ ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നത്‌. നടവയലിലെ ബേബിയുടെ വീട്ടില്‍ നാടുഗദ്ദിക നാടകം റിഹേഴ്‌സല്‍ നടക്കുമ്പോള്‍ കാണാന്‍ വന്നിരുന്ന ആദിവാസികളെ അഭിനയിപ്പിച്ചും അവരുടെ മക്കള്‍ക്ക്‌ പാട്ടുപാടിക്കൊടുത്തും ചുറ്റുപാടുകളെ ക്കുറിച്ച്‌ പറഞ്ഞുകൊടുത്തുമാണ്‌ ബേബി കനവിന്റെ പ്രഥമ രൂപം തുടങ്ങുന്നത്‌. 1993ല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്‌താര്‍ എന്ന സംഘടനയുടെ ചീങ്ങോട്ടുള്ള ആറേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട്‌ ആ ഭൂമി സ്വന്തമായി വാങ്ങി. കനവില്‍ എട്ടു വര്‍ഷക്കാലത്തിന്‌ മുകളില്‍ താമസിച്ചു പഠിച്ചിരുന്ന ഇരുപത്‌ മക്കളുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി, ഭൂമി അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തു. അനുഭവം ഗുരു എന്ന ആശയത്തില്‍ ഗുരുകുല വിദ്യാഭ്യാസ രീതിയിലുള്ള ചിട്ടവട്ടങ്ങളില്‍ ആരംഭിച്ച കനവില്‍ അന്ന്‌ 38 കുട്ടികളായിരുന്നു. കൂട്ടായി ബേബിയുടെ ഭാര്യ ഷെര്‍ളി ടീച്ചറും. അവരുടെ മക്കളായ ശാന്തിയും ഗീഥിയും കനവിലെ മക്കള്‍ക്കൊപ്പം തന്നെ കഴിഞ്ഞു. പിന്നീടുള്ള നാള്‍വഴികളില്‍ പരിഷ്‌കാരം ചവിട്ടിമെതിച്ച കാടിന്റെ മക്കളുടെ ഭാഷയും കലയും ആചാരങ്ങളും ജൈവികമായി തളിര്‍ക്കുന്ന കാഴ്‌ചയായിരുന്നു കനവിന്റെ ക്യാന്‍വാസിലൂടെ തെളിഞ്ഞത്‌. അത്‌ ചരിത്രം. ഇന്ന്‌ കാര്യങ്ങളെല്ലാം വ്യത്യസ്‌തമാണ്‌. ഏതോ ഒരു വിഷാദം കനവിനെ ബാധിക്കുന്നുവോ എന്നു തോന്നും.
സന്തോഷ്‌ എന്നെയും കൂട്ടി ലൈബ്രറി ഹാളിലേക്ക്‌ കയറി. തറയില്‍ ഒരു രണ്ടു വയസ്സുകാരന്‍ ഉറങ്ങുന്നു. സത്‌ലജ്‌. ഇവനാണ്‌ കനവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഇവനെ കനവിന്റെ `സ്വന്തം പുത്രന്‍' എന്നുവിളിക്കാം. ഇവന്റെ അച്ഛന്‍ സന്തോഷും അമ്മ ലീലയും ഇവിടെ പഠിച്ച്‌ വളര്‍ന്നവരാണ്‌. പ്രണയമായിരുന്നു. ഇരു വീട്ടുകാരും എത്തിര്‍ത്തില്ല. രണ്ടര വര്‍ഷം മുന്‍പ്‌ ആചാര പ്രകാരം സന്തോഷ്‌ ലീലയുടെ കഴുത്തില്‍ മിന്നുകെട്ടി. സന്തോഷ്‌ ഇപ്പോള്‍ മാനേജിംഗ്‌ ട്രസ്റ്റിയാണ്‌.

Wednesday, November 11, 2009


നമുക്കിടയില്‍ പറയാതെ പോകുന്നത്‌

നമുക്കിടയില്‍ പറയാതെ പോകുന്നതൊന്നുണ്ട്‌
ഒരു കടല്‍, ആകാശം.
എന്‍ മൊഴികള്‍ക്ക്‌ നീ കാതോര്‍ത്തിരിക്കുമ്പോഴും
നിന്‍ മഴനൂല്‍ കനവുകള്‍ ഞാനറിയുമ്പൊഴും
നമുക്കിടയിലുണ്ടൊരു സൂര്യന്‍,
ചില നേരങ്ങളില്‍ നാമറിയുന്നണ്ടതിന്‍ ചൂടൂം വെട്ടവും
എന്നിട്ടും നാം പറയാതെ ബാക്കിവെക്കുന്നതൊന്നുണ്ട്‌.

ഒരു പാഴ്‌ഭൂമിയായ്‌ നീയെരിഞ്ഞ
നേരങ്ങളിലെന്‍ കാതില്‍ പതിഞ്ഞ നിന്‍
കൊലുസിന്റെ ഗദ്‌ഗദം...
ഒടുവിലാ നിശാഗന്ധി ചുവട്ടിലായ്‌
ഞാന്‍ നിന്നെയറിഞ്ഞനാള്‍തൊട്ടു
നാം പറയാതെ പോകുന്നതൊന്നുണ്ട്‌.
നീയറിയാതെ ഞാന്‍ നിന്നെയറിഞ്ഞപ്പൊഴും
മൊഴിയാതെ നീ എന്നിലേക്കടുത്തപ്പൊഴും
അരുതെന്നു ചൊന്നില്ല നീ;
നിനച്ചതുമില്ല ഞാന്‍.

നിന്റെ രാത്രികള്‍ കണ്ണുനീര്‍
തുളുമ്പുവതെന്തിന്‌ ?
പകല്‍ കിനാവില്‍ തെളിയുന്ന ഇരുളിനെ
ഭയക്കുവതെന്തിന്‌ ?
മുക്കുയെന്‍ ഹൃദയരക്തത്തില്‍
നിന്റെയാ കഞ്ചന തൂലിക
പൊഴിയാതിരിക്കട്ടെ ശേഷിക്കുമാ
നിശാഗന്ധിമൊട്ടുകള്‍.

പകല്‍ പെയ്‌തിറങ്ങുമ്പൊഴും
ചാരമാവുമ്പൊഴും
എന്നിലണയാതെ നില്‍ക്കുന്നു
നീയാം കനലുകള്‍.
നിനക്ക്‌ പറയുവാനുള്ളതാ മിഴിസാഗരത്തിലുണ്ട്‌
എനിയ്‌ക്ക്‌ പറയാനുള്ളതീ മുഷ്‌ടിതന്‍ തുമ്പിലും
അതിനാല്‍ പറയാതെ പറയുന്നു നാം
പറയുവാനുള്ളത്‌.

Monday, November 9, 2009


ആദിപാപം

ആദിപാപം നിന്നില്‍ തുടങ്ങി
നിന്നിലൂടെന്നിലൂടെ പിച്ചവെച്ചിന്ന്‌
നിന്നെയും തേടി യാത്ര തുടരുന്നു...!

Monday, November 2, 2009


+2 സി ക്ലാസിലേക്ക്‌ നോക്കൂ. എ ബി സി പബ്ലിക്കേഷന്‍സിന്റെ മാത്‌്‌സിന്റെ വിശുദ്ധ ഗ്രന്ഥവുമായി സീറോ ബാബു കടന്നുവരുന്നു. ലിമിറ്റ്‌ ടെന്‍സ്‌ ടു സീറോ. ഇപ്പോള്‍ അടുത്ത പറമ്പില്‍ മേയാന്‍ വിട്ട പശു കരഞ്ഞുകൊണ്ടേയിരിക്കുന്നു. പശുവിനെന്ത്‌്‌ ലിമിറ്റ്‌ ടെന്‍സ്‌ ടു സീറോ. പുല്ലുള്ള ഏതു പറമ്പിന്റെ വേലിയും അതു തകര്‍ക്കും. ഈ മാഷ്‌ക്കിണ്ടോ അതു മനസിലായിക്ക്‌്‌.

സുവോളജി ലാബില്‍ വട്ടമിട്ടുപറക്കുന്ന കൂറകളുടെ ആത്മാക്കള്‍ക്ക്‌ ഇടയിലിരുന്ന്‌ ചത്തുവീര്‍ത്ത തവളയെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഷീജ ടീച്ചര്‍. ബോട്ടണി ലാബ്‌ തുറന്നു കിടപ്പാണ്‌. അവിടെ ആ ഇരുണ്ട മൂലയിലിരുന്ന്‌ ആബിദ ടീച്ചറും അജിത്‌ മാഷും വാഗ്വാദത്തിലാണ്‌. കൊഴിഞ്ഞു വീഴുന്ന ഇലകളുടെ ഗുരുതാക്വാര്‍ഷണ ബലമാണ്‌ വിഷയം. സംശയാലുക്കളായ ചില പിള്ളേര്‌ അവിടേക്ക്‌ ഒളിഞ്ഞുനോക്കുന്നുണ്ട്‌.

കെമിസ്‌ട്രി ലാബില്‍ അട്ടപ്പാടി സാര്‍ ചന്ദ്രനിലെ ജലം എച്ച്‌ 2 ഒ തന്നെയാണോയെന്ന്‌ പരിശോധിക്കുന്നു. അടുത്തിരിക്കുന്ന ബ്യൂഗറില്‍ നിന്ന്‌ എ വൈറ്റ്‌ പ്രെസിപിറ്റേറ്റ്‌ ഈസ്‌ ഫോമ്‌ഡ്‌. അട്ടപ്പാടി ഞെട്ടിത്തിരിഞ്ഞ്‌ ബ്യൂഗറിനടുത്തേക്ക്‌....

ഹിന്ദി ക്ലാസില്‍ കബീര്‍ കാ ദോഹ ഹിന്ദുസ്ഥാനി ക്ലാസിക്കില്‍ റീന ടീ്‌ച്ചറുടെ സ്വരം. പക്ഷേ അവിടെ സംഗതി പോര. കബീര്‍ കാ ദോഹയാണോ? കബീര്‍ കി ദോഹയാണോയെന്ന്‌ തര്‍ക്കം നടത്തുന്ന ആസ്ഥാന മഹാകവി ഹൃദ്യയെയും ബബ്‌്‌ലൂവിനെയും കാണാം. പുറകിലെത്തെ ബഞ്ചില്‍ നിന്നു ഏതോ ഒരുമ്പെട്ട ഹിന്ദി ശിഷ്യന്‍ റീന ടീ്‌ച്ചറെ ലക്ഷ്യമിട്ട്‌ പറത്തിയ ഏറോ പ്ലെയിന്‍ മുന്നില്‍ ഇരുന്ന്‌ ഉറക്കം തൂങ്ങുന്ന രോഷ്‌ണി വല്യമ്മയുടെ തലയില്‍ ലാന്‍ഡ്‌ ചെയ്യുന്നു... ക്ലാസില്‍ പൊട്ടിച്ചിരി.....

മലയാളം വാദ്യാരുടെയും രമണി ടീ്‌ച്ചറുടെയും പിന്നാലെയാണ്‌ പി ജിയുടെ ലോകം. മലയാള കവിതയില്‍ പ്രണയത്തിന്റെ ഉപ്പുണ്ടെന്നാണ്‌ പാവം ജിജീഷ്‌ പി ജിയുടെ വാദം. പാവം ലിജിന വല്യമ്മയും ഉറുദുവെടുത്ത സഫീറും സംസ്‌്‌കൃതമെടുത്ത സി ആര്‍ പി ഷിബിലും കേള്‍ക്കേണ്ട.

വിശാലമായ ഗ്രൗണ്ടിന്റെ അങ്ങേതലക്കലുള്ള ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന്‌ പട്ടം പറത്തുന്ന (ദ കൈറ്റ്‌്‌ മേക്കര്‍)ആംഗ്രേസി ടീ്‌ച്ചര്‍ നിസാര്‍ മാസ്റ്റര്‍. എന്നാല്‍ മാഷ്‌്‌ പറത്തുന്നത്‌ പട്ടമല്ല. അതൊരു രാഷ്ട്രീയ പാര്‍്‌ട്ടിയുടെ കൊടിയാണെന്നാണ്‌ അങ്ങ്‌ ദൂരെ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന സഖാവ്‌ നക്കീരനും ലീഡര്‍ നിജീഷും പറയുന്നത്‌. അവിടെ ആകാശത്തെ കൊമറ്റുകളെ പറ്റി സംസാരിക്കുന്ന സതി ടീച്ചറെയും കാണാം. പണ്ട്‌്‌ പണ്ട്‌ വളരെ പണ്ട്‌്‌ അങ്ങേതോ ആകാശഗംഗയില്‍ നിന്ന്‌ വന്നു വീണ കൊമ്മറ്റിന്റെ കഷ്‌ണം കൊണ്ടാണത്രെ ഭൂമിയില്‍ നിന്ന്‌ ദിനോസറുകള്‍ കാലം ചെയ്‌തതെന്നാണ്‌ ടീ്‌ച്ചറുടെ വാദം. ഈശ്വരാ.. എന്തെല്ലാം സഹിക്കണം ഒന്നു പഠിക്കാന്‍......

വീണ്ടും ക്ലാസ്‌്‌ റൂമിലേക്ക്‌ ലീഡര്‍ പാട്ട രാജീവന്‍ പാട്ടയുമെടുത്ത്‌ രംഗത്തുണ്ട്‌. ബോര്‍ഡ്‌ മയക്കാന്‍ മഷി വേണമെന്നതാണ്‌ പാട്ട രാജീവന്റെ ആവശ്യം. അതാ അവിടേക്ക്‌ നോക്കൂ ആ മെയ്‌്‌ഫ്‌ളവറിന്റെ ചുവട്ടിലെ പൂമെത്തയില്‍ നിന്ന്‌്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്ന രണ്ടു യുവമിഥുനങ്ങള്‍. സുന്ദരിയും നരീക്കനും. ക്ലിക്ക്‌. സുന്ദരിയുടെ ചിരിയി്‌ല്‍ ആയിരം ചില്ലറകള്‍ വീണു കിലുങ്ങുന്നു. അയ്യേ കഷ്ടം ഫ്രെയ്‌മില്‍ ചില്ലറയും. ചില്ലറ അവിടെ ബസിന്‌ കൊടുക്കാനുള്ള പണം തരപ്പെടുത്തുന്നുണ്ട്‌്‌. അളിയന്റെ മുഖത്ത്‌ ഒരു ജവാന്റെ ചിരി...

ഇതാ ഇങ്ങോട്ടോന്ന്‌്‌ നോക്യേ..,
ഗ്രൗണ്ടില്‍ മധ്യ്‌ത്തിലൂടെ ഉച്ചവെയിലിന്റെ ഉച്ചസ്ഥായിയില്‍ പാവം രേഷ്‌്‌മയെയും കൂട്ടി ജംഗിള്‍ നിരീക്ഷണം നടത്തുന്ന മൗഗ്ലി. അപ്പുറത്തെ ക്ലാസില്‍ നിന്ന്‌ (+2 എ, ബി, കൊമേഴ്‌സ്‌) മൗഗ്ലിയെ ശല്യം ചെയ്യുന്ന ചില വാനരപ്പടയെയും കാണാം. ദേഷ്യപെട്ടാല്‍ മൗഗ്ലി ചരല്‍ വാരിയെറിയുമെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാം.... അതുകൊണ്ട്‌ തന്നെ അവരെല്ലാം കുടയുടെ മറവിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌.

പക്ഷേ ഒരാളെ കൂടി കാണാനുണ്ടല്ലോ. ഹയര്‍ സെ്‌ക്കന്‍ഡറിയുടെ സ്വന്ത്‌ം ലേഖകന്‍. വി്‌ദ്യാര്‍ഥിശബ്ദം പത്രത്തിന്റെ മുഖ്യപത്രാധിപന്‍. കിറുക്കന്‍, അരക്കവി സോണി മുക്കാല്‍ കവി. അയാളിപ്പോള്‍ എവിടെയോണാവോ? കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. 9633049191
സ്‌നേഹമോടെ
മിഥുന്‍കൃഷ്‌ണ

Thursday, October 15, 2009


നവരസങ്ങളുടെ നെയ്‌ത്തുകാരന്‍
മലയാള സിനിമയുടെ ഏക്കാലത്തെയും മികച്ച പത്ത്‌ നടന്മാരെ എടുത്താല്‍ അതില്‍ തീര്‍ച്ചയായും മുരളിയുണ്ടാവും. അഭിനയശാസ്‌ത്രത്തിന്റെ മര്‍മമറിയാവുന്ന ചുരുക്കം നടന്മാരില്‍ പ്രധാനി. നാടകത്തില്‍ തുടങ്ങി സിനിമയിലൂടെ പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്ന മുരളി സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചു.
സി എന്‍ ശ്രീകണ്‌ഠന്‍ നായരുടെ നാടകങ്ങളിലൂടെയാണ്‌ ഗൗരവതരമായ അഭിനയത്തിലേക്ക്‌ മുരളി പ്രവേശിക്കുന്നത്‌. ലങ്കാലക്ഷ്‌മി, കലി തുടങ്ങിയ നാടകങ്ങളില്‍ വേഷം ചെയ്‌തു. ആര്‍ നരേന്ദ്രപ്രസാദ്‌, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങി നാടക രംഗത്ത്‌ പരീക്ഷണങ്ങളുമായി രംഗത്തെത്തിയവര്‍ക്കൊപ്പമെല്ലാം സഹകരിച്ചിരുന്നു.
1986ല്‍ ഗോപി സംവിധാനം ചെയ്‌ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ്‌ മുരളി സിനിമാ ലോകത്തെത്തുന്നത്‌. പക്ഷേ ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന്‌ അരവിന്ദന്റെ ചിദംബരത്തില്‍ മികച്ച വേഷം ചെയ്‌തു. പിന്നീട്‌ ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനിലും ഹരിഹരന്റെ പഞ്ചാഗ്നിയിലും ശ്രദ്ധേയമായ പ്രതിനായക വേഷം ചെയ്‌തു. ഈ രണ്ടു കഥാപാത്രങ്ങളും മുരളിയുടെ അഭിനയ ജീവിതം പുതിയൊരു വഴിത്താരയിലെത്തിച്ചു.
പ്രേക്ഷകര്‍ ഭയപ്പെടുന്ന, വെറുക്കുന്ന പ്രതിനായക വേഷങ്ങള്‍ക്ക്‌ മുരളി സ്വതസിദ്ധമായ ശൈലിയില്‍ ജീവന്‍ പകര്‍ന്നു. പഞ്ചാഗ്നിയാണ്‌ മുരളിയുടെ നടന വൈഭവം വെളിപ്പെടുത്തിയ ചിത്രം. ഭരതന്‍ സംവിധാനം ചെയ്‌ത അമരത്തിലെ വേഷമാണ്‌ വില്ലന്‍ വേഷങ്ങളില്‍ നിന്ന്‌ മുരളിക്ക്‌ മോചനം നല്‍കിയത്‌. ആദ്യത്തെ സംസ്ഥാന നടനുള്ള അവാര്‍ഡും ഈ വേഷം സമ്മാനിച്ചു - മികച്ച സഹടന്‍. പിന്നീട്‌ ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ആധാരത്തില്‍ നായകതുലമായ വേഷം. ഇതിന്‌ മികച്ച നടനുള്ള സംസ്ഥാന അവര്‍ഡ്‌. ഇതോടെ കരുത്തേറിയ പരുക്കന്‍ നായകനെന്ന പരിവേഷം മുരളിക്ക്‌ ലഭിച്ചു. ജോര്‍ജ്‌ കിത്തു സംവിധാനം ചെയ്‌ത ആര്‍ദ്രത്തിലാണ്‌ ആദ്യമായി മുഴുനീള നായകനായത്‌. അവിടുന്നങ്ങോട്ട്‌ മുരളിയെന്ന നടനെ പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന കാഴ്‌ചക്കാണ്‌ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്‌.
ജീവിതത്തോട്‌ വളരെ ചേര്‍ന്ന്‌ നില്‍ക്കുന്ന, ഏതു പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടുന്ന കഥാപാത്രങ്ങളാണ്‌ മുരളിയെ തേടിയെത്തിയതില്‍ ഏറെയും. അമരത്തിലെയും ആധാരത്തിലെയും ചമ്പക്കുളം തച്ചനിലെയും പ്രായിക്കര പാപ്പാനിലെയും കാണാക്കിനാവിലെയും മുരളിയുടെ അഭിനയം മലയാളി മറക്കില്ല. രാഷ്‌ട്രീയ നേതാവിന്റെയും തന്റേടിയായ നായകന്റെയും കുതന്ത്രങ്ങള്‍ മെനയുന്ന പ്രതിനായകന്റെയും വേഷപ്പകര്‍ച്ചകള്‍ ആ മുഖത്ത്‌ മിന്നിമറഞ്ഞു. ആകാശ ദൂത്‌, നീ എത്ര ധന്യ, ധനം, വെങ്കലം, കിരീടം, ദി കിംഗ്‌, കിലുക്കം, അപ്പു, ഏയ്‌ ഓട്ടോ, ജനം, ചമയം, പത്രം, പുലിജന്മം എന്നീ ചിത്രങ്ങളും അഭിനയത്തികവിന്‌ സാക്ഷിയായുണ്ട്‌.
മലയാള സിനിമ മമ്മൂട്ടി- മോഹന്‍ലാല്‍ അച്ചുതണ്ടിനെ വലംവെക്കാന്‍ തുടങ്ങിയ കാലത്തൊക്കെ വേറിട്ടു നില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ മുരളിയുടെ ഏറ്റവും വലിയ നേട്ടം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായക കഥാപാത്രങ്ങള്‍ക്ക്‌ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്ന ശക്തമായ പ്രതിനായക വേഷങ്ങളുമായി മുരളി നിറഞ്ഞുനിന്നു. ഏതുതരത്തിലുള്ള സിനിമാ ആസ്വാദകര്‍ക്കും കഥാപാത്രത്തിന്റെ ഹൃദയ വികാരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുരളിക്ക്‌ കഴിഞ്ഞു.
1996ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത കാണാക്കിനാവിലെ അഭിനയത്തിനും 1998ല്‍ ജയരാജ്‌ സംവിധാനം ചെയ്‌ത താലോലം എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ വീണ്ടും മുരളിയെ തേടിയെത്തി.
എന്നാല്‍ ഈ പ്രതിഭയുടെ അഭിനയമികവ്‌ അംഗീകരിക്കാന്‍ ദേശീയ ചലച്ചിത്ര ലോകം വീണ്ടും കാത്തിരുന്നു. 2002ല്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്‌ത നെയ്‌ത്തുകാരനിലെ അപ്പമേസ്‌ത്രി എന്ന കഥാപാത്രത്തിലൂടെ രാജ്യത്തെ മികച്ച നടനായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന്‌ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.
സത്യന്റെയും ഭരത്‌ ഗോപിയുടെയും പിന്‍ഗാമിയായാണ്‌ മുരളി വിലയിരുത്തപ്പെട്ടത്‌. ശക്തമായ കഥാപാത്രങ്ങള്‍ക്ക്‌ അഭിനയത്തിന്റെ രസതന്ത്രം പകര്‍ന്ന നടന്‍. അതായിരുന്നു മുരളി. ആരെയും പിണക്കാന്‍ ഇഷ്‌ടപ്പെടാത്ത എഴുത്തിനെയും വായനെയും സ്‌നേഹിച്ച നടന്‍. നിരവധി ചലച്ചിത്ര- സാംസ്‌കാരിക പുസ്‌തകങ്ങള്‍ മുരളി എഴുതിയിട്ടുണ്ട്‌. അഭിനയത്തിന്റെ രസതന്ത്രം, വ്യാഴപ്പൊരുള്‍, പുകയിലയുടെ മാരക ഉപഭോഗങ്ങള്‍ എന്നിവ ഇതില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്‌.
സിനിമയുടെ പ്രശസ്‌തിയില്‍ നില്‍ക്കുമ്പോഴും മുരളിയുടെ ശ്രദ്ധ നാടകവേദിയിലായിരുന്നു. അന്തരിച്ച പ്രശസ്‌ത നടന്‍ നരേന്ദ്ര പ്രസാദുമായി ചേര്‍ന്ന്‌ രൂപം കൊടുത്ത നാടകവേദി അവിസ്‌മരണീയമായ നിരവധി നാടകങ്ങള്‍ക്ക്‌ ജന്മം നല്‍കിയിരുന്നു. സി എന്‍ ശ്രീകണ്‌ഠന്‍ നായരുടെ ലങ്കാലക്ഷ്‌മി എന്ന നാടകത്തിലെ രാവണന്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത്‌ ഏകാഭിനയവുമായി മുരളി അരങ്ങിലെത്തി. കേരളത്തിലെ നിരൂപകരും പ്രക്ഷകരും ഇരുകൈയ്യും നീട്ടിയാണ്‌ അതിനെ സ്വീകരിച്ചത്‌.
1954ല്‍ കൊല്ലം ജില്ലയിലെ കുടവട്ടൂരില്‍ പി കൃഷ്‌ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മകനായാണ്‌ മുരളി ജനിച്ചത്‌. പഠനകാലത്ത്‌ ഇടതുപക്ഷത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന്‌ ആരോഗ്യ വകുപ്പിലും കേരള യൂനിവേഴ്‌സിറ്റിയിലും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ജോലി ചെയ്‌തു. ശൈലജ ഭാര്യയും കാര്‍ത്തിക ഏക മകളുമാണ്‌.
ഇടതുപക്ഷ സഹയാത്രികനായ മുരളി വിദ്യാര്‍ഥിയായിരിക്കെ തന്നെ എസ്‌ എഫ്‌ ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട്‌ സി പി എം അനുഭാവിയായും പ്രവര്‍ത്തിച്ചു. 1999ല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ വി എം സുധീരനോട്‌ തോറ്റു. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്നു.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും മുരളി മറ്റ്‌ സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ മാതൃകയാണ്‌. എല്ലാവരും പോകുന്ന അപവാദങ്ങളുടെ വഴിയിലൂടെ മുരളി അറിഞ്ഞുകൊണ്ട്‌ ഒരിക്കലും പോയില്ല; സിനിമയിലെ കഥാപാത്രങ്ങളിലെന്ന പോലെ തന്റെ കാഴ്‌ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ എന്നും താത്‌പര്യപ്പെട്ടു.
മുരളിയുടെ ഒരിക്കലും തിരിച്ചുവരാത്ത യാത്രയോടെ മലയാള സിനിമാ വേദിക്ക്‌ നഷ്‌ടമായത്‌ വെറുമൊരു അഭിനേതാവിനെ മാത്രമല്ല. അഭിനയത്തിന്റെ രസതന്ത്രം സംയോജിപ്പിച്ചെടുക്കുന്ന ഒരു നാട്യശാസ്‌ത്രജ്ഞനെ കൂടിയാണ്‌. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരത്തിലൂടെ വികാരങ്ങള്‍ നെയ്‌തെടുക്കുന്ന, മറ്റുള്ളവര്‍ക്ക്‌്‌ പകര്‍ന്ന്‌ നല്‍കുന്ന നെയ്‌ത്തുകാരനെ കൂടിയാണ്‌. ഈ വിടവ്‌ മറ്റാര്‌ നെയ്‌തെടുത്താലും മായാത്തതാണ്‌.

Monday, October 12, 2009

കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍

അടിസ്ഥാന പ്രശ്‌നം മാനസികം; വേണ്ടത്‌ ശാസ്‌ത്രീയ ചികിത്സ


കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍ 7

ലപ്പുറം ജില്ലയിലെ ബിസിനസ്സുകാരനായ ഭര്‍ത്താവും വീട്ടമ്മയായ ഭാര്യയുമാണ്‌ കഥാപാത്രങ്ങള്‍. വിവാഹം കഴിഞ്ഞ്‌ പതിനഞ്ച്‌ വര്‍ഷം കഴിഞ്ഞിട്ടും ലൈംഗിക സുഖം ലഭിച്ചിട്ടില്ലെന്നതാണ്‌ പരാതി. ഭര്‍ത്താവാണ്‌ പരാതിയുമായി ഡോക്‌ടറുടെ അടുത്ത്‌ ആദ്യമെത്തിയത്‌. ഭാര്യയെ വിളിപ്പിച്ച്‌ രണ്ടുപേരോടും വെവ്വേറെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്യം കേട്ടപ്പോള്‍ ഡോക്‌ടര്‍ക്ക്‌ സംഗതി നിസ്സാരമായി തോന്നി. ഭര്‍ത്താവിന്റെ ശുചിത്വമില്ലായ്‌മയായിരുന്നു വില്ലന്‍. ജോലി കഴിഞ്ഞ്‌ അര്‍ധരാത്രി വീട്ടിലെത്തുന്ന ഭര്‍ത്താവ്‌ സോക്‌സും ഡ്രസ്സും അഴിച്ചുവെക്കാതെയാണ്‌ ഉറങ്ങാന്‍ കിടന്നിരുന്നത്‌. ചെറുപ്പം മുതലെ രാവിലെയും വൈകിട്ടും കുളിക്കുകയും വൃത്തിക്ക്‌ ജീവിതത്തില്‍ അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഭാര്യക്ക്‌ ഭര്‍ത്താവിന്റെ ഈ ശീലത്തോട്‌ തീരെ താത്‌പര്യമില്ലായിരുന്നു. ഈ താത്‌പര്യക്കുറവ്‌ പിന്നീട്‌ മാനസികമായ അകല്‍ച്ചയായി മാറുകയായിരുന്നു. പിന്നെ ലൈംഗികത ഒരു ചടങ്ങായി മാത്രമാണ്‌ ഇവര്‍ കണ്ടിരുന്നത്‌. ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ വൃത്തി. ദമ്പതിമാര്‍ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ വലിയ മാനസിക അകല്‍ച്ചയിലേക്ക്‌ നയിക്കുമെന്ന്‌ കോഴിക്കോട്ടെ ഡോ. ഔസാഫ്‌ ഹസന്‍ തന്റെ കൗണ്‍സലിംഗ്‌ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു.
കൊച്ചിയിലെ ഒരു ഗൃഹനാഥന്‍ എറണാകുളം മെഡിക്കല്‍ ഹോസ്‌പിറ്റലിലെ ചീഫ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണിനെ കാണാനെത്തി. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഉദ്ധരിക്കുന്നില്ലായെന്നതായിരുന്നു ഗൃഹനാഥന്റെ പരാതി. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്‌ ഈ പ്രശ്‌നമുണ്ടാകുന്നത്‌ എന്നെങ്ങനെ മനസ്സിലായി എന്ന ഡോക്‌ടറുടെ ചോദ്യത്തിന്‌ ഗൃഹനാഥന്‍ ലജ്ജിച്ച്‌, കുറ്റബോധത്തോടെ മറുപടി പറയുകയും ചെയ്‌തു. ഇതിനെല്ലാം കാരണം മനസ്സാണെന്ന്‌ ഡോ. സി ജെ ജോണ്‍ പറയുന്നു.
പലരിലും ഉദ്ധാരണക്കുറവിനും ശീഘ്രസ്‌ഖലനത്തിനും കാരണം മാനസികമാണെന്ന്‌ കൗണ്‍സലിംഗ്‌ നടത്തുമ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഫാറൂഖ്‌ കോളജിലെ പ്രൊഫസര്‍ എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്‌ സ്വദേശിയായ പ്ലസ്‌ടു അധ്യാപകനും എം എസ ്‌സിക്ക്‌ പഠിക്കുന്ന ഭാര്യയും ഇതേ പ്രശ്‌നങ്ങളോടെ കൗണ്‍സലിംഗിനെത്തിയിരുന്നു. രണ്ടുപേരെയും മാറിമാറി കൗണ്‍സലിംഗ്‌ നടത്തിയപ്പോള്‍ അവരുടെ പ്രശ്‌നം മാനസികം മാത്രമാണെന്ന്‌ ബോധ്യപ്പെട്ടു. കൂട്ടുകുടുംബമായിരുന്നു അവരുടേത്‌. ഭാര്യ ഹോസ്റ്റലില്‍ നിന്ന്‌ പഠിക്കുന്നതിനാല്‍ ആഴ്‌ചയില്‍ രണ്ടുദിവസം മാത്രമേ അവര്‍ പരസ്‌പരം കാണാറുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ അച്ഛനെ യുവതിക്ക്‌ ഭയവുമായിരുന്നു. നിരന്തരമായി ആശയവിനിമയം നടക്കാത്തതും പിതാവിനോടുള്ള ഭയവുമായിരുന്നു അവരുടെ മാനസിക പ്രശ്‌നങ്ങള്‍. കൗണ്‍സലിംഗിലൂടെ ആ തടസ്സം ഒഴിവാക്കി. പിന്നീട്‌ തങ്ങളുടെ എല്ലാം പ്രശ്‌നങ്ങളും മാറിയെന്ന്‌ അറിയിച്ച്‌ ആ ദമ്പതികള്‍ മധുരപലഹാരവുമായി തന്നെ കാണാന്‍ വന്നത്‌ ഹാഫിസ്‌ മുഹമ്മദ്‌ ഇന്നും ഓര്‍ക്കുന്നു.
പലപ്പോഴും വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതാണ്‌ വ്യാജ മരുന്നുകളെ ആശ്രയിക്കാന്‍ ആളുകളെ തത്‌പരരാക്കുന്നത്‌. ഗള്‍ഫ്‌ കുടിയേറ്റം ഈ മരുന്നുകളുടെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നതായി ഹാഫിസ്‌ മുഹമ്മദ്‌ അഭിപ്രായപ്പെടുന്നു. ഗള്‍ഫ്‌ മലയാളികള്‍ നാട്ടില്‍ വരുമ്പോള്‍ അവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണിത്‌. നാട്ടിലെത്തി കുറഞ്ഞ ദിവസത്തിനുള്ളില്‍ ഭാര്യയെ എങ്ങനെ തൃപ്‌തിപ്പെടുത്താമെന്ന വേവലാതി മൂലമാണ്‌ ഇത്തരം പരസ്യങ്ങളില്‍ പാവം മലയാളികള്‍ വീണുപോകുന്നത്‌. ലൈംഗികതയെ കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതാണ്‌ ഇതിന്‌ കാരണം. വിദ്യാഭ്യാസ നിലവാരം വളരെ കൂടുതലാണെങ്കിലും മലയാളികള്‍ക്കിടയില്‍ ലൈംഗിക നിരക്ഷരത കൂടുതലാണെന്ന്‌ ഹാഫിസ്‌ മുഹമ്മദ്‌ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയിലുള്ള മാറ്റവും ഭക്ഷണവും അറിവില്ലായ്‌മയും സമ്പന്നതയുമാണ്‌ ഗള്‍ഫ്‌ മലയാളികളെ വ്യാജ മരുന്നുകളുടെ ലോകത്തെത്തിക്കുന്നത്‌. അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികതൃഷ്‌ണയും സാമൂഹികമായ വിലക്കുകളുമാണ്‌ ലൈംഗിക രോഗങ്ങള്‍ പരമ രഹസ്യമായി സൂക്ഷിക്കാനും ഇക്കൂട്ടരെ നിര്‍ബന്ധിതരാക്കുന്നത്‌. വ്യക്തിപരമായ ലൈംഗിക പ്രശ്‌നങ്ങള്‍ സ്വന്തം പങ്കാളിയോട്‌ പോലും തുറന്ന്‌ പറയാതെയാണ്‌ ഭൂരിഭാഗം പേരും വ്യാജ മരുന്നുകളുടെ വലയില്‍ കുടുങ്ങുന്നത്‌. ലൈംഗികതയെ കുറിച്ച്‌ ശരിയായ രീതിയിലുള്ള പഠനം നടക്കാത്തത്‌ വിദ്യാഭ്യാസമുള്ളവരില്‍ പോലും കപട ധാരണ ഉണ്ടാക്കുന്നുണ്ട്‌. ഭാഗികമായ ശാസ്‌ത്രബോധമാണ്‌ മലയാളികളെ പലപ്പോഴും കുഴക്കുന്നത്‌. കേരളത്തെ അപേക്ഷിച്ച്‌ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളിലുള്ളവര്‍ ലൈംഗിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വ്യാജ ഡോക്‌ടര്‍മാരെയോ വ്യാജ മരുന്നുകളുടെ പരസ്യങ്ങളെയോ ആശ്രയിക്കാറില്ലെന്നും ഹാഫിസ്‌ മുഹമ്മദ്‌ പറയുന്നു.
വിവാഹത്തിന്‌ മുന്‍പ്‌ വധൂവരന്മാര്‍ക്ക്‌ കൗണ്‍സലിംഗ്‌ നടത്തുന്നതും വിവാഹ ശേഷമുള്ള ലൈംഗികമായ പ്രശ്‌നങ്ങള്‍ക്ക്‌ യൂറോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണ്ട്‌ ചികിത്സ നടത്തുന്നത്‌ നല്ല ഫലം നല്‍കും.
വ്യാജമരുന്നുകള്‍ യഥാര്‍ഥ പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നില്ല. കാരണം ഭൂരിഭാഗം പേരിലും പ്രശ്‌നം മാനസികമാണെന്ന്‌ ഡോ. ഔസഫ്‌ ഹസ്സന്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ചികിത്സകള്‍ സംബന്ധിച്ച പരസ്യങ്ങള്‍ കാണുമ്പോള്‍ ആ രോഗം തനിക്കുണ്ടോയെന്ന ചിന്തയാണ്‌ (തേര്‍ഡ്‌ ഇയര്‍ സിന്‍ഡ്രോം) പലരേയും ലൈംഗിക ഉേത്തജക മരുന്നുകളുടെ പിന്നാലെ നടത്തുന്നത്‌. ഇത്തരക്കാര്‍ ഒരു സൈക്കോളജിസ്റ്റിനെ കണ്ടാല്‍ പ്രശ്‌നം തീരും. ഈ ശീലം മലയാളികള്‍ക്ക്‌ ഇല്ലാത്തതാണ്‌ ലൈംഗിക ചികിത്സകളുടെയും ലൈംഗിക ഉത്തേജക മരുന്നുകളുടെയും പരസ്യങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ഇത്രയും നിറയാന്‍ കാരണമെന്ന്‌ ഡോ. ഔസാഫ്‌ ഹസ്സന്‍ അഭിപ്രായപ്പെടുന്നു.
തിരക്കുള്ള ജീവിതത്തിനിടയില്‍ ലൈംഗികത പലപ്പോഴും ചടങ്ങായി മാറുന്നതും ലൈംഗിക വിരക്തിക്ക്‌ കാരണമാകുന്നുണ്ട്‌. ഇതിന്‌ ശാസ്‌ത്രീയമായ ചികിത്സ തേടാതെ വന്‍തുക ചെലവഴിച്ച്‌ വ്യാജമരുന്നുകള്‍ ശീലമാക്കുന്നവര്‍ ഇന്ന്‌ തീരെ കുറവല്ല. ഫാമിലി കൗണ്‍സലിംഗും വിവാഹ പൂര്‍വ കൗണ്‍സലിംഗും വ്യക്തി കൗണ്‍സലിംഗും നടത്തിയാല്‍ തീരാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ മാത്രമേ കേരളത്തിലെ ഭൂരിഭാഗം പേരിലുമുള്ളൂവെന്ന്‌ ഡോ. ഔസാഫ്‌ വിശ്വസിക്കുന്നു. ഇതിനായി ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണമെന്നും ഇതിന്‌ ഡോക്‌ടര്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ലൈംഗികതയെക്കുറിച്ച്‌ തുറന്ന ചര്‍ച്ച നടക്കാത്തതും ചിട്ടവട്ടത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാത്തതുമാണ്‌ ലൈംഗിക ഉത്തേജകത്തിനുള്ള മരുന്നുകളുടെ പരസ്യങ്ങളുടെ വിജയത്തിന്‌ പിന്നിലെന്ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ ചീഫ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയുടെ സ്വകാര്യത നിലനിര്‍ത്തണമെന്നതിനാല്‍ പരസ്യങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നവര്‍ അക്കാര്യം പുറത്തുപറയുന്നില്ല. തന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ അറിഞ്ഞാല്‍ വലിയ കുഴപ്പമാണെന്നാണ്‌ ഇത്തരക്കാരുടെ ധാരണ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തതയാണ്‌ ഇതിന്‌ കാരണം. അശ്ലീല പുസ്‌തകം, ബ്ലൂടൂത്ത്‌, ഇന്റര്‍നെറ്റ്‌, ബ്ലൂ ഫിലിം എന്നിവയില്‍ നിന്നു ലഭിക്കുന്ന വികലമായ ലൈംഗിക വിദ്യാഭ്യാസം ജീവിതത്തിലേക്ക്‌ പകര്‍ത്തുന്നതാണ്‌ പലര്‍ക്കും വിനയാകുന്നത്‌. ശാസ്‌ത്രീയമായ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്നതാണ്‌ പ്രധാന പ്രശ്‌നമെന്ന്‌ ഡോ. സി ജെ ജോണ്‍ ചൂണ്ടിക്കാട്ടുന്നു.
പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണം മനസ്സാണ്‌. അജ്ഞത, സ്വന്തം ലൈംഗിക പ്രകടനത്തെക്കുറിച്ചുള്ള അതിയായ ആകാംക്ഷ, ബന്ധപ്പെടുമ്പോള്‍ പങ്കാളിയുടെ പ്രവൃത്തികളുടെ നിരീക്ഷകനായി മാറുന്നത്‌, സാഹചര്യം, വിഷാദം, അപകര്‍ഷതാ ബോധം, മാനസിക സംഘര്‍ഷം എന്നിവയാണ്‌ പ്രധാന പ്രശ്‌നങ്ങള്‍. ഇതിനെല്ലാം ശാസ്‌ത്രീയമായ ചികിത്സയുണ്ടെന്ന്‌ ഡോ. സി ജെ ജോണ്‍ പറയുന്നു.
ബാല്യകാലത്തിലുണ്ടായ ലൈംഗിക പീഡനങ്ങള്‍കൊണ്ടോ, അതിയായ ആത്മീയത കൊണ്ടോ ചിലര്‍ക്ക്‌ ലൈംഗിക വിരക്തി ഉണ്ടാകാറുണ്ട്‌. പങ്കാളികള്‍ രണ്ടുപേരും വന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാകുന്നതാണ്‌. പക്ഷേ ആരും ഇതിന്‌ തയ്യാറാകുന്നില്ല. വലിയ പരസ്യങ്ങളില്‍ വീണ്‌ പോകും മുന്‍പ്‌ അതിനെ സമഗ്രമായി വീക്ഷിക്കുകയാണ്‌ വേണ്ടതെന്ന്‌ ഡോ. സി ജെ ജോണ്‍ അഭിപ്രായപ്പെടുന്നു.
പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവക്ക്‌ മരുന്ന്‌ കഴിക്കുന്നവരിലും പുകവലി, മദ്യപാനം, ടെലിവിഷന്‍ എന്നിവ ശീലമാക്കിയവരിലും ലൈംഗികമായ തകരാറുകള്‍ കാണാറുണ്ടെന്ന്‌ കോഴിക്കോട്‌ മലബാര്‍ ഹോസ്‌പിറ്റലിലെ ഡോ. പി എ ലളിത ചൂണ്ടിക്കാട്ടുന്നു. ഹാനികരമായ മരുന്നുകള്‍ നിര്‍ത്തിയാല്‍, സൈക്കോ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നീ ചികിത്സകളിലൂടെ ഭൂരിഭാഗം പേരുടെയും പ്രശ്‌നങ്ങള്‍ മാറ്റാമെന്ന്‌ ഡോ. ലളിത ഉറപ്പിച്ചു പറയുന്നു.
(അവസാനിച്ചു)

എയ്‌ഡിസിന്‌ മരുന്ന്‌ കണ്ടെത്തിയ നാട്ടില്‍ കുമ്പളങ്ങ രസായനത്തിനും പരസ്യമാകാം


കിടപ്പറയില്‍ മരുന്ന്‌്‌ നിറക്കുമ്പോള്‍ 6

എയ്‌ഡ്‌സിന്‌ മരുന്ന്‌ `കണ്ടെത്തിയ' നാടാണ്‌ നമ്മുടെ ഈ കൊച്ചു കേരളം. ഇമ്മ്യൂണോ ക്യൂര്‍ എന്നു പേരിട്ട ഈ ഔഷധക്കൂട്ട്‌ വിറ്റ്‌ പണമുണ്ടാക്കിയ ഫെയര്‍ഫാര്‍മ എല്ലാവര്‍ക്കും സുപരിചിതവുമാണ്‌. ഇമ്മ്യൂണോ ക്യൂര്‍ എയ്‌ഡ്‌സിനുള്ള മരുന്നാണെന്ന അവകാശവാദം നിരത്തി ആയിരക്കണക്കിന്‌ രോഗികളെയാണ്‌ മജീദ്‌ വഞ്ചിച്ചത്‌. പിന്നീട്‌ 2003ല്‍ ഈ മരുന്ന്‌ എയ്‌ഡ്‌സിനുള്ള മരുന്നാണെന്ന തരത്തില്‍ പരസ്യം ചെയ്യരുതെന്നും വില്‍ക്കരുതെന്നും ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ ജവഹര്‍ലാല്‍ ഗുപ്‌ത ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇമ്മ്യൂണോ ക്യൂര്‍ മരുന്നിനെ പ്രകീര്‍ത്തിച്ച്‌ പുസ്‌തകം പ്രസിദ്ധീകരിച്ചു. സാക്ഷാല്‍ എം എന്‍ വിജയന്‍ മാഷ്‌ പുസ്‌തകത്തിന്‌ അവതാരിക എഴുതിയത്‌ വിവാദത്തിന്‌ തിരി കൊളുത്തുകയും ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ എച്ച്‌ ഐ വി ബാധിതര്‍ 2007 നവംബര്‍ 31ന്‌ സെക്രട്ടേറിയറ്റ്‌ നടയില്‍ പുസ്‌തകം കത്തിച്ചു. പക്ഷേ ഇന്നും നാടിന്റെ മുക്കിലും മൂലയിലും ലാട വൈദ്യന്മാരും പാരമ്പര്യ ചികിത്സകരും എയ്‌ഡ്‌സ്‌ ചികിത്സിച്ച്‌ ഭേദമാക്കാമെന്ന്‌ പരസ്യം ചെയ്‌ത്‌ ചികിത്സ നല്‍കുന്നുണ്ട്‌. ഇതിനെതിരെ നമ്മുടെ സര്‍ക്കാറും നീതിപീഠവും കണ്ണടയ്‌ക്കുന്നുവെന്നത്‌ ആശ്ചര്യകരമാണ്‌. എയ്‌ഡ്‌സിനുള്ള മരുന്നെന്ന്‌ പരസ്യം ചെയ്‌താണ്‌ ഫെയര്‍ ഫാര്‍മ ശ്രദ്ധപിടിച്ചുപറ്റിയത്‌. ഇന്ന്‌ അതിന്‌ പിന്‍ഗാമികളായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്‌.
ദീര്‍ഘകാലം ചികിത്സിച്ചാല്‍ മാത്രമേ രോഗം ഭേദമാകൂവെന്നാണ്‌ ഇത്തരം ചികിത്സകര്‍ പലപ്പോഴും രോഗികളോട്‌ പറയുക. ശസ്‌ത്രക്രിയ പോലുള്ള താരതമ്യേന ക്ലേശകരവും ചെലവുള്ളതുമായ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പ്രതിവിധികള്‍ ഒഴിവാക്കാമെന്ന ധാരണയിലും ചിലര്‍ ഈ അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ടെന്ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ ചീഫ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണ്‍ പറയുന്നു.
കഷണ്ടിക്കുള്ള മരുന്നെന്ന പരസ്യവുമായി പുറത്തിറങ്ങിയ ഹെര്‍ബല്‍ ഓയിലാണ്‌ കേരളത്തില്‍ ആദ്യമായി പരസ്യവുമായി വന്നതെന്ന്‌ നേരത്തെ ഡ്ര ഗ്‌സ്‌ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച, റവന്യൂ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ ദിലീപ്‌ കുമാര്‍ ഓര്‍മിക്കുന്നു. പിന്നെ അതിനെ പിന്‍പറ്റി ഡോ. വാസന്‍ ജീവടോണ്‍ പുറത്തിറക്കി. പുരുഷന്മാരുടെ ശരീരം പുഷ്‌ടിപ്പെടുത്തുകയും ഓജസ്സ്‌ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു പരസ്യ വാചകം. പിന്നീട്‌ റാണികല്‍പ്പം, കുമാരികല്‍പ്പം തുടങ്ങി ഇത്തരം മരുന്നുകളുടെ ഘോഷയാത്രയായിരുന്നുവെന്ന്‌ ദിലീപ്‌ കുമാര്‍ പറയുന്നു. ഈ ലോകത്ത്‌ ഒരുപറ്റം വിഡ്‌ഢികളുണ്ടെങ്കില്‍ തനിക്ക്‌ ജീവിച്ചുപോകാമെന്ന്‌ ഈ ഡോ. വാസന്‍ ഒരിക്കല്‍ പറഞ്ഞത്‌ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടറായി വിരമിച്ച കോഴിക്കോട്ടെ ആയുര്‍വേദ ഡോക്‌ടര്‍ രാമചന്ദ്രന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
അതിശയോക്തി ജനിപ്പിക്കുന്ന അവകാശവാദങ്ങള്‍ പരസ്യം ചെയ്‌ത്‌ ജനങ്ങളെ വഞ്ചിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്നാണ്‌ നിയമം. ദ മാജിക്‌ റെമഡീസ്‌ (ഒബജ്‌ക്ഷനബിള്‍ അഡ്വടൈസ്‌മെന്റ്‌) ആക്‌ട്‌ എന്നാണ്‌ ഈ നിയമത്തിന്റെ പേര്‌. പക്ഷേ 1954 ല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ്‌ വ്യാജമരുന്നുകള്‍ വിപണിയിലിറങ്ങുന്നത്‌. ഔഷധങ്ങള്‍, മാന്ത്രിക ഏലസുകള്‍, മന്ത്രമോതിരം തുടങ്ങിയവ ഉപയോഗിച്ചുള്ള പറ്റിക്കലെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. ആയുര്‍വേദ ഔഷധ നിര്‍മാണം നിയന്ത്രിക്കുന്നത്‌ 1940ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ടും 45ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ റൂള്‍സുമാണ്‌. ആയുര്‍വേദ, സിദ്ധ, യുനാനി ഔഷധ നിര്‍മാണത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഇതിലുണ്ട്‌.
ഈ നിയമം നിലവില്‍ ഒരു മരുന്നു കമ്പനിയും ചെവിക്കൊള്ളാറില്ല. 1940ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ട്‌ പ്രകാരം വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളെ മൂന്നായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. 1. പ്രൊപറേറ്ററി മെഡിസിന്‍ അഥവാ പെറ്റന്റ്‌ മെഡിസിന്‍. 2. കോസ്‌മെറ്റിക്‌സ്‌ 3. ആയുര്‍വേദം, യുനാനി ഡ്രഗ്‌.
ഇതില്‍ കോസ്‌മെറ്റിക്‌സ്‌ ഗണത്തില്‍ പെടുന്ന മരുന്നുകള്‍ക്ക്‌ മാത്രമേ ഈ ആക്‌ടിന്റെ പരിധിയില്‍ പരസ്യം ചെയ്യാന്‍ പാടുള്ളൂ. കോസ്‌മെറ്റിക്‌സ്‌ ഗണത്തില്‍ പെടുന്ന മരുന്നുകള്‍ ശരീരത്തിന്‌ പുറത്ത്‌ പുരട്ടാന്‍ മാത്രം ഉപയോഗിക്കുന്നതാണ്‌. ആയുര്‍വേദ, യുനാനി മരുന്നുകള്‍ വിപണിയില്‍ ഇറക്കുമ്പോള്‍ ആ മരുന്ന്‌ ഏത്‌ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്‌ പുറത്തിറക്കിയതെന്ന്‌ രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ്‌ നിയമം. എന്നാല്‍ ഇത്‌ ആരും തന്നെ മുഖവിലക്കെടുക്കാറില്ല.
ഹൃദയത്തിനുള്ള രോഗങ്ങള്‍, പ്രമേഹം, പാണ്ട്‌, എയ്‌ഡ്‌സ്‌, സ്‌ത്രീജന്യരോഗങ്ങള്‍, ലൈംഗിക സമ്മര്‍ദങ്ങള്‍ തുടങ്ങി 54 തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പരസ്യം ചെയ്യുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ എം പി ജോര്‍ജ്‌ പറഞ്ഞു. ഈ രോഗങ്ങള്‍ക്ക്‌ ചികിത്സിക്കുന്നു എന്ന്‌ പറയാം. എന്നാല്‍ ഒരു മരുന്നിന്റെയും പേരില്‍ പരസ്യം ചെയ്യാന്‍ പാടില്ല.
നിയമത്തില്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആരും ഈ നിയമത്തെ വകവെക്കാറില്ലെന്ന്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പറയുന്നു. മുമ്പ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ്‌ കുമാറിനും ഇതു തന്നെയാണ്‌ പറയാനുള്ളത്‌. നിയമം ലംഘിച്ച്‌ പരസ്യം ചെയ്‌താലുള്ള ശിക്ഷ 500 രൂപ പിഴയും മൂന്ന്‌ മാസം തടവും മാത്രമാണ്‌. തടവുശിക്ഷ ഇതുവരെ ആര്‍ക്കും കിട്ടിയിട്ടുമില്ല. പരസ്യം ചെയ്‌ത മരുന്നുകള്‍ പിടിച്ചെടുത്ത്‌ പരിശോധിച്ച്‌ കേസെടുക്കാറുണ്ട്‌. രണ്ടോ മൂന്നോ കൊല്ലം കേസ്‌ നടത്തിയാല്‍ വിജയിക്കാറുണ്ട്‌. പക്ഷെ, 500 രൂപ പിഴയടച്ചാല്‍ കക്ഷി രക്ഷപ്പെടും. കച്ചവടം മുന്‍കാലത്തേക്കാള്‍ ശക്തമായി തുടരുകയും ചെയ്യും. കടുത്ത ശിക്ഷ കൊടുക്കാവുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുകയാണ്‌ സര്‍ക്കാര്‍ തലത്തില്‍ ഇതിന്‌ എടുക്കേണ്ട നടപടിയെന്നും എം പി ജോര്‍ജ്‌ പറഞ്ഞു. പത്രങ്ങളില്‍ പരസ്യം കണ്ട്‌ മരുന്ന്‌ വാങ്ങി കഴിച്ച ശേഷം വഞ്ചിക്കപ്പെട്ടവര്‍ നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്‌ത എട്ട്‌ കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പറഞ്ഞു.
നിയമം ലംഘിച്ചാല്‍ 1940ലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ടിലെ 33 (i) (2)പ്രകാരം മൂന്ന്‌ മാസം തടവും അഞ്ഞൂറ്‌ രൂപയില്‍ കുറയാത്ത ഫൈനും മാത്രമേ ശിക്ഷ ലഭിക്കുകയുള്ളൂവെന്ന്‌ കേരള ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകന്‍ നിഷിന്‍ ജോര്‍ജ്‌ പറയുന്നു. 1954ലെ മാജിക്‌ റെമഡീസ്‌ (ഒബജ്‌ക്ഷനബിള്‍ അഡ്വടൈസ്‌മെന്റ്‌) ആക്‌ട്‌ പ്രകാരം ഗര്‍ഭം അലസിപ്പിക്കുന്നതിനും ഉത്തേജക മരുന്നുകളുടെയും സ്‌ത്രീകളുടെ ആര്‍ത്തവം സംബന്ധമായ കാര്യങ്ങള്‍ക്കും പരസ്യം പാടില്ലായെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ആക്‌ടിന്റെ ഏഴാം വകുപ്പ്‌ പ്രകാരം ആറു മാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. വീണ്ടും നിയമലംഘനം നടത്തിയാല്‍ ഒരു കൊല്ലം വരെ ശിക്ഷ ലഭിക്കുമെന്നും അഡ്വ. നിഷിന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ പുറത്തിറങ്ങുന്ന പല ചികിത്സാ കേന്ദ്രങ്ങളുടെയും മരുന്നുകളുടെയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്‌ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ ഒപ്പിച്ചെടുക്കുന്നതാണ്‌. മരുന്ന്‌ നിര്‍മിതിക്കാവശ്യമായ ചേരുവകള്‍ അന്യസംസ്ഥാനങ്ങളായ പഞ്ചാബ്‌, ഒറീസ്സ, അരുണാചല്‍ പ്രദേശ്‌, ബീഹാര്‍, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്നതാണെന്നാണ്‌ കമ്പനികള്‍ പറയുന്നത്‌. വ്യാജ മരുന്നുകളുടെ പരസ്യം നിയന്ത്രിക്കാനും വില്‍പ്പന നിയന്ത്രിക്കാനും നിലവില്‍ നിയമമുണ്ടെങ്കിലും ഇതിനെതിരെ കേസ്‌ കൊടുക്കാനോ മറ്റ്‌ നിയമ നടപടികള്‍ സ്വീകരിക്കാനോ ആരും തയ്യാറാകുന്നില്ലായെന്നതാണ്‌ വാസ്‌തവം. കേസിന്‌ പോകേണ്ടത്‌ ഇത്തരം മരുന്നുകളുടെ കെണിയില്‍ വീണ്‌ പണവും ആരോഗ്യവും നഷ്‌ടമാകുന്നവരാണ്‌. രഹസ്യരോഗങ്ങളുടെ ചികിത്സയാണെ ന്നതിനാല്‍ ആരും പരസ്യമായി കേസിന്‌ പോകുന്നുമില്ല. തനിക്ക്‌ പറ്റിയ അമളി ആരുമറിയരുതെന്ന നിര്‍ബന്ധ ബുദ്ധി ഇക്കൂട്ടരില്‍ വളരെ കൂടുതലാണെന്ന്‌ അഡ്വ. നിഷിന്‍ ജോര്‍ജ്‌ പറയുന്നു. ഇത്തരത്തില്‍ സമൂഹത്തെയും രോഗികളെയും പറ്റിക്കുന്ന വ്യാജ ചികിത്സകരെ നിലക്ക്‌ നിര്‍ത്താനും പരസ്യങ്ങളുടെ പ്രസിദ്ധീകരണം തടയാനും പൊതു താത്‌പര്യ ഹരജി നല്‍കണമെന്നാണ്‌ കോഴിക്കോട്ടെ ഡോ. ഔസഫ്‌ ഹസ്സന്‍ പറയുന്നത്‌.
ഇത്തരം മരുന്നുകളെ കുറിച്ച്‌ അറിയാവുന്ന ഡോക്‌ടര്‍മാര്‍ തന്നെ ബോധവത്‌കരണത്തിനും നിയമ നടപടികള്‍ക്കും തയ്യാറാകണമെന്നാണ്‌ പ്രൊഫസര്‍ എന്‍ പി ഹാഫിസ്‌ മുഹമ്മദിന്റെ അഭിപ്രായം. എന്നാല്‍ ഇതിനെതിരെ ശബ്‌ദമുയര്‍ത്താന്‍ ഭൂരിഭാഗം ഡോക്‌ടര്‍മാരും തയ്യാറല്ല. കാരണം ഈ കറക്ക്‌ കമ്പനിയില്‍ അവരില്‍ പലരും പങ്കാളികളാണ്‌. ഈ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ആഴത്തില്‍ അറിയുക എന്നതേ വഴിയുള്ളൂ.

മെലിയാന്‍ തേച്ചത്‌ പാണ്ടായപ്പോള്‍ പഠിച്ച പാഠം


കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍ ഭാഗം 5

വണ്ണവും തൂക്കവും കുറയ്‌ക്കാന്‍ ലാവണ്യമേറിയ തൈലം വാങ്ങി പുരട്ടിയ വീട്ടമ്മയുടെ അനുഭവത്തിലേക്ക്‌; അമിതമായ വണ്ണം കുറയ്‌ക്കാനാണ്‌ വീട്ടമ്മ പരസ്യത്തില്‍ കണ്ട തൈലം വാങ്ങി പുരട്ടിയത്‌. അമിതവണ്ണം കുറയ്‌ക്കാന്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ഔഷധമാണ്‌ തൈലമെന്നായിരുന്നു പരസ്യം. മൂന്നു മാസത്തെ കോഴ്‌സ്‌ കൊണ്ട്‌ അമിതമായ വണ്ണം പൂര്‍ണമായും കുറയ്‌ക്കുമെന്നായിരുന്നു വാഗ്‌ദാനം. ശരീരത്തിന്‌ പുറത്ത്‌ പുരട്ടുകയാണ്‌ വേണ്ടത്‌. ഇതില്‍ ഇന്തുപ്പ്‌ അടങ്ങിയിട്ടുണ്ടെന്നും ഇത്‌ ശരീരത്തിലെ അനാവശ്യജലം വലിച്ചെടുത്ത്‌ പേശികള്‍ക്ക്‌ ദൃഢത നല്‍കുകയും ത്വക്കിനടിയിലെ കൊഴുപ്പ്‌ ഇല്ലാതാക്കി ശരീരാന്തര്‍ഭാഗത്തെ വായു ചുരുക്കി ശരീരം ഒതുക്കുന്നുവെന്നുമായിരുന്നു മരുന്ന്‌ കമ്പനിയുടെ അവകാശവാദം. മൂന്ന്‌ മാസം കഴിഞ്ഞപ്പോള്‍ വണ്ണം കുറഞ്ഞില്ല. പക്ഷേ എന്നും ഓര്‍ക്കാന്‍ കറുത്തപാടും തൊലി ചുളിയലുമാണ്‌ ഉണ്ടായതെന്ന്‌ ഈ വീട്ടമ്മ വ്യസനസമേതം പറയുന്നു.
വണ്ണം കൂട്ടാന്‍ പരസ്യത്തില്‍ കണ്ട മരുന്ന്‌ വാങ്ങി കഴിച്ച യുവാവിന്റെ കഥയും വ്യത്യസ്‌തമല്ല. ആവശ്യത്തിന്‌ വണ്ണമില്ലെന്ന തോന്നലായിരുന്നു യുവാവിന്റെ പ്രശ്‌നം. ഇതുമൂലം വിവാഹം പോലുള്ള പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിലും ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്നതിലും യുവാവ്‌ വിമുഖത കാണിച്ചു. ഭക്ഷണത്തോട്‌ പോലും താത്‌പര്യമില്ലാതായി. അപ്പോഴാണ്‌ പത്രത്തില്‍ വണ്ണം വയ്‌ക്കാനുള്ള മരുന്നിന്റെ പരസ്യം കണ്ടത്‌. മരുന്ന്‌ വാങ്ങി കഴിച്ചു. നാള്‍ക്കുനാള്‍ തടിയും തൂക്കവും വര്‍ധിച്ചു. മൂന്ന്‌ മാസം കൊണ്ട്‌ യുവാവിന്‌ സന്തോഷമായി. പക്ഷേ പിന്നെ പിന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. തടി പൊണ്ണത്തടിയായി. ശരീരമനക്കാന്‍ പോലും കഴിഞ്ഞില്ല. നടക്കാനും കഴിയുന്നില്ല. ഇരിക്കാനും കഴിയുന്നില്ല. ഇപ്പോള്‍ തടി കുറയ്‌ക്കാനുള്ള പോംവഴി തേടുകയാണ്‌ യുവാവ്‌. വടകര കടത്തനാട്ട്‌ ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്‌ടര്‍ മോഹന്‍ദാസാണ്‌ ഇപ്പോള്‍ ചികിത്സിക്കുന്നത്‌.
ആരോഗ്യവര്‍ധനവിനും രോഗപ്രതിരോധശേഷിക്കും നിത്യവും കഴിക്കാന്‍ വിശിഷ്‌ട ഔഷധം എന്ന്‌ പരസ്യം ചെയ്‌താണ്‌ ഇത്തരം മരുന്നുകള്‍ വിപണിയിലെത്തുന്നത്‌. സെപ്‌തംബര്‍ 11ന്‌ പുറത്തിറങ്ങിയ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ മുന്‍പേജില്‍ തടിയും തൂക്കവും കുറയ്‌ക്കാന്‍ ലാവണ്യമുള്ള ഒരു തൈലം ഫലപ്രദമാണെന്ന അവകാശവാദവുമായി തൈലത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ മരുന്ന്‌ കഴിച്ച്‌ തന്റെ തടി കുറയ്‌ക്കാന്‍ കഴിഞ്ഞെന്ന്‌ എഡ്യുക്കേഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്ററായി വിരമിച്ച ഒരു ഉദ്യോഗസ്ഥ ആ പരസ്യത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
അമിതവണ്ണം കൊണ്ട്‌ വല്ലാത്ത ബുദ്ധിമുട്ടിലായ താന്‍ പല മരുന്നുകളും ഡയറ്റിംഗും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ലെന്നും തൈലം മൂന്ന്‌ മാസം തുടര്‍ച്ചയായി ഉപയോഗിച്ചപ്പോള്‍ ശരീരം ഒതുങ്ങിയെന്നും ഇപ്പോള്‍ സന്തുഷ്‌ടയാണെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ കത്തിന്റെ ചുരുക്കരൂപം.
ഈ പരസ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്നുതന്നെ തൈലം ഉത്‌പാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ തൃശൂരിലെ ഓഫീസിലേക്ക്‌ വിളിച്ചു ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയല്ല ലഭിച്ചത്‌. മരുന്നിന്റെ കൂട്ടിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രധാന ചേരുവ ഇന്തുപ്പ്‌ മാത്രമാണെന്നാണ്‌ പറഞ്ഞത്‌. മറ്റു ചേരുവകളെ കുറിച്ച്‌ പറയാന്‍ ഫോണെടുത്ത സ്‌ത്രീ തയ്യാറായില്ല. പരസ്യത്തില്‍ കണ്ട ഉദ്യോഗസ്ഥയുടെ ഫോണ്‍ നമ്പര്‍ തരാന്‍ പറ്റില്ലെന്നും അത്‌ പരസ്യപ്പെടുത്താന്‍ അനുവാദം തന്നിട്ടില്ലെന്നും ആ സ്‌ത്രീ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‌ മുന്‍പ്‌ അവര്‍ ഫോണ്‍ കട്ടാക്കുകയും ചെയ്‌തു.
ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല, പരസ്യങ്ങളില്‍ കാണുന്ന അനുഭവസ്ഥരുടെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ പലപ്പോഴും സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുന്നതായാണ്‌ അറിയുന്നത്‌. ഭഗവതിമഠം പുറത്തിറക്കുന്ന ടാബ്‌ലറ്റ്‌ കഴിച്ച്‌ തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറിയെന്ന അനുഭവ സാക്ഷ്യവുമായി തൃശൂര്‍ സ്വദേശി വിയ്യൂരിലെ ഹരിഹരന്‍ സി എന്നയാള്‍ ഫാറ്റ്‌ഫ്രീയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യത്തോടൊപ്പം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. ആ നമ്പറില്‍ നിരവധി തവണ വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുന്നുവെന്ന്‌ മാത്രമേ അറിയാന്‍ കഴിഞ്ഞുള്ളൂ. മറ്റൊരു ഫാര്‍മസിയുടെ ഫാറ്റ്‌ വിന്‍ എന്ന മരുന്നിനെ കുറിച്ച്‌ ചോദിക്കാന്‍ വിളിച്ചപ്പോഴും അനുഭവം വ്യത്യസ്‌തമല്ല. മരുന്നിനെ കുറിച്ചോ അനുഭവസ്ഥരെ കുറിച്ചോ പറയാന്‍ ഉത്‌പാദകര്‍ വിസമ്മതിച്ചു.
തടിയും തൂക്കവും കൂട്ടാം എന്ന പേരില്‍ പുറത്തിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങള്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ തിരുവനന്തപുരത്തെ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു. ഇങ്ങനെ പുറത്തിറങ്ങുന്ന ഔഷധങ്ങള്‍ പലപ്പോഴും ഡയറ്റ്‌ കണ്‍ട്രോളര്‍ എന്നു തെറ്റിദ്ധരിപ്പിച്ചാണ്‌ പുറത്തിറങ്ങുന്നത്‌. കൂടുതല്‍ തൈറോയിഡ്‌ ഹോര്‍മോണുകള്‍ ചേര്‍ത്താണ്‌ ഇത്തരം ഔഷധങ്ങള്‍ പുറത്തിറങ്ങുന്നത്‌.
ശരീരത്തില്‍ തൈറോയിഡിന്റെ ആധിക്യം ഹൃദയത്തിന്റെ പേശികളെയും കരളിന്റെ കോശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ അപകടത്തിലാക്കുകയും ചെയ്യുമെന്ന്‌ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു. വ്യാജമായി തടി കൂട്ടുന്നത്‌ ബി പി, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടുണ്ട്‌. തടി പൊണ്ണത്തടിയാകുമ്പോള്‍ പിത്താശയ സഞ്ചിയില്‍ കല്ലുണ്ടാകാനും വന്ധ്യതക്കും കാരണമാകുന്നുണ്ട്‌.
പുരുഷന്മാര്‍ക്ക്‌ വണ്ണമുണ്ടാകാനും സൗന്ദര്യം വര്‍ധിക്കാനും മികച്ച ഔഷധമെന്ന പരസ്യവുമായി വിപണിയിലിറങ്ങുന്ന ആംസ്‌ട്രോംഗിനെ കുറിച്ചറിയാന്‍ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ വിളിച്ചു. ഈ മരുന്നിന്റെ സൂത്രധാരന്‍ ഡോ. ബാബുവിനെ ഫോണില്‍ ലഭിക്കുകയും ചെയ്‌തു. നീലപ്പന, പാല്‍മുഴുക്ക്‌, ചുക്ക്‌, ജീരകം തുടങ്ങിയ ചേരുവകള്‍ ചേര്‍ത്താണ്‌ ആംസ്‌ട്രോംഗ്‌ നിര്‍മിക്കുന്നതെന്ന്‌ ഡോ. ബാബു പറഞ്ഞു. ശരീരത്തില്‍ വിറ്റാമിനും പ്രോട്ടീനും കൂട്ടുകയെന്ന ധര്‍മമാണ്‌ തന്റെ മരുന്ന്‌ ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ശരീരത്തില്‍ കൃത്രിമമായി പ്രോട്ടീനും വിറ്റാമിനും ഉണ്ടാക്കുന്നത്‌ കോശങ്ങളുടെ അമിതമായ വളര്‍ച്ചക്കും ക്യാന്‍സറിനും വഴിതെളിക്കുമെന്ന്‌ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു.
സ്‌ത്രീകളുടെ തടിയും തൂക്കവും വര്‍ധിപ്പിക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള ദിവ്യഔഷധം എന്ന പരസ്യവുമായാണ്‌ മറ്റൊരു മരുന്ന്‌ വിപണിയിലെത്തുന്നത്‌. ഈ മരുന്ന്‌ പെണ്‍കുട്ടികള്‍ക്ക്‌ അംഗലാവണ്യവും സ്‌ത്രീകള്‍ക്ക്‌ പ്രസവശേഷം ശരീരഭംഗിയും വര്‍ധിപ്പിക്കുമത്രേ. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ഫോണ്‍ നമ്പറിലേക്ക്‌ വിളിച്ചു നോക്കിയാല്‍ ഏതൊക്കെ മരുന്നാണ്‌ ഇതില്‍ ചേര്‍ക്കുന്നതെന്നു നിര്‍മാതാക്കള്‍ പറയാന്‍ തയ്യാറാകുന്നില്ല. ശരിയായ ഔഷധമെങ്കില്‍ എന്തിന്‌ ചേരുവകളെ ഒളിച്ചുവെക്കണം? സ്റ്റിറോയിഡിന്റെ ക്രമാതീതമായ വര്‍ധന സ്‌ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും അണ്ഡാശയമുഴകള്‍ക്കും ഹോര്‍മോണ്‍ തകരാറുകള്‍ക്കും കാരണമാകാറുണ്ട്‌.
തൈലങ്ങള്‍ ഉപയോഗിച്ച്‌ തടി കുറയ്‌ക്കുന്നത്‌ അപകടകരമാണെന്ന്‌ കടത്തനാട്ട്‌ ആയുര്‍വേദ കേന്ദ്രത്തിലെ ഡോ. മോഹന്‍ദാസ്‌ പറയുന്നു. ഔഷധച്ചെടികള്‍ കൊണ്ടുള്ള ചികിത്സ ഫലിക്കാതെ വന്നാല്‍ മാത്രമേ ധാതുലവണങ്ങള്‍ കൊണ്ട്‌ ചികിത്സിക്കാന്‍ പാടുള്ളൂവെന്നും രോഗം മൂര്‍ച്ഛിച്ചവരിലും മധ്യവയസ്സ്‌ കഴിഞ്ഞവരിലും ഈ ചികിത്സ നടത്താറില്ലെന്നും വിവിധ ആയുര്‍വേദ ഡോക്‌ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു.
തടിയും തൂക്കവും കുറയ്‌ക്കാം എന്ന അവകാശവാദവുമായി പുറത്തിറങ്ങുന്ന ഔഷധങ്ങള്‍ ശുദ്ധതട്ടിപ്പാണെന്ന്‌ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു. ഭക്ഷണനിയന്ത്രണവും വ്യായാമവും ഇല്ലാതെയും ശരീരത്തിലെ ദുര്‍മേദസ്സ്‌ അലിയിച്ചു കളയുന്നുവെന്നാണ്‌ പരസ്യങ്ങളിലെ അവകാശവാദം. എന്നാല്‍ വണ്ണം കുറയ്‌ക്കാനുള്ള പ്രായോഗികവും ആരോഗ്യകരവുമായ മാര്‍ഗം ഭക്ഷണം കുറയ്‌ക്കലും വ്യായാമവുമാണെന്ന്‌ ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. ആയുര്‍വേദ ലേഹ്യമെന്ന ലേബലില്‍ പുറത്തിറങ്ങുന്ന ഇത്തരം മരുന്നുകള്‍ പഥ്യം ആവശ്യമില്ലെന്ന അറിയിപ്പോടെയാണ്‌ പരസ്യം ചെയ്യുന്നത്‌. എന്നാല്‍ എല്ലാ ആയുര്‍വേദ മരുന്നുകള്‍ക്കും പഥ്യം ആവശ്യമാണെന്ന്‌ വടകരയിലെ കടത്തനാട്ട്‌ ആരോഗ്യകേന്ദ്രത്തിലെ ഡോ. മോഹന്‍ദാസ്‌ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷ്‌ മരുന്നുകളുടെ പുറത്ത്‌ കാലാവധി രേഖപ്പെടുത്താറുണ്ട്‌. എന്നാല്‍ ഭൂരിഭാഗം ആയുര്‍വേദ മരുന്നുകളിലും ഇത്‌ കാണാറില്ലെന്നതാണ്‌ വസ്‌തുത. ആയുര്‍വേദ മരുന്നുകളും കാലപ്പഴക്കത്തില്‍ കേടാകും. ഗര്‍ഭകാല ശുശ്രൂഷക്കും സൗന്ദര്യവും ഓജസ്സും വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ ഇറങ്ങുന്ന മരുന്നുകള്‍ കഴിച്ച്‌ ഉള്ള സൗന്ദര്യവും ആരോഗ്യവും നശിപ്പിക്കുന്നവരും ഒട്ടും കുറവല്ല.
വേഗം തടി കുറയ്‌ക്കാം എന്നവകാശപ്പെടുന്ന മിക്ക മരുന്നുകളും ഉപകരണങ്ങളും വ്യായാമം ചെയ്യാന്‍ മടിക്കുന്ന വിഡ്‌ഢികളെ പറ്റിക്കാനുള്ളതാണെന്നാണ്‌ കോഴിക്കോട്ടെ ആയുര്‍വേദ ഡോക്‌ടര്‍ പി ടി രാമചന്ദ്രന്റെ അഭിപ്രായം. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസില്‍ സ്വാധീനം ചെലുത്തിയാണ്‌ തടി നിയന്ത്രണ ഗുളികകള്‍ പ്രവര്‍ത്തിക്കുന്നത്‌.
തടി കുറയ്‌ക്കാന്‍ അലോപ്പതിയില്‍ ആദ്യമെത്തിയ മരുന്ന്‌ ആംഫിറ്റമിനാണ്‌. പിന്നീട്‌ ഫെന്‍ഫ്‌ളറമിന്‍ മരുന്നുകളും വിപണിയിലെത്തി. പക്ഷേ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ്‌ ഈ മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടാക്കുക. തുടര്‍ന്ന്‌ പാര്‍ശ്വഫലങ്ങള്‍ അത്രത്തോളമില്ലാത്ത സിബ്യൂട്രമിന്‍ മരുന്നുകളും വിപണിയിലെത്തി. ഈ ഗുളികകള്‍ കഴിക്കുന്നവര്‍ക്ക്‌ അല്‍പ്പമെന്തെങ്കിലും കഴിച്ചാല്‍തന്നെ പെട്ടെന്നു വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ കോഴിക്കോട്ടെ റിട്ട. സിവില്‍ സര്‍ജന്‍ ഡോ. കെ ഹരിദാസ്‌ പറയുന്നു. തടി കുറയ്‌ക്കാനുള്ള ഏതു മരുന്നും ഡോക്‌ടറുടെ നിര്‍ദേശ പ്രകാരമേ കഴിക്കാവൂവെന്നും ഡോക്‌ടര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
എല്ലാ മുന്നറിയിപ്പുകളും മറികടന്നുകൊണ്ട്‌ വ്യാജന്മാരും മരുന്നു കമ്പനികളും അരങ്ങ്‌ തകര്‍ക്കുന്നതു കാണുമ്പോള്‍ ന്യായമായും ഒരു ചോദ്യമുയരാം. ഇതൊന്നും തടയാന്‍ നിയമമില്ലേ?


അനന്തം അജ്ഞാതം അര്‍വണനീയം, യുനാനി ഹഖീം മാറ്റുന്ന രോഗം 5


കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍ ഭാഗം 4

``ഈഷുരു ഗോഷുരു
മര്‍ക്കട ബീജം മുസ്‌ലി
ശതാവരി മാസനിലഞ്ച
ഗോഗുര ശര്‍ക്കര മധുസംയുക്തം
നാരീജന കേസരി യോഗം''
......... ഡോക്‌ടര്‍ ഹഖീം യുനാനിയിലെ ഔഷധ സംയുക്തത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിക്കുകയാണ്‌. കോഴിക്കോട്ടാണ്‌ ഹഖീം ഡോക്‌ടറുടെ ചികിത്സാലയം. ഈ തത്വപ്രകാരം ചികിത്സിച്ചാല്‍ ലൈംഗിക പ്രയാസങ്ങള്‍ മൂന്നു മാസം കൊണ്ട്‌ സുഖപ്പെടുമെന്ന്‌ ഡോക്‌ടര്‍ അവകാശപ്പെടുന്നു.
ഹഖീം ഡോക്‌ടര്‍ ചികിത്സ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അതിനുമുമ്പ്‌ അദ്ദേഹത്തിന്റെ പിതാവായിരുന്നു ചികിത്സാലയം നടത്തിയിരുന്നത്‌. പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ്‌ ഹക്കീം ഡോക്‌ടര്‍ക്ക്‌.
അപ്പോള്‍ അനുഭവപരിചയം കൂടുമല്ലോ. അനുഭവസ്ഥരുടെ എണ്ണവും കൂടേണ്ടതാണ്‌. അതിനാല്‍, ചികിത്സാലയത്തില്‍ നിന്ന്‌ ചികിത്സിച്ച്‌ ഫലം കണ്ടെത്തിയ ഒരാളുടെയെങ്കിലും ഫോണ്‍ നമ്പര്‍ തരാന്‍ ഡോക്‌ടറോട്‌ അഭ്യര്‍ഥിച്ചു. എവിടെയൊക്കെയോ തപ്പിത്തിരഞ്ഞശേഷം ഒരു നമ്പര്‍ തന്നു. ആ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത്‌ ഒരു ശങ്കരന്‍ ആണ്‌. പക്ഷേ, അദ്ദേഹത്തിന്‌ ഹഖീം ഡോക്‌ടറെ പരിചയമില്ല. അങ്ങനെയൊരു ചികിത്സക്ക്‌ പോയിട്ടുമില്ല. ``നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഞാനല്ല.'' എന്നു കടുപ്പിച്ച്‌ പറഞ്ഞ്‌ ശങ്കരന്‍ ഫോണ്‍ വെച്ചു.
ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്‌ ഏറ്റവുമധികം ആളുകള്‍ ചികിത്സ തേടിയെത്തുന്നത്‌ യുനാനി ചികിത്സാലയങ്ങളിലാണ്‌. യുനാനിയുടെ പഴക്കവും പാരമ്പര്യവും തന്നെയാണ്‌ കാരണം. പക്ഷേ, കേരളത്തില്‍ യുനാനിയെന്ന ബോര്‍ഡിന്റെ മറവില്‍ ലൈംഗിക ചികിത്സക്ക്‌ ഇരിക്കുന്നവരില്‍ 99 ശതമാനം പേര്‍ക്കും ഈ ചികിത്സയുടെ അടിസ്ഥാന വിവരങ്ങളില്ല. സ്വന്തം ചികിത്സകൊണ്ട്‌ രോഗം മാറിയ ഒരാളെ ചൂണ്ടിക്കാട്ടിത്തരാന്‍ ഒരാള്‍ക്കും സാധിക്കുന്നില്ല.
സ്ഥിരമായി പത്രപരസ്യം ചെയ്യുന്ന ഒരു ഡോക്‌ടറെ വിളിച്ചു. `രോഗം മാറിയ ഒരാളുടെയെങ്കിലും നമ്പര്‍ തരാമോ. ഒരു ഗവേഷണത്തിന്റെ ഭാഗമായാണ്‌' എന്നു പറഞ്ഞപ്പോള്‍ വളരെ സൗമ്യനായി ഡോക്‌ടര്‍ മറുപടി തന്നു. `` യ്യോ, അങ്ങനെ തരാന്‍ നമ്പര്‍ ഇല്ലല്ലോ''
എന്നാല്‍, എല്ലാ യുനാനി ചികിത്സകരും ഇത്രമേല്‍ സൗമ്യരല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പത്ര പരസ്യം കണ്ട്‌ കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യുനാനി സെന്ററിലെ ഡോ. ഹഖീം മുഹമ്മദിനെ ഫോണില്‍ വിളിച്ചു(സെപ്‌തംബര്‍ 22ന്‌). രോഗിയെന്ന മട്ടിലാണ്‌ ഡോക്‌ടറോട്‌ സംസാരിച്ചത്‌. രോഗവിവരം തിരക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഒന്നര മാസത്തെ മരുന്ന്‌ താങ്കളുടെ അഡ്രസില്‍ അയച്ചുതരാമെന്നും 1500 രൂപയാണ്‌ വിലയെന്നും ഡോക്‌ടര്‍ പറഞ്ഞു. ഡോക്‌ടര്‍ ചികിത്സിച്ച്‌ രോഗം ഭേദമായവരുടെ അഡ്രസ്സോ ഫോണ്‍ നമ്പറോ തരാന്‍ പറഞ്ഞപ്പോള്‍ വാക്കുകള്‍ പരുഷമായി. അത്‌ തരാന്‍ പറ്റില്ലെന്നും രഹസ്യചികിത്സയായതിനാല്‍ രോഗിയുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കലാണെന്നും ഡോക്‌ടര്‍ വിശദീകരിച്ചു. എന്നാല്‍ ചികിത്സ തുടങ്ങണമെങ്കില്‍ ഫലപ്രാപ്‌തി ലഭിച്ചവരുടെ ഫോണ്‍ നമ്പര്‍ വേണമെന്ന്‌ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അസുഖം ഭേദമായവര്‍ ഒരു ലക്ഷത്തിലധികമുണ്ടെന്നും പക്ഷേ തരാന്‍ മനസ്സില്ലെന്നും വേണമെങ്കില്‍ നേരിട്ട്‌ വന്നാല്‍ സംശയം മുഴുവന്‍ തീര്‍ത്തു തരാമെന്നും ഡോക്‌ടര്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.
പിന്നീട്‌ ഫോണ്‍ കട്ട്‌ ചെയ്‌തു. പരസ്യങ്ങളില്‍ കാണുന്ന യുനാനി ചികിത്സകരെ വിളിച്ചാല്‍ ഇത്തരത്തിലുള്ള മറുപടിയാണ്‌ പലപ്പോഴും ലഭിക്കുന്നത്‌.
കോഴിക്കോട്ടെ മാങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുനാനി ഫാര്‍മയിലെ ഡോക്‌ടറെ വിളിച്ചപ്പോഴും പ്രതികരണം വ്യത്യസ്‌തമായിരുന്നില്ല. ഡോക്‌ടറുടെ ചികിത്സ തേടാന്‍ മരുന്നിനെ കുറിച്ചും ചികിത്സാ രീതിയെ കുറിച്ചും അറിയണമെന്ന്‌ ആവശ്യപ്പെട്ടു. മരുന്നിനെ കുറിച്ച്‌ പറയാന്‍ ഡോക്‌ടര്‍ വിസമ്മതിച്ചു. ചികിത്സയിലൂടെ ഫലം കിട്ടിയവരുടെ ഫോണ്‍ നമ്പര്‍ തരാന്‍ പറഞ്ഞപ്പോള്‍ ഫോണിലൂടെ സംസാരിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും നേരില്‍ കണ്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി തരാമെന്നും ഡോക്‌ടര്‍ പറഞ്ഞു. ശേഷം ഫോണ്‍ കട്ട്‌ ചെയ്‌തു.
പച്ചമരുന്നുകളായ കന്മദം, നാഗപ്പൂവ്‌, നെല്ലിക്ക, താനിക്ക, വെളുത്തുള്ളി, ഇരട്ടിമധുരം, കടുക്ക, സുന്നമക്കി, സാലാമസ്‌റി, പഞ്ചാമസ്‌റി തുടങ്ങിയവയാണ്‌ യുനാനി മരുന്നുകളുടെ ചേരുവയെന്ന്‌ കോഴിക്കോട്‌ ചാലപ്പുറത്ത്‌ പ്രവര്‍ത്തിക്കുന്ന ഡോക്‌ടര്‍ പറയുന്നു. സുന്നമക്കി ലോകത്ത്‌ ലഭ്യമായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഔഷധമാണെന്നാണ്‌ ഡോക്‌ടറുടെ വാദം. ഇത്‌ ശരീരത്തിലുള്ള വിഷാംശങ്ങളെയെല്ലാം അലിയിക്കുന്നു. സാലാമസ്‌റിക്ക്‌ സ്‌ത്രീലിംഗത്തിന്റെ രൂപമാണെന്നും പഞ്ചാമസ്‌റിക്ക്‌ പുരുഷ ലിംഗത്തിന്റെ ആകൃതിയുമാണെന്നും ഡോക്‌ടര്‍ . എന്നാല്‍ ഈ മരുന്നുകള്‍ ശരീരത്തില്‍ എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന്‌ ഇത്‌ ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നുവെന്നു മാത്രമാണ്‌ ഡോക്‌ടറുടെ മറുപടി.
ശരീരത്തിന്റെ ഏഴ്‌ ധാതുക്കളായ മജ്ജ, മാംസം, രസം, അസ്ഥി, ശുക്ലം, ത്വക്ക്‌, രക്തം എന്നിവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള ചേരുവയാണ്‌ ഈ മരുന്നിലുള്ളതെന്നാണ്‌ ഡോക്‌ടര്‍ പറയുന്നത്‌.
ആയൂര്‍വേദത്തിന്റെ എട്ട്‌ ശാഖകളില്‍ പെടുന്നതാണ്‌ യുനാനിയെന്നാണ്‌ ചില ചികിത്സകര്‍ പറയുന്നത്‌. പലരും ഇത്‌ ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല. തങ്ങളുടെ മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ ചില നിര്‍ദേശങ്ങളുടെ പിന്‍ബലത്തില്‍ മാത്രമാണ്‌ ഇത്തരം ക്ലിനിക്കുകളുടെ നിലനില്‍പ്പ്‌ തന്നെ. ലിംഗം വേണ്ട രീതിയില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂവെന്നാണ്‌ ഇവരുടെ പക്ഷം. എന്നാല്‍ ലിംഗോദ്ധാരണവും ഗര്‍ഭധാരണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്‌ ഡോ. പി എ ലളിത ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന്‌ മുന്‍പും ശേഷവുമുള്ള ലിംഗത്തിന്റെ വലിപ്പക്കുറവ്‌ ചികിത്സിച്ച്‌ ഭേദമാക്കുന്നുവെന്ന യുനാനി ചികിത്സകരുടെ പരസ്യവാചകം തന്നെ തെറ്റാണ്‌. വിവാഹത്തിന്‌ മുന്‍പുള്ള അതേ വലിപ്പം മാത്രമേ ലിംഗത്തിന്‌ വിവാഹത്തിന്‌ ശേഷവും ഉണ്ടാകുകയുള്ളൂ. ലിംഗത്തിന്റെ വലിപ്പവും ലൈംഗികതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ്‌ യാഥാര്‍ഥ്യം. എന്നാല്‍ ഇത്തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളില്‍ വീണ്‌ പോകുന്നവര്‍ക്ക്‌ കീശ കാലിയാകുമ്പോള്‍ മാത്രമാണ്‌ തിരിച്ചറിവുണ്ടാകുന്നത്‌.
കേരളത്തില്‍ മറ്റൊരു യുനാനി ചികിത്സകനുമായും തങ്ങളുടെ ക്ലിനിക്കുകള്‍ക്ക്‌ ബന്ധമില്ലെന്നാണ്‌ പല യുനാനി ചികിത്സകരും പരസ്യത്തില്‍ പറയുന്നത്‌. എന്നാല്‍ ഇവരുടെ പരസ്യവാചകങ്ങളിലെ വാചക ഘടനപോലും സമാനമാണെന്ന്‌ ആരും ശ്രദ്ധിക്കാറില്ല. ഇത്തരം മരുന്നുകള്‍ കഴിച്ച ആളുകള്‍ക്ക്‌ താത്‌കാലികമായ ഉത്സാഹം ലഭിക്കുമെങ്കിലും പിന്നീട്‌ മരുന്നിന്‌ അടിമപ്പെടുന്നതായാണ്‌ കാണപ്പെടുന്നത്‌. ഇത്തരം മരുന്നുകളുടെ അമിതമായ ഉപയോഗം രക്തചംക്രമണത്തെ സാരമായി ബാധിക്കുകയും നാഡീഞരമ്പുകളെയും വൃക്കയെയും തളര്‍ത്തുകയും ചെയ്യുന്നുവെന്നാണ്‌ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
ലൈംഗിക ഉത്തേജക മരുന്നുകളുടെ ഉപയോഗം അധികമായാല്‍ തളര്‍വാതത്തിനും പുരുഷന്മാരില്‍ സ്‌തന വളര്‍ച്ചക്കും സ്‌ത്രീകളില്‍ സ്‌തനം ചുരുങ്ങുന്നതിനും കാരണമാകുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ആയുര്‍വേദ മരുന്നുകളില്‍ കൂടുതലായി ഉത്തേജക വസ്‌തുക്കള്‍ (സ്റ്റിറോയിഡ)്‌ ചേര്‍ക്കുന്നുവെന്ന വാദം നേരത്തെ വിവാദമായിരുന്നു. ഈ ഉത്തേജക വസ്‌തുക്കളാണ്‌്‌ ശരീരത്തിന്‌ ദോഷകരമാകുന്നത്‌. വിവിധതരത്തിലുള്ള യുനാനി മരുന്നുകള്‍ പുരുഷന്മാരില്‍ വൃഷണം ചുരുങ്ങുന്നതിനും സ്‌ത്രീകളില്‍ ആര്‍ത്തവക്രമം തെറ്റുന്നതിനും കാരണമാകുന്നുണ്ട്‌. ഇത്തരം മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന കാട്ടുവഴുതിനയില്‍ ധാരാളം പ്രകൃതിദത്ത ഉത്തേജകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഈ സ്റ്റിറോയിഡുകളുടെ അമിതമായ പ്രവാഹം മസ്‌തിഷ്‌കാര്‍ബുദത്തിനും ലിവര്‍ ട്യൂമറിനും ക്യാന്‍സറിനും കാരണമാകുന്നുവെന്ന്‌ ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതൊന്നുമല്ല, മലയാളി കാണുന്നത്‌. പരസ്യങ്ങള്‍ മാത്രമാണിന്ന്‌ ശരാശരി മലയാളിയുടെ മനസ്സിലെ ചൂണ്ടുപലക. കിടപ്പറസുഖത്തിന്‌ മാത്രമല്ല ശരീരം തടിക്കാനും മെലിയാനും സുമുഖനാകാനും സുന്ദരനാകാനുമെല്ലാം മലയാളി പരസ്യത്തിലേക്കാണ്‌ നോക്കുന്നത്‌. അങ്ങനെ പരസ്യം മനസ്സിന്റെ കണ്ണാടിയാകുമ്പോള്‍ ശരീരത്തിന്‌ എന്തു സംഭവിക്കുന്നു.

അലോപ്പതിയിലെ അത്ഭുതം പോക്കറ്റിലാണ്‌ (റേറ്റ്‌ കൂടും) 3


കിടപ്പറയില്‍ മരുന്ന്‌്‌ നിറക്കുമ്പോള്‍ ഭാഗം 3
കോഴിക്കോട്‌ ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥ നവദമ്പതിമാര്‍. കല്യാണം കഴിഞ്ഞ്‌ ആദ്യ രണ്ടുമാസം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ ഉദ്ധാരണക്കുറവും ശീഘ്ര സ്‌ഖലനവുമായിരുന്നു പ്രശ്‌നം. ഇക്കാര്യം ഒരു ഡോക്‌ടറെ കണ്ട്‌ സംസാരിക്കാന്‍ ആ യുവാവ്‌ തയ്യാറായിരുന്നില്ല. ഒടുവില്‍ കൊണ്ടെത്തിച്ചത്‌ വയാഗ്രയിലേക്കാണ്‌. ഡോക്‌ടറുടെ നിര്‍ദേശം കൂടാതെ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന്‌ വയാഗ്ര വാങ്ങി കഴിക്കാന്‍ തുടങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. ആശങ്ക വളര്‍ന്ന്‌ വളര്‍ന്ന്‌ കടുത്ത സമ്മര്‍ദ രോഗിയായി മാറിയ അയാളെ ഒടുക്കം ഭാര്യ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ എത്തിക്കുകയായിരുന്നു. തന്റെ ലൈംഗികാവയവം ചെറുതാണോയെന്ന തോന്നലായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. നീലച്ചിത്രങ്ങളിലും മറ്റും കണ്ട്‌ പരിചയിച്ചത്ര വലുപ്പം തന്റെ അവയവങ്ങള്‍ക്കില്ലെന്ന ആശങ്ക യുവാവിനെ വല്ലാതെ അലട്ടി. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആശങ്ക കൂടിക്കൂടി വരുകയായിരുന്നു പതിവ്‌.
മറ്റൊരു സംഭവം, ഇവിടെയും പരാതിക്കാര്‍ ദമ്പതികള്‍ തന്നെയാണ്‌. കല്യാണം കഴിഞ്ഞിട്ട്‌ അഞ്ചു വര്‍ഷമായിട്ടും കുഞ്ഞുണ്ടായില്ല. കുട്ടികള്‍ ഉണ്ടാകാത്തതെന്താ എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്ക്‌ തങ്ങള്‍ക്കിപ്പോള്‍ കുട്ടികള്‍ വേണ്ട എന്നാണ്‌ ഈ ദമ്പതികള്‍ പറഞ്ഞിരുന്നത്‌.
ഒരു കുഞ്ഞിക്കാല്‌ കാണാന്‍ പരസ്യങ്ങളിലും മറ്റും കണ്ട പല മരുന്നുകളും ഉപയോഗിച്ച്‌ സാത്തിക നഷ്‌ടം ഉണ്ടായതിനു ശേഷമാണ്‌ ഇവര്‍ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തിയത്‌. പക്ഷേ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തിയപ്പോഴാണ്‌ കുഴപ്പം ഭര്‍ത്താവിനാണെന്ന്‌ മനസ്സിലായത്‌. പുകവലിയും മദ്യപാനവുമായിരുന്നു വില്ലന്‍. ദിവസവും മദ്യപിക്കുകയും രണ്ടും മൂന്നും പാക്കറ്റ്‌ സിഗരറ്റ്‌ വലിച്ചൂതുകയും ചെയ്‌തിരുന്നു കഥാനായകന്‍. പുകവലി ശിശ്‌നത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിച്ച്‌ വന്ധ്യതക്ക്‌ കാരണമാകുന്നു. മദ്യപാനം ഞരമ്പുകള്‍ക്ക്‌ കേടുവരുത്തുകയും വൃഷണങ്ങള്‍ക്ക്‌ ദോഷമുണ്ടാക്കുകയും ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ താഴ്‌ത്തുകയും ചെയ്യുന്നുവെന്ന്‌ ക്ലിനിക്കിലെത്തിയപ്പോഴാണ്‌ ഈ ചെറുപ്പക്കാരന്‍ മനസ്സിലാക്കിയത്‌.
ഇത്തരത്തില്‍ കല്യാണം കഴിഞ്ഞ്‌ നിരവധി ചെറുപ്പക്കാര്‍ വയാഗ്രയെ ആശ്രയിക്കാറുണ്ട്‌. സുഹൃത്തുകള്‍ പകര്‍ന്നു നല്‍കിയ തെറ്റായ ലൈംഗിക വിദ്യാഭ്യാസമാണ്‌ ഇതിന്റെ മൂല കാരണം. ഇത്തരക്കാര്‍ക്ക്‌ മരുന്ന്‌ നിര്‍ദേശിക്കുന്നതും സുഹൃത്തുക്കള്‍ തന്നെയാണ്‌. വന്ധ്യതക്ക്‌ പോലും ശാസ്‌ത്രീയമായ ചികിത്സ തേടാതെ മരുന്നു കടകളില്‍ ചെന്ന്‌ സ്വയം ചികിത്സ തേടുന്ന യുവ ഭര്‍ത്താക്കന്മാര്‍ പെരുകി വരികയാണ്‌. അഭ്യസ്‌തവിദ്യര്‍ പോലും ലൈംഗികതയില്‍ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരാണെന്നാണ്‌ പലരുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നത്‌.
അഭ്യസ്‌തവിദ്യരായ ലൈംഗിക നിരക്ഷരര്‍ പലപ്പോഴും അലോപ്പതി മരുന്നുകളെയാണ്‌ ആശ്രയിക്കുന്നത്‌. സില്‍ഡനാഫില്‍ സിട്രേറ്റ ്‌(വയാഗ്ര), ടെഡ്‌ലാഫില്‍, ലിവേര്‍ട്ടാ വഡ്‌നാഫില്‍, പെനേഗ്ര, കവേര്‍ട്ട, ടസ്സില്‍, ഓവര്‍സ്റ്റിറോണ്‍ (സ്‌ത്രീകള്‍ക്ക്‌) എന്നിവയാണ്‌ അലോപ്പതി വിഭാഗത്തില്‍ വാജീകരണ ഔഷധങ്ങളായി ഉപയോഗിക്കുന്നത്‌. ഇതില്‍ സില്‍ഡനാഫില്‍ സിട്രേറ്റിനാണ്‌ ആവശ്യക്കാര്‍ കൂടുതല്‍. ഇതിന്റെ അമിതമായ ഉപയോഗം ആരോഗ്യം തകര്‍ക്കുമെന്ന്‌ മാത്രമല്ല ഹൃദയ- വൃക്ക- പ്രമേഹ രോഗികള്‍ ഇത്‌ ഉപയോഗിച്ചു കൂടാത്തതാണ്‌. രക്തചംക്രമണം കൂട്ടി ഉദ്ധാരണ സമയം ദീര്‍ഘിപ്പിക്കുകയും ലിംഗത്തെ കൂടുതല്‍ ഉദ്ധരിപ്പിക്കുകയുമാണ്‌ ഇത്തരം മരുന്നുകള്‍ ചെയ്യുന്നതെന്ന്‌ കോഴിക്കോട്‌ മലബാര്‍ ഹോസ്‌പിറ്റല്‍ മാനേജിംഗ്‌ ഡയറക്‌ടറും പ്രശസ്‌ത ഗൈനക്കോളജിസ്റ്റിമായ ഡോ. പി എ ലളിത പറയുന്നു.
സില്‍ഡനാഫില്‍ സിട്രേറ്റ്‌ അമിതമായി ഉപയോഗിക്കുന്നത്‌ ദഹനക്കേട്‌, കാഴ്‌ച്ചക്കുറവ്‌, ഹൃദയമിടിപ്പ്‌ അനിയന്ത്രിമായി വര്‍ധിക്കുക, വേദനയോടെയും ലൈംഗിക തൃഷ്‌ണയില്ലാതെയും ലിംഗം ഉദ്ധരിക്കുക, രക്തത്തില്‍ പ്ലാസ്‌മ കോശങ്ങള്‍ കുറയുക, മസ്‌തിഷ്‌കാഘാതം, ഹൃദയത്തിന്റെ പേശിയില്‍ രക്തചംക്രമണം നിലച്ച്‌ പ്രവര്‍ത്തന രഹിതമാകുക എന്നിവക്ക്‌ കാരണമാകുെമന്ന്‌ ഡോക്‌ടര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
ഇതിനെക്കാള്‍ അപകടകാരിയാണ്‌ ടെഡ്‌ലാഫില്‍. സില്‍ഡനാഫിലിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം നാലു മണിക്കൂറാണെങ്കില്‍ ടെഡ്‌ലാഫില്‍ 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. മേല്‍പ്പറഞ്ഞ പാര്‍ശ്വഫലങ്ങള്‍ക്ക്‌ പുറമെ തലവേദന, ശക്തമായ വയറു വേദന, നടുവേദന, പേശീവേദന എന്നിവ ഇതിന്റെ സംഭാവനയായി ലഭിക്കും. ലിവേര്‍ട്ടാ വഡ്‌നാഫില്‍ ഉപയോഗിച്ചാല്‍ കാഴ്‌ച, കേള്‍വിശേഷി നഷ്‌ടപ്പെടല്‍, തലവേദന, മൂക്കില്‍ നിന്ന്‌ രക്തം വരല്‍, അതി രക്തസമ്മര്‍ദം എന്നിവക്ക്‌ കാരണമാകുകയും ചെയ്യും.
ലൈംഗികതയുടെ അടിസ്ഥാനം പൗരുഷമാണെന്നും പൗരുഷമെന്നാല്‍ അവയവത്തിന്റെ വലുപ്പമാണെന്നുമാണ്‌ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ ധാരണ. സില്‍ഡനാഫില്‍ സിട്രേറ്റ്‌, ടെഡ്‌ലാഫില്‍, ലിവേര്‍ട്ടാ വഡ്‌നാഫില്‍, പെനേഗ്ര, കവേര്‍ട്ട, ടസ്സില്‍, ഓവര്‍സ്റ്റിറോണ്‍ എന്നീ മരുന്നുകള്‍ ഹോര്‍മോണ്‍ എന്‍സൈമായ പിഡിഇ5 (ഫോസ്‌പോ ഡൈസ്റ്റെറൈസ്‌ ടൈപ്പ്‌ 5)നെ ഉത്തേജിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്തചംക്രമണം വര്‍ധിപ്പിച്ച്‌ ശരീരത്തില്‍ നൈട്രിക്‌ ഓക്‌സൈഡ്‌ വര്‍ധിപ്പിക്കുന്നു. ഈ നൈട്രിക്‌ ഓക്‌സൈഡ്‌ ശിശ്‌നാഗ്ര ചര്‍മത്തിലേക്ക്‌ കൂടുതലായി പ്രവഹിക്കുമ്പോഴാണ്‌ ഉദ്ധാരണം സംഭവിക്കുന്നത്‌.
രോഗം കൃത്യമായി മനസ്സിലാക്കാതെ ഇത്തരത്തിലുള്ള മരുന്നുകളെ ഉപയോഗിക്കുന്നത്‌ ഹൃദ്രോഗികളെ പ്രതികൂലമായി ബാധിക്കും. നൈട്രിക്‌ ഓക്‌സൈഡ്‌ രക്തകുഴലുകളെ വികസിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ ഹൃദ്‌രോഗികളുടെ ബി പി കൂട്ടുകയും ശാരീരിക സ്ഥിതി ഗുരുതരമാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നൈട്രിക്‌ ഓക്‌സൈഡിന്റെ അമിതമായ ഉത്‌പാദനം വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മൂത്രത്തിന്റെ അളവ്‌ കുറയാനും കിഡ്‌നിയുടെ പ്രവര്‍ത്തന വേഗത കുറയാനും കാരണമാകും. യൂറോളജിസ്റ്റ്‌, കാര്‍ഡിയോളജിസ്റ്റ്‌, സൈക്യാര്‍ട്ടിസ്റ്റ്‌, ഡര്‍മറ്റോളജിസ്റ്റ്‌, എന്‍ഡോക്രിനോളജിസ്റ്റ്‌ എന്നിവരുടെ നിര്‍ദേശ പ്രകാരം മാത്രമേ വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന്‌ ഡോക്‌ടര്‍ ലളിത മുന്നറിയിപ്പ്‌ നല്‍കുന്നു.
ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ്‌ നിയമം. എന്നാല്‍ ഇത്‌ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഡ്രഗ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളില്‍ സില്‍ഡനാഫില്‍ സിട്രേറ്റ്‌ പോലുള്ള മരുന്നുകളുടെ അനധികൃത വില്‍പ്പന വ്യാപകമാണെന്ന്‌ ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വക്താവ്‌ ജയന്‍ കോറോത്ത്‌ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള വില്‍പ്പന പലപ്പോഴും അമിതമായി വില ഈടാക്കിയാണ്‌. ഇരുപത്‌ രൂപവരുന്ന ക്യാപ്‌സ്യൂളിന്‌ എണ്‍പതും നൂറും രൂപയാണ്‌ ഈടാക്കുന്നത്‌. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാര്‍ സ്വന്തമായി സൂക്ഷിക്കുന്ന ഇത്തരം മരുന്നുകള്‍ ആവശ്യക്കാര്‍ക്ക്‌ രഹസ്യമായി കീശയില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കുകയാണ്‌ പതിവ്‌. ഇത്‌ തടയാന്‍ ഡ്രഗ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ `സഹകരണം' നിര്‍ത്തി ജോലിയോട്‌ കൂറു പുലര്‍ത്തണമെന്ന്‌ ജയന്‍ കോറോത്ത്‌ പറയുന്നു. പല അലോപ്പതി മരുന്നുകളിലും ആല്‍ക്കഹോളിന്റെയും കൊഡീലിന്റെയും കഞ്ചാവിന്റെയും അംശം ഉണ്ടെന്ന്‌ പല പരീക്ഷണങ്ങളിലും തെളിഞ്ഞതാണ്‌. ഇവയുടെ അമിതമായ ഉപയോഗം ഇത്തരം മയക്കുമരുന്നുകളുടെ അടിമയാക്കി മാറ്റുകയും കാലക്രമേണ ലൈംഗിക ബന്ധത്തില്‍ പൂര്‍ണ പരാജിതരാക്കുകയും ചെയ്യുമെന്ന്‌ റിട്ടയേര്‍ഡ്‌ സിവില്‍ സര്‍ജനായ കോഴിക്കോട്ടെ ഡോ. കെ ഹരിദാസ്‌ പറയുന്നു.
വന്ധ്യതക്ക്‌ പൂര്‍ണ പരിഹാരം എന്ന പ്രഖ്യാപനവുമായി വരുന്ന മരുന്നുകളെല്ലാം തട്ടിപ്പാണെന്നാണ്‌ ഡോ. പി എ ലളിത പറയുന്നത്‌. വന്ധ്യതക്കുള്ള അറുപത്‌ ശതമാനം കാരണങ്ങള്‍ മാത്രമേ ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടുള്ളൂ. നാല്‍പത്‌ ശതമാനം ഇനിയും കണ്ടെത്തേണ്ടതുണ്ട്‌.
വന്ധ്യത എന്തെന്ന്‌ പോലുമറിയാത്തവരാണ്‌ വ്യാജ മരുന്നുകളുടെ പിന്നാലെ പോകുന്നതെന്ന്‌ ഡോ. ലളിത പറയുന്നു. രണ്ടു തരത്തില്‍ വന്ധ്യത കാണപ്പെടുന്നുണ്ട്‌. ലിംഗോദ്ധാരണം ഉണ്ടാകാനോ നിലനിര്‍ത്താനോ ഉള്ള കഴിവ്‌ തുടര്‍ച്ചയായി ഇല്ലാതാകുന്ന അവസ്ഥയാണ്‌ ആദ്യത്തേത്‌. ഇവിടെ ബീജത്തിന്‌ ശേഷിയുണ്ടാകും. ഇംപൊട്ടന്‍സി, ഇറക്‌റ്റൈല്‍ ഡിസ്‌ഫംങ്‌ഷന്‍ എന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌. രണ്ടാമത്തേതില്‍ ഉദ്ധാരണശേഷിക്ക്‌ കുറവ്‌ ഉണ്ടാകില്ല. പക്ഷേ ബീജങ്ങള്‍ സന്താനോത്‌പാദന ശേഷി ഉള്ളവയാകില്ല. സ്റ്റെറിലിറ്റി എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌.
ചിലപ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീനുകള്‍ കൂടിച്ചേരാത്തതായിരിക്കും (ജനിതക തകരാര്‍). ഇതിനുള്ള മരുന്ന്‌ ഇതുവരെ ആധുനിക വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടുപോലുമില്ല. ശാസ്‌ത്രീയമായ പരിശോധനയിലൂടെ മാത്രമേ ഇവ കണ്ടെത്താനാകൂ. പുരുഷന്‍മാര്‍ക്ക്‌ ഹോര്‍മോണ്‍ ടെസ്റ്റ്‌, സ്‌കോര്‍ട്ടം (വൃഷണ സഞ്ചി) സ്‌കാനിംഗ്‌ എന്നിവയും സ്‌ത്രീകള്‍ക്ക്‌ എഫ്‌ എസ്‌ എച്ച്‌, എല്‍ എച്ച്‌, പ്രോലാക്‌ടിന്‍, തൈറോയിഡ്‌ ഹോര്‍മോണ്‍, ടോര്‍ച്ച്‌ ടെസ്റ്റ്‌, എ എന്‍ എച്ച്‌, എ പി എ തുടങ്ങിയ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ വന്ധ്യതയുടെ യഥാര്‍ഥ കാരണം തിരിച്ചറിയാന്‍ പറ്റുകയുള്ളൂവെന്ന്‌ ഡോ. പി എ ലളിത പറയുന്നു. പരിസ്ഥിതി മലിനീകരണം, ഭക്ഷണം, കൊഴുപ്പ്‌, ബേക്കറി പോലുള്ള ചൂടുള്ള അന്തരീക്ഷത്തിലെ ജോലി തുടങ്ങിയവയും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌. ഫാസ്റ്റ്‌ ഫുഡ്‌ വന്ധ്യതക്ക്‌ പ്രധാന കാരണമാണ്‌. ഫാസ്റ്റ്‌ ഫുഡിന്റെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ലൈംഗിക ശേഷി കുറക്കുകയും ചെയ്യുന്നു.
പ്രമേഹം, വൃക്കരോഗങ്ങള്‍, രക്തസമര്‍ദം, ഹൃദ്രോഗം മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌, അഥേറോസക്ലീറോസിസ്‌ എന്നിവയും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌.
മാനസിക സമ്മര്‍ദവും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌. അധിക സമര്‍ദത്തിന്റെ ഫലമായി ശരീരത്തില്‍ അഡ്രിനാലിന്‍, നൊറാഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ശരീരത്തെ തളര്‍ത്തുന്നു. ഇത്‌ രക്തചംക്രമണത്തെ ബാധിക്കുകയും വന്ധ്യതക്ക്‌ കാരണമാകുകയും ചെയ്യുന്നു.
വിപണിയില്‍ ഇറങ്ങുന്ന ഏത്‌ ആയൂര്‍വേദ, യുനാനി, അലോപ്പതി മരുന്ന്‌ കഴിച്ചാലും ഇത്‌ മാറില്ലെന്ന തിരിച്ചറിവ്‌ ഇത്തരം മരുന്നുകളുടെ പരസ്യങ്ങളില്‍ വീണ്‌ പോകുന്നവര്‍ തിരിച്ചറിയണമെന്ന്‌ കോഴിക്കോട്ടെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റ്‌ ഡോ. രാജു പറയുന്നു. ഒരു സൈക്യാട്രിസ്റ്റിനെ കാണുകയെന്നതാണ്‌ ഇതിനുള്ള ഏക പരിഹാരം. തൊഴില്‍ സമ്മര്‍ദവും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌. ഐടി മേഖല, ബേങ്ക്‌ ജീവനക്കാര്‍, സെയില്‍സ്‌ എക്‌സിക്യൂട്ടീവ്‌ എന്നിവരിലെ തൊഴില്‍ സമ്മര്‍ദം വന്ധ്യതക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.
പക്ഷേ, പഠിക്കുന്നത്‌ ഡോക്‌ടര്‍മാരും ഗവേഷകരും മാത്രമാണല്ലോ. `രോഗി' ഒന്നും പഠിക്കുന്നില്ല. പരസ്യത്തില്‍ കാണുന്നതോ സുഹൃത്തുക്കള്‍ രഹസ്യത്തില്‍ ഉപദേശിക്കുന്നതോ ആണ്‌ അവര്‍ക്ക്‌ ആപ്‌തവാക്യം. അങ്ങനെ വരുമ്പോള്‍ ആയൂര്‍വേദവും അലോപ്പതിയും പരീക്ഷിച്ച്‌ ഫലമില്ലാതെ വരുമ്പോള്‍ സ്വയം ചികിത്സ യൂനാനി വഴി അനന്തമായി നീളുന്നു.

നാടന്‍ കുമ്പളങ്ങ ച്യവനമാണെങ്കില്‍ വാജീകരണവും ഫലം ചെയ്യും 2


ലൈംഗിക ശേഷിക്കുറവിന്‌ താളിയോലകളില്‍ നിന്ന്‌ കണ്ടെടുത്ത അപൂര്‍വ ഔഷധക്കൂട്ട്‌. എണ്‍പതുകാരനും ഇരുപതുകാരനാകാം. ഇരുപതുകാരന്‌ പതിന്മടങ്ങ്‌ ശക്തിയുള്ളവനാകാം- എന്ന വാചകത്തിന്റെ അകമ്പടിയോടെ രഹസ്യമരുന്ന്‌ പരസ്യം ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പരിലേക്ക്‌ ഒന്നു വിളിച്ചുനോക്കി. ഫോണ്‍ എടുത്തയാള്‍ ഡോക്‌ടര്‍ മഹ്‌മൂദ്‌ എന്നു പരിചയപ്പെടുത്തി. പരസ്യത്തിന്റെ കാര്യം ചോദിച്ച്‌ തീരുംമുമ്പ്‌ അദ്ദേഹം ചികിത്സ നിശ്ചയിച്ചു.
``ഉള്ളിലേക്ക്‌ കഴിക്കാന്‍ 20 ദിവസത്തേക്കുള്ള പൊടിയും പുറമെ പുരട്ടി ബന്ധപ്പെടാന്‍ രണ്ട്‌ മാസത്തേക്കുള്ള എണ്ണയും 300 രൂപ. പോസ്റ്റല്‍ ചാര്‍ജ്‌ വെറെ വരും''.
ഡോക്‌ടര്‍ ഏത്‌ മെഡിക്കല്‍ കോളജിലാണ്‌ പഠിച്ചിരുന്നത്‌ എന്നും ഏത്‌ താളിയോല ഗ്രന്ഥത്തില്‍ നിന്നാണ്‌ മരുന്നിന്റെ രഹസ്യം കണ്ടുകിട്ടിയതെന്നും ചോദിച്ചപ്പോള്‍ ഡോക്‌ടര്‍ മഹ്‌മൂദ്‌ പറഞ്ഞു.
``അത്‌ ടെക്‌നിക്കല്‍ സ്റ്റാഫ്‌ ഡോക്‌ടര്‍ മുരളീധരനോട്‌ ചോദിക്കണം.''
``അദ്ദേഹത്തിന്റെ നമ്പര്‍ തരുമോ''
``അദ്ദേഹം ഇപ്പോള്‍ ഇവിടെ ഇല്ല. അമൃത മെഡിക്കല്‍ കോളജിലാ''
``ഡോക്‌ടര്‍ മുരളീധരന്‍ രണ്ടു സ്ഥലത്തും ജോലി ചെയ്യുന്നുണ്ടോ''
``അങ്ങനല്ല. ഇന്ന്‌ ഒരാവശ്യത്തിന്‌ പോയതാ'' ഇത്രയും പറഞ്ഞ്‌ ഡോക്‌ടര്‍ മഹമൂദ്‌ ഫോണ്‍ വെച്ചു. പത്രത്തില്‍ നിന്നാണെന്നും മരുന്നിനെക്കുറിച്ച്‌ എഴുതാനാണെന്നും ഇതിനകം വെളിപ്പെടുത്തിയിരുന്നു. ഇനി എന്തുചെയ്യും എന്ന്‌ ആലോചിച്ചുകൊണ്ടിരിക്കെ അദ്ദേഹം തിരിച്ച്‌ വിളിക്കുന്നു.
``കെ ആര്‍ രാമന്‍ നമ്പൂതിരി എഴുതിയ താളിയോലയില്‍ നിന്ന്‌ ഒരു ഭാഗം വായിച്ചുതരാം'' എന്ന ആമുഖത്തോടെ അദ്ദേഹം വായന ആരംഭിച്ചു.
`സ്‌ഖലന സ്‌തംഭന ചൂര്‍ണം' എന്ന അത്ഭുത മരുന്നിന്റെ കൂട്ടുകളാണ്‌ വായിക്കുന്നത്‌. മുഗള്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതാണെന്നും `സമഗ്രവാജീബലം' എന്ന മരുന്ന്‌ ഉണ്ടാക്കിയാല്‍ ആയിരം കുതിരക്കുള്ള ശക്തി കിട്ടുമെന്നും തുടര്‍ന്ന്‌ വിശദീകരിച്ചു.
പക്ഷെ, ഡോക്‌ടര്‍ മഹമൂദിന്‌ ഒരു സങ്കടം. മരുന്നിന്‌ ആവശ്യത്തിനുള്ള റോ മെറ്റീരിയല്‍സ്‌ ഇപ്പോള്‍ കിട്ടാനില്ല. `ചില റോ മെറ്റീരിയല്‍സ്‌ കിട്ടാനേയില്ല.'
``അങ്ങനെയെങ്കില്‍ എങ്ങനെ മരുന്നുണ്ടാക്കും?''
~``ഒന്ന്‌ രണ്ട്‌ റോ മെറ്റീരിയല്‍സൊക്കെ കുറവാണെങ്കിലും നമ്മള്‍ ഉണ്ടാക്കും . ചികിത്സിക്കാതിരിക്കാന്‍ പറ്റില്ലല്ലോ?''
താന്‍ തന്റെ വാജീകരണ മരുന്ന്‌ എന്ന്‌ പരസ്യം ചെയ്യാറില്ലെന്നും തന്റെയടുത്ത്‌ ചികിത്സക്കായി വരുന്ന രോഗികള്‍ക്ക്‌ മാത്രമേ കൊടുക്കാറുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ``ഇങ്ങോട്ട്‌ തേടിവരുന്ന രോഗിക്ക്‌ ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍ എന്തും കുത്തിക്കലക്കി ക്കൊടുക്കാം. കഞ്ചാവും കലക്കിക്കൊടുക്കാം''- ഡോക്‌ടര്‍ മഹമൂദ്‌ വിശദീകരിച്ചു.
തൊട്ടൊന്ന്‌ പുരട്ടിയാല്‍ പെട്ടെന്ന്‌ ഫലം കിട്ടുന്ന മറ്റൊരു മരുന്ന്‌ അദ്ദേഹം ഉത്‌പാദിപ്പിക്കുന്നുമുണ്ട്‌. അത്‌ വില്‍ക്കാന്‍ പരസ്യം ചെയ്യാറുമുണ്ട്‌. എന്നാല്‍ ലൈംഗിക ചികിത്സക്ക്‌ താന്‍ പരസ്യം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞുതന്നു.
``ഏതായാലും ശരി, അപൂര്‍വ ഔഷധക്കൂട്ട്‌ കൊണ്ട്‌ വീര്യം വര്‍ധിച്ച രണ്ടു പേരുടെ ഫോണ്‍ നമ്പരും വിലാസവും തരാമോ'' എന്ന്‌ ചോദിച്ചപ്പോള്‍ ആ അത്ഭുത ചികിത്സകന്‍ ആ ബിസിനസ്സ്‌ രഹസ്യം പുറത്തെടുത്തു.
``അതു ചോദിക്കരുത്‌. പൈല്‍സോ. വെരിക്കോസ്‌ വെയിനോ മാറിയ ആയിരം പേരുടെ നമ്പര്‍ വേണമെങ്കില്‍ ഞാന്‍ തരാം. ഇതു ചോദിക്കരുത്‌.''
``അത്രയും രഹസ്യമാണോ?''
``അതുകൊണ്ടല്ല. മരുന്ന്‌ എല്ലാവര്‍ക്കും ഫലിച്ചുകൊള്ളണമെന്നില്ല. നൂറില്‍ 98 ആള്‍ക്കും ചിലപ്പോള്‍ ഫലിച്ചിരിക്കില്ല. ഒന്നുകില്‍ ആള്‍ക്ക്‌ ഷുഗര്‍ ഉണ്ടാകും. അപ്പോള്‍ മരുന്ന്‌ ഫലിക്കില്ല. അല്ലെങ്കില്‍ ഭാര്യക്ക്‌ താത്‌പര്യം കാണില്ല. അപ്പോള്‍ മരുന്ന്‌ ഫലിക്കണമെന്നില്ല.'' - ഫോണ്‍ വെക്കുംമുമ്പ്‌ അദ്ദേഹം ഇതുകൂടി വിശദീകരിച്ചു തന്നു. ``കച്ചവടക്കാരാണെങ്കില്‍ തലയില്‍ എപ്പോഴും കണക്കും പൈസയും മാത്രമായിരിക്കും. അങ്ങനെയുള്ളവര്‍ക്കൊന്നും ഫലിക്കില്ല.''
അതാണ്‌ അത്ഭുത മരുന്നുകളുടെ അതിശയ ഫലസിദ്ധിയുടെ രഹസ്യം. രഹസ്യമായി ചികിത്സിച്ചതുകൊണ്ട്‌ തുടര്‍ന്നുണ്ടാകുന്ന അമളികളും രോഗി രഹസ്യമായി വെക്കും.
ആയുര്‍വേദത്തിലെ അഷ്‌ടാംഗങ്ങളില്‍ ഒന്നാണ്‌ വൃഷം അഥവാ വാജീകരണം, അവാജിയെ(വന്ധ്യത) വാജിയാക്കുന്ന ചികിത്സയാണ്‌ വാജീകരണം. ഈ ചികിത്സക്ക്‌ വിപണിയിലിറങ്ങുന്ന പല മരുന്നുകളും പ്രയോഗിച്ചതിന്‌ ശേഷമാണ്‌ പലരും ഡോക്‌ര്‍മാരെ സമീപിക്കുന്നതെന്ന്‌ വടകരയിലെ കടത്തനാട്ട്‌ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ഡോക്‌ടര്‍ എം ടി മോഹന്‍ദാസ്‌ വ്യക്തമാക്കുന്നു.
വിപണിയില്‍ 30 രൂപ മാത്രം വിലയുള്ള ആയുര്‍വേദ മരുന്നുകള്‍, കമ്പനികളുടെ കുപ്പിയിലാകുമ്പോള്‍ വില അഞ്ഞൂറും ആയിരവുമാകുന്നുവെന്ന്‌ ഡോ. മോഹന്‍ദാസ്‌ പറയുന്നു. ``ആയുര്‍വേദ മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ല. ദോഷ- ദൂഷ്യ- ദേശകാല ബലം അനുസരിച്ചേ ആയൂര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ലിംഗോദ്ധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ശുക്ല വിസര്‍ജനം ഉണ്ടാകാതെ തടഞ്ഞു നിര്‍ത്തി ലൈംഗിക ബന്ധത്തിന്റെ സമയം നീട്ടുന്നത്‌ അപകടമാണ്‌. ഇത്‌ ലൈംഗിക ശക്തി വര്‍ധിപ്പിക്കുമെന്നത്‌ തെറ്റായ ധാരണയാണ്‌. വിട്ടുമാറാത്ത നടുവേദനയായിരിക്കും ഫലം''.- ഡോക്‌ടര്‍ പറഞ്ഞു.
ദാമ്പത്യ വിരക്തി, ലൈംഗിക വിരസത, ശാരീരിക വിരസത, ശീഘ്ര സഖ്‌ലനം, ഉദ്ധാരണ കുറവ്‌ എന്നിവ പരിഹരിക്കല്‍, ലൈംഗിക സമയം ദീര്‍ഘിപ്പിക്കല്‍, വന്ധ്യത എന്നിവക്കുള്ള ഒറ്റമൂലിയെന്ന നിലയിലാണ്‌ ആയൂര്‍വേദ മരുന്നുകള്‍ പുറത്തിറങ്ങുന്നത്‌. എന്നാല്‍ ഇത്‌ വെറും തട്ടിപ്പാണെന്നാണ്‌ ഡ്രഗ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കോഴിക്കോട്ട ഡോ. പി ടി രാമചന്ദ്രന്റെ അഭിപ്രായം. ``ആയുര്‍വേദ മരുന്നുകള്‍ രസായന വാജീകരണ വിധി പ്രകാരം മാത്രമേ നല്‍കാന്‍ പാടൂള്ളൂ. ജന്മനായുള്ള വന്ധ്യത ആയൂര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കല്‍ പ്രയാസകരമാണ്‌ ''- ഡോക്‌ടര്‍ പറയുന്നു.
ഒരേ സമയം ഔഷധഗുണവും വിഷ വീര്യവും പ്രകടിപ്പിക്കുന്ന ഔഷധങ്ങളുണ്ട്‌. ഉദാഹരണമായി ഉമ്മം, നീലക്കൊടുവേലി, നീര്‍വാളം, ചേര്‍ക്കുരു തുടങ്ങിയവ. ഇവ അധിവിഷാംശങ്ങളുള്ള സസ്യങ്ങളാണ്‌. വേണ്ട രീതിയില്‍ ഇവ ശുദ്ധീകരിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകുമെന്നാണ്‌ ആയൂര്‍വേദ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. ഇത്തരം ചേരുവകള്‍ അടങ്ങിയിരിക്കുന്നതാണ്‌ വിപണിയിലിറങ്ങുന്ന മിക്ക വാജീകരണ ആയൂര്‍വേദ മരുന്നുകളും.
മുസ്‌ലി പവര്‍ എക്‌സ്‌ട്രാ, പവര്‍ മാള്‍ട്ട്‌, ധാത്രി വിറ്റ, ആക്ഷന്‍ പ്ലസ്‌, പുനര്‍ജനി, കുമാരികല്‍പ്പം, രാജശ്രീ കദളി ടോണ്‍, മദനകാമേശ്വരി, ആക്ഷന്‍ 100 പ്ലസ്‌, ത്രില്ലര്‍ തുടങ്ങിവയവയാണ്‌ ഇവയില്‍ പ്രധാനം. കാശിരാജതൈലത്തിന്റെ നിര്‍മാതാവ്‌ വാജീകരണത്തിന്‌ പ്രത്യേക മരുന്ന്‌ തയ്യാറാക്കുന്നുണ്ട്‌. മുസ്‌ലി പവര്‍ എക്‌സ്‌ട്രാ ആണ്‌ ഇപ്പോള്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന വാജീകരണ ഉത്‌പന്നം.
സഫേദ്‌ മുസ്‌ലി, നായിക്കുരുണ പരിപ്പ്‌, നെല്ലിക്ക, മുരിങ്ങാക്കുരു, അമക്കുരം, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി, ജാതിപത്രി, ശിലാജിത്ത്‌ എന്നീ ഒമ്പത്‌ ചേരുവകള്‍ മുസ്‌ലി പവറില്‍ അടങ്ങിയിട്ടുണ്ടെന്നാണ്‌ കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എം ഡി. കെ സി അബ്രഹാം പറയുന്നത്‌. ജനറല്‍ ഹെല്‍ത്തിനും ഇന്‍ഫേര്‍ട്ടിലിറ്റിക്കും ഇംപൊട്ടന്‍സിക്കും പ്രാധാന്യം നല്‍കിയാണ്‌ ഇവ നിര്‍മിച്ചിരിക്കുന്നതെന്നാണ്‌ അബ്രഹാം പറയുന്നത്‌. മോഡേണ്‍ ആയുര്‍വേദ വിധിപ്രകാരമാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നതെന്നും അബ്രഹാം സമര്‍ഥിക്കുന്നു. മുപ്പത്‌ ഔണ്‍സിന്‌ 750 രൂപയാണ്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രായുടെ വില. തുടര്‍ച്ചയായി നാല്‍പ്പത്തിയഞ്ച്‌ ദിവസം കഴിച്ചാല്‍ വാജീകരണം സാധ്യമാകുമെന്നാണ്‌ അവകാശവാദങ്ങളില്‍ പ്രധാനം.
കഴിഞ്ഞ വര്‍ഷം 15 കോടി രൂപയായിരുന്നു മുസ്‌ലി പവറിന്റെ വിറ്റുവരവ്‌. രാജ്യത്താകെ ഇരുപത്‌ ജില്ലകളിലാണ്‌ മുസ്‌ലിയുടെ വിപണനം നടക്കുന്നത്‌. എന്നാല്‍ പ്രധാന വിപണി കേരളമാണ്‌. എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ നിന്ന്‌ നല്ല പ്രതികരണം ലഭിക്കുന്നുവെന്ന്‌ കമ്പനി തന്നെ പറയുന്നു. പക്ഷേ ഈ ചേരുവയില്‍ പറഞ്ഞിരിക്കുന്ന സഫേദ്‌ മുസ്‌ലിയും നെല്ലിക്കയും അമുക്കുരവുമൊന്നും ഇത്രയുമധികം ഇന്ത്യയില്‍ കൃഷി ചെയ്യുന്നില്ല.
ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ പോലും കണ്ടുപിടിക്കാന്‍ ഇന്ന്‌ വേണ്ടത്ര സംവിധാനങ്ങളില്ല. ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാണ.്‌ ഇത്തരം ഔഷധങ്ങളില്‍ ഉത്തേജക വസ്‌തുക്കള്‍ ചേര്‍ക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌.
ഏഷ്യയിലെ മുഴുവന്‍ നെല്ലിക്ക ഉപയോഗിച്ചാലും മരുന്ന്‌ കമ്പനിക്കാര്‍ പറയുന്ന അളവില്‍ നെല്ലിക്ക ഔഷധത്തില്‍ ചേര്‍ക്കാന്‍ കഴിയുമോയെന്നാണ്‌ നേരത്തെ ഡ്രഗ്‌ കണ്‍ട്രോളറായിരുന്ന കെ ദിലീപ്‌ കുമാര്‍ ചോദിക്കുന്നത്‌. ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ റവന്യൂ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്‌ ദിലീപ്‌. ച്യവനപ്രാശങ്ങളിലെ പ്രധാന ചേരുവ നാടന്‍ കുമ്പളങ്ങ മാത്രമാണെന്നും അദ്ദേഹം പറയുന്നു. ച്യവനം കൊണ്ടാണ്‌ ച്യവനപ്രാശം ഉണ്ടാക്കുന്നത്‌ എന്നാണ്‌ വെപ്പ്‌. ച്യവനം എന്നാല്‍ നെല്ലിക്ക!.
പുറത്തിറങ്ങുന്ന മിക്ക വാജീകരണ മരുന്നുകളിലും ഓപ്പിയം (കറുപ്പ്‌ എന്ന മയക്ക്‌ മരുന്ന്‌) ചേര്‍ക്കുന്നുണ്ടെന്നും ഫാറൂഖ്‌ കോളജ്‌ പ്രൊഫസറും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌ പറയുന്നു. `ഓപ്പിയം താത്‌കാലികമായ അല്ലെങ്കില്‍ വ്യാജമായ ഉണര്‍ച്ചയുണ്ടാക്കുന്നു. ഇവയുടെ അമിതമായ ഉപയോഗം പിന്നീട്‌ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കും' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആയൂര്‍വേദത്തിലെ വ്യാജീകരണ കഥ ഇതാണെങ്കില്‍ അലോപ്പതിയിലോ?

Thursday, October 8, 2009

കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍

മിഥുന്‍കൃഷ്‌ണ
സെപ്‌തംബര്‍ മാസത്തിലെ ആറാം തീയതി മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ഒരു പരസ്യം കണ്ടു. ഉള്‍പേജിലാണ്‌. കാല്‍പേജ്‌ പരസ്യം. സുദൃഢമായ ദാമ്പത്യ ജീവിതത്തിന്‌ ആയുര്‍വേദത്തിന്റെ അപൂര്‍വ വരദാനമാണ്‌ പരസ്യത്തിന്‌ ആധാരം. സഫേദ്‌ മുസ്‌ലി, അമുക്കരം, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി, കന്മദം എന്നീ അപൂര്‍വ ഔഷധങ്ങളാണ്‌ ചേരുവ. ഇവ ചേര്‍ത്ത്‌ വരും നാളത്തെ ഗവേഷണ ഫലമായി തയ്യാറാക്കിയ റീ എനര്‍ജൈംസിംഗ്‌ ക്യാപ്‌സൂള്‍ പൗരുഷത്തിന്‌ ഊര്‍ജസ്വലതയേകാന്‍ സഹായിക്കുന്നു എന്നാണ്‌ പരസ്യം. എല്ലാ പുരുഷന്മാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പരസ്യം.
രണ്ടാഴ്‌ച കഴിഞ്ഞു. അതേ പത്രത്തിന്റെ ഒന്നാം പേജില്‍ അതേ മരുന്നിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഒരു ചെറുപ്പക്കാരന്റെ ചിത്രവുമുണ്ട്‌. പേരുമുണ്ട്‌. പ്രദീപ്‌ കൃഷ്‌ണ. സ്ഥലം തിരുവനന്തപുരം. ഒരു ഐ ടി പ്രൊഫഷണലായ പ്രദീപ്‌ കൃഷ്‌ണ സ്വന്തം ജീവിതാനുഭവം കഥിക്കുന്ന മട്ടിലാണ്‌ പരസ്യം. സ്വഛന്ദം ജീവിച്ചുകൊണ്ടിരിക്കെ കല്ല്യാണം കഴിക്കുന്നു. കിടപ്പറയില്‍ തളര്‍ന്നുവീഴുന്നു. അതോടെ ജീവിതം താളം തെറ്റുന്നു. ആകെ മടുക്കുന്നു. ജീവിതാസക്തിക്കും ആത്മഹത്യക്കുമിടയില്‍ ആടിക്കളിക്കുമ്പോള്‍, ഇതെല്ലാം ശ്രദ്ധിച്ച മേലുദേ്യാഗസ്ഥന്‍ വിളിച്ച്‌ `ധാത്രിവിറ്റ' ആയുര്‍വേദത്തിന്റെ വരദാനം ഒരു ബോട്ടില്‍ കൊടുക്കുന്നു. അതോടെ പ്രദീപ്‌ കൃഷ്‌ണ പുരുഷനാകുന്നു! എന്നാകുന്നു പരസ്യം.
പക്ഷേ, പ്രദീപ്‌ കൃഷ്‌ണയുടെ ഫോട്ടോ കണ്ടാല്‍ മലയാളി മട്ടില്ല. സൂക്ഷിച്ചു നോക്കിയാല്‍ ഇന്ത്യന്‍ ഭാവവുമില്ല. ലക്ഷണമൊത്ത ഒരു മോഡല്‍ പോലെ. പരസ്യത്തില്‍ ഫോണ്‍ നമ്പറോ വിലാസമോ കൊടുത്തിട്ടില്ല. ധാത്രിവിറ്റ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ നിരവധി ഫോണ്‍ നമ്പറുകള്‍ ഉണ്ട്‌.
ഏതായാലും സംഗതി പ്രദീപ്‌ കൃഷ്‌ണയോടു തന്നെ ചോദിച്ചു മനസ്സിലാക്കാമെന്നുറച്ചു. പരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ചു. 9446357075 എന്ന നമ്പര്‍. ഒരു പുരുഷ ശബ്‌ദമാണ്‌ ഫോണ്‍ എടുത്തത്‌. പ്രദീപ്‌ കൃഷ്‌ണയുടെ നമ്പര്‍ വേണമെന്നും ചികിത്സാനുഭവങ്ങള്‍ നേരിട്ട്‌ ചോദിച്ചു മനസ്സിലാക്കാനാണ്‌ എന്നും പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെ:
``സോറി, അതിന്‌ നിങ്ങള്‍ ഓഫീസുമായി ബന്ധപ്പെടണം. ഞങ്ങള്‍ കസ്റ്റമര്‍ കെയര്‍ ആണ്‌.''
``ഓഫീസ്‌ നമ്പര്‍ തരുമോ''
``ഓ! തരാമല്ലോ - 0484- 2803072''
ആ നമ്പറില്‍ വിളിച്ചു. ഒരു സ്‌ത്രീ ശബ്‌ദമാണ്‌ ഫോണെടുത്തത്‌. ആളെ പരിചയപ്പെടുത്തി. പരസ്യത്തില്‍ കണ്ട പ്രദീപ്‌ കൃഷ്‌ണന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ മറുപടിയിങ്ങനെ:
``സോറി, അതിനു ഡോക്‌ടറെ വിളിക്കണം''
നമ്പര്‍ ചോദിച്ചു. തന്നു. 9446046082. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടി സ്‌ത്രീ ശബ്‌ദം. ഡോക്‌ടര്‍ മിനി എന്ന്‌ ശബ്‌ദം പരിചയപ്പെടുത്തി. പ്രദീപ്‌ കൃഷ്‌ണന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ:
``അതിന്‌ ഓഫീസില്‍ വിളിക്കണം''
``ഓഫീസില്‍ വിളിച്ചപ്പോള്‍ ഡോക്‌ടറെ വിളിക്കാന്‍ പറഞ്ഞതാണ്‌. അവിടെ നിന്നാണ്‌ നമ്പര്‍ തന്നത്‌''
``ഞാന്‍ ഓഫീസില്‍ ഉള്ളപ്പോള്‍ വിളിക്കണം. രണ്ടു ദിവസം ഓഫീസ്‌ അവധിയാണ്‌. അതു കഴിഞ്ഞാല്‍ വിളിക്കൂ. എത്തിച്ചു തരാന്‍ നോക്കാം''
വിളിച്ചു. ഡോക്‌ടര്‍ ഫോണ്‍ എടുക്കുന്നില്ല. നിരവധി ദിവസങ്ങള്‍ വിളിച്ചു. എടുക്കുന്നില്ല. നിരന്തരം വിളിച്ചപ്പോള്‍ ഇന്നലെ (സെപ്‌തംബര്‍ 29) ഡോക്‌ടര്‍ ഫോണ്‍ എടുത്തു. പരിചയം പുതുക്കി നമ്പര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ``കുറച്ചു കഴിഞ്ഞു വിളിക്കൂ. നോക്കട്ടെ''
വൈകുന്നേരം വീണ്ടും വിളിച്ചു. ഡോക്‌ടര്‍ ഫോണ്‍ എടുത്തു. പ്രദീപ്‌ കൃഷ്‌ണന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ``ഞങ്ങള്‍ മീഡിയാ മാനേജരെ അറിയിച്ചിരുന്നു. അവര്‍ പ്രദീപ്‌ കൃഷ്‌ണയുമായി ബന്ധപ്പെട്ട ശേഷം അറിയിക്കാമെന്നു പറഞ്ഞു. പ്രദീപിന്റെ അനുവാദമില്ലാതെ ഞങ്ങള്‍ക്ക്‌ നമ്പര്‍ പുറത്തുകൊടുത്തുകൂടല്ലോ''
ശരിയാണ്‌. ഡോക്‌ടര്‍ മിനി പറഞ്ഞതില്‍ മര്യാദയുണ്ട്‌. മാന്യതയുണ്ട്‌. എല്ലാം ശരി തന്നെ. പക്ഷേ, സ്വന്തം ഫോട്ടോ വെച്ച്‌ പരസ്യം കൊടുക്കാന്‍ അനുമതി കൊടുത്ത ഒരാള്‍ ഫോണ്‍ നമ്പര്‍ പരസ്യമാക്കാന്‍ മടി കാണിക്കുമോ?
കാണിക്കും. ഈ കച്ചവടത്തില്‍ അങ്ങനെയാണ്‌. പരസ്യത്തില്‍ സ്വന്തം ഫോട്ടോ മാത്രമല്ല. അത്ഭുത മരുന്നുകാരണം ഗര്‍ഭിണിയായ ഭാര്യയുടേയും അങ്ങനെ ജനിച്ച കുഞ്ഞിന്റെയും പടം കാണിക്കാന്‍ ധൈര്യപ്പെട്ടവര്‍ പോലും കാര്യങ്ങള്‍ വിവരിച്ചുതരാന്‍ നേരെ ചൊവ്വേ മുന്നില്‍ വരണമെന്നില്ല.
ഉദാഹരണത്തിന്‌, ഭാര്യാസമേതം `മുസ്‌ലി പവര്‍ എക്‌സ്‌ട്രാ' പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ചെങ്ങയില്‍ പറമ്പില്‍ ഹംസയെ അനേ്വഷിച്ചു നോക്കാം. ഹംസ, ചെങ്ങയില്‍ പറമ്പ്‌, നോര്‍ത്ത്‌ ബേപ്പൂര്‍ എന്ന വിലാസമുണ്ടല്ലോ എന്നു കരുതി ഈ മേല്‍വിലാസവും തപ്പിയിറങ്ങിയാല്‍ ചുറ്റിപ്പോകുക തന്നെ ചെയ്യും.
ഇത്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രാ നല്‍കിയ മഹാസൗഭാഗ്യം എന്ന തലക്കെട്ടില്‍ വന്ന പരസ്യം ഇങ്ങനെയാണ്‌ ആരംഭിക്കുന്നത്‌; എന്റെ പേര്‌ ഹംസ. ഭാര്യയുടെ പേര്‌ നസീമ. പതിനഞ്ച്‌ വര്‍ഷമായി ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട്‌ 22 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കാനുള്ള ഭാഗ്യമുണ്ടായില്ല..... ഇങ്ങനെ പോകുന്ന അനുഭവസാക്ഷ്യം. മുസ്‌ലി പവര്‍ കഴിച്ചതിനാല്‍ കുട്ടിയുണ്ടായെന്നും വന്ധ്യതക്ക്‌ ഫലപ്രദമായ ഔഷധമാണ്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രാ എന്നും സാക്ഷ്യപ്പെടുത്തുന്നു. ഈ പരസ്യത്തില്‍ ഹംസയും ഭാര്യ നസീമയും കുഞ്ഞും നില്‍ക്കുന്ന ഫോട്ടോയും ഹംസ, ചെങ്ങയില്‍ പറമ്പ്‌, നോര്‍ത്ത്‌ ബേപ്പൂര്‍ എന്ന മേല്‍വിലാസവും ഉണ്ട്‌. രണ്ട്‌ മൊബൈല്‍ നമ്പറും കൊടുത്തിരുന്നു. പരസ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്രാ വിപണിയിലെത്തിക്കുന്ന കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എം ഡി. കെ സി അബ്രഹാമിനെ ഫോണില്‍ വിളിച്ചു. ഒന്‍പതാം തീയതി വൈകിട്ട്‌ 4.20ന്‌ അബ്രഹാമിനെ കൊച്ചിയിലെ കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഫീസില്‍ വെച്ച്‌ നേരില്‍ കാണുകയും ചെയ്‌തു. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വ്യക്തിയുടെ(ഹംസയുടെ) അനുഭവം സത്യമാണെന്നും ഹംസ ഇന്ന്‌ തന്നെ വിളിച്ചിരുന്നെന്നും ഹംസയെ ഇന്ന്‌ ഉച്ചവരെ രണ്ടായിരത്തോളം പേര്‍ വരെ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയെന്നും അബ്രഹാം പറഞ്ഞു. ഒന്നര ദിവസം കൊണ്ട്‌ ഹംസയെ രണ്ടായിരം പേര്‍ വിളിച്ചെന്ന അറിവ്‌ ഈ പരസ്യത്തെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന്‌ സെപ്‌തംബര്‍ 22ന്‌ വീണ്ടും ആ പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അന്ന്‌ ആ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഫോണെടുത്തത്‌ ഹംസയായിരുന്നു. പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ അയാള്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. കുന്നത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എം ഡി. കെ സി അബ്രഹാമിനെ പരിചയമുണ്ടോയെന്ന്‌ ചോദിച്ചപ്പോള്‍ ഇല്ലായെന്നായിരുന്നു ഹംസയുടെ മറുപടി. പരസ്യം വന്നതിന്‌ ശേഷം കുറച്ചുപേരേ വിളിച്ചിട്ടുള്ളൂവെന്നും ഹംസ പറഞ്ഞു.
അങ്ങനെ പരസ്യത്തില്‍ കണ്ട ഹംസയെ തേടിയിറങ്ങി. സെപ്‌തംബര്‍ 24ന്‌ കോഴിക്കോട്‌ സിറ്റിയില്‍ നിന്നും ബേപ്പൂര്‍ ബസില്‍ കയറി. ബേപ്പൂര്‍ ബസ്‌ സ്റ്റാന്‍ഡിലിറങ്ങി ഹംസ, ചെങ്ങയില്‍ പറമ്പ്‌, നോര്‍ത്ത്‌ ബേപ്പൂര്‍ എന്ന മേല്‍വിലാസക്കാരനെ കുറിച്ച്‌ പലരോടും ചോദിച്ചു. ഓട്ടോക്കാര്‍ക്ക്‌ പോലും ഈ ഹംസയെ അറിയില്ല.
വൈകിട്ട്‌ 3.41ന്‌ ഹംസയെ ഒന്നുകൂടി വിളിച്ചു. പത്രത്തില്‍ പരസ്യം കണ്ട്‌ വിളിച്ചതാണെന്ന്‌ ആവര്‍ത്തിച്ചു. വീടും അഡ്രസ്സും ചോദിച്ചു. നോര്‍ത്ത്‌ ബേപ്പൂരാണെന്ന്‌ മാത്രം പറഞ്ഞു. കൂടുതല്‍ പറയാന്‍ അയാള്‍ തയ്യാറായില്ല. പത്രത്തില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ വീട്‌ പെരച്ചനങ്ങാടിയിലാണെന്നുമാത്രം വ്യക്തമാക്കി. നേരില്‍ കാണാന്‍ പറ്റുമോയെന്ന്‌ ചോദ്യത്തിന്‌ എന്തിനാണെന്ന മറുചോദ്യം. ഇന്റര്‍വ്യൂ ചെയ്യാനാണെന്നു പറഞ്ഞതോടെ ``സോറി ഞാനിന്ന്‌ രാത്രി ഗള്‍ഫിലേക്ക്‌ തിരിക്കുന്നു'' എന്നായി ഹംസയുടെ മറുപടി. ഇപ്പോള്‍ വീട്ടില്‍ കാണാന്‍ പറ്റുമോയെന്ന്‌ ചോദിച്ചപ്പോള്‍ പറ്റില്ലെന്നും ഇപ്പോള്‍ ദൂരെ സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയാണെന്നും ഹംസ. പിന്നീടെപ്പോള്‍ കാണാമെന്നു ചോദിച്ചപ്പോള്‍ ഇന്ന്‌ രാത്രി ഗള്‍ഫില്‍ പോകുകയാണെന്നും ഇനി ഒരു വര്‍ഷം കഴിഞ്ഞ്‌ മാത്രമേ കാണാന്‍ പറ്റൂവെന്നും ഹംസ ഇടറിയ ശബ്‌ദത്തില്‍ പറഞ്ഞു. ഫോണ്‍ കട്ട്‌ ചെയ്‌തു.
എന്നിട്ടും തിരിച്ചുപോരാന്‍ തോന്നിയില്ല. പെരച്ചനങ്ങാടിയെവിടെയെന്നായി പിന്നീടുള്ള അന്വേഷണം. പെരച്ചനങ്ങാടി നടുവട്ടത്തിന്റെ പഴയ പേരാണെന്ന്‌ ഒരു ലോട്ടറി കച്ചവടക്കാരന്‍ പറഞ്ഞു. പെരച്ചനങ്ങാടിയിലെത്തി ഹംസയെ തിരക്കി. കച്ചവടക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും ചെങ്ങയില്‍ പറമ്പില്‍ ഹംസയെ അറിയില്ല. അവസാനം ബേപ്പൂര്‍ നോര്‍ത്ത്‌ തപാലാപ്പീസിലെത്തി. തപ്പാലാപ്പീസ്‌ പൂട്ടിയതിനാല്‍ പോസ്റ്റ്‌മാനെ തേടി അയാളുടെ വീട്ടിലേക്ക്‌. പക്ഷേ പോസ്റ്റ്‌ മാന്‍ വാരിജാക്ഷന്‌ ചേങ്ങയില്‍ പറമ്പ്‌ മാത്രമേ അറിയുള്ളൂ. അവിടെയുള്ള ഹംസയെ അറിയില്ലായിരുന്നു. ചേങ്ങയില്‍ പറമ്പിലേക്ക്‌ പോകുന്ന വഴി പോസ്റ്റ്‌മാന്‍ കൃത്യമായി പറഞ്ഞു തന്നു. (അടാട്ട്‌ അയ്യപ്പക്ഷേത്രം റോഡ്‌). പോസ്റ്റ്‌മാന്‍ പറഞ്ഞ വഴിയിലൂടെ വൈകിട്ട്‌ 4.40ന്‌ ചേങ്ങയില്‍ പറമ്പിലെത്തി. ഹംസയുടെ വീടും കണ്ടെത്തി. നസീമ മന്‍സില്‍.
മഞ്ഞ പെയിന്റടിച്ച ഇരുനില വീട്‌. വീട്ടില്‍ ഹംസയുടെ ഭാര്യയും കുഞ്ഞും ഉമ്മയും ഉണ്ടായിരുന്നു. കുഞ്ഞിനെയും ഭാര്യ നസീമയെയും പരിചയപ്പെട്ടു. ``ഹംസക്ക ഇവിടെയില്ല.രാത്രിയേ തിരിച്ചുവരൂ'' അവര്‍ പറഞ്ഞു. ഹംസ എപ്പോഴാണ്‌ പുറത്തേക്ക്‌ പോയതെന്ന്‌ ചോദിച്ചപ്പോള്‍ ഇപ്പോള്‍ പുറത്തേക്ക്‌ പോയതേയുള്ളൂവെന്ന്‌ ഉമ്മയുടെ മറുപടി.
പത്രത്തില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ ``നിങ്ങള്‍ നേരത്തെ വിളിച്ചിരുന്നോ?'' എന്നായി നസീമ. ഹംസക്ക ഇന്ന്‌ ചിലപ്പോള്‍ ഗള്‍ഫിലേക്ക്‌ പോകുമെന്ന്‌ മറുപടി തിരുത്തി. പരസ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന രീതിയില്‍ അവര്‍ തലകുലുക്കി. വിവാഹം കഴിഞ്ഞ വര്‍ഷത്തെ കുറിച്ച്‌ ചോദിച്ചപ്പോഴും നസീമയുടെ വയസ്സ്‌ ചോദിച്ചപ്പോഴും പ്രതികരിക്കാന്‍ തയ്യാറായില്ല. പരസ്യത്തില്‍ വന്ന ഫോട്ടോ ഡോക്‌ടറെ കാണാന്‍ പോയപ്പോള്‍ അവിടെ നിന്നെടുത്തതാണെന്നു മറുപടി നല്‍കി. ഇരുപത്തിരണ്ട്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌്‌ കുട്ടിയുണ്ടായതെന്ന അവകാശവാദം സത്യമാണെന്ന്‌ നസീമ ആവര്‍ത്തിച്ചു. പക്ഷേ നസീമയെ കണ്ടാല്‍ ഇരുപത്തിയറോ ഇരുപത്തിയേഴോ വയസ്സേ തോന്നുകയുള്ളൂ. അങ്ങനെയെങ്കില്‍ നസീമക്ക്‌ എത്ര വയസ്സുള്ളപ്പോഴാകും ഹംസ കല്യാണം കഴിച്ചിരിക്കുക?.
വയസ്സും പ്രായവുമൊന്നും ഈ ചികിത്സക്കൊരു പ്രശ്‌നമേ അല്ലെന്നു പറയുന്നു; വടകരയിലെ കടത്തനാട്ട്‌ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ഡോ. എം ടി മോഹന്‍ദാസ്‌. ഡോക്‌ടറെ തേടി ഒരു ദിവസം ഒരു 70കാരനെത്തി. വടകര സ്വദേശിയായ എഴുപതുകാരന്‍ വളരെ നിരാശയോടെ ആയുര്‍വേദ ഡോക്‌ടറെ സമീപിച്ചത്‌. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അപ്പൂപ്പന്‌. പരസ്യങ്ങളില്‍ കാണുന്ന നിരവധി മരുന്നുകള്‍ പ്രയോഗിച്ച്‌ മനസ്സ്‌ മടുത്തതിന്‌ ശേഷമാണ്‌ അപ്പൂപ്പന്‍ ഡോക്‌ടറുടെ അടുത്തെത്തിയത്‌. രോഗം കിടപ്പറയുമായി ബന്ധപ്പെട്ടതിനാല്‍ തന്നെ വളരെ ലജ്ജയോടെയായിരുന്നു വിവരണം. ലിംഗം ഉദ്ധരിക്കാത്തതും ഭാര്യയെ തൃപ്‌തിപ്പെടുത്താന്‍ കഴിയാത്തതുമായിരുന്നു അപ്പൂപ്പന്റെ പ്രശ്‌നം. രോഗത്തെക്കുറിച്ച്‌ അന്വേഷിച്ച കൂട്ടത്തില്‍ ഭാര്യയുടെ വയസ്സ്‌ ചോദിച്ചു. ഉത്തരം കേട്ട്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ഡോക്‌ടര്‍. കാരണം മറ്റൊന്നുമല്ല. എഴുപതുകാരനായ അപ്പൂപ്പന്റെ ഭാര്യയുടെ വയസ്സ്‌ ഇരുപത്തിയേഴ്‌!. അപ്പൂപ്പന്റെ രണ്ടാം കെട്ടായിരുന്നു. പിന്നെയെങ്ങനെ ചിരിക്കാതിരിക്കും ?.
കേള്‍ക്കുന്നവര്‍ക്ക്‌ ചിരി വരുമെന്നതിനാലാണ്‌ അധികം പേരും ചികിത്സ രഹസ്യമാക്കിവെക്കുന്നത്‌. അതിന്‌ ഏറ്റവും നല്ലത്‌ പരസ്യത്തില്‍ വായിച്ചറിഞ്ഞ്‌ രഹസ്യമായി മരുന്ന്‌ വാങ്ങുന്നതാണ്‌ എന്ന്‌ മലയാളി പഠിച്ചുകഴിഞ്ഞിരിക്കുന്നു. മലയാളിയുടെ ആ നാണം തന്നെയാണ്‌ ഇത്തരം കച്ചവടക്കാരുടെ ധൈര്യം.