
നവരസങ്ങളുടെ നെയ്‌ത്തുകാരന്‍
മലയാള സിനിമയുടെ ഏക്കാലത്തെയും മികച്ച പത്ത് നടന്മാരെ എടുത്താല്‍ അതില്‍ തീര്‍ച്ചയായും മുരളിയുണ്ടാവും. അഭിനയശാസ്‌ത്രത്തിന്റെ മര്‍മമറിയാവുന്ന ചുരുക്കം നടന്മാരില്‍ പ്രധാനി. നാടകത്തില്‍ തുടങ്ങി സിനിമയിലൂടെ പ്രശസ്‌തിയിലേക്ക് ഉയര്‍ന്ന മുരളി സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചു.
സി എന്‍ ശ്രീകണ്‌ഠന്‍ നായരുടെ നാടകങ്ങളിലൂടെയാണ് ഗൗരവതരമായ അഭിനയത്തിലേക്ക് മുരളി പ്രവേശിക്കുന്നത്. ലങ്കാലക്ഷ്‌മി, കലി തുടങ്ങിയ നാടകങ്ങളില്‍ വേഷം ചെയ്‌തു. ആര്‍ നരേന്ദ്രപ്രസാദ്, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങി നാടക രംഗത്ത് പരീക്ഷണങ്ങളുമായി രംഗത്തെത്തിയവര്‍ക്കൊപ്പമെല്ലാം സഹകരിച്ചിരുന്നു.
1986ല്‍ ഗോപി സംവിധാനം ചെയ്‌ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമാ ലോകത്തെത്തുന്നത്. പക്ഷേ ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന് അരവിന്ദന്റെ ചിദംബരത്തില്‍ മികച്ച വേഷം ചെയ്‌തു. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനിലും ഹരിഹരന്റെ പഞ്ചാഗ്നിയിലും ശ്രദ്ധേയമായ പ്രതിനായക വേഷം ചെയ്‌തു. ഈ രണ്ടു കഥാപാത്രങ്ങളും മുരളിയുടെ അഭിനയ ജീവിതം പുതിയൊരു വഴിത്താരയിലെത്തിച്ചു.
പ്രേക്ഷകര്‍ ഭയപ്പെടുന്ന, വെറുക്കുന്ന പ്രതിനായക വേഷങ്ങള്‍ക്ക് മുരളി സ്വതസിദ്ധമായ ശൈലിയില്‍ ജീവന്‍ പകര്‍ന്നു. പഞ്ചാഗ്നിയാണ് മുരളിയുടെ നടന വൈഭവം വെളിപ്പെടുത്തിയ ചിത്രം. ഭരതന്‍ സംവിധാനം ചെയ്‌ത അമരത്തിലെ വേഷമാണ് വില്ലന്‍ വേഷങ്ങളില്‍ നിന്ന് മുരളിക്ക് മോചനം നല്‍കിയത്. ആദ്യത്തെ സംസ്ഥാന നടനുള്ള അവാര്‍ഡും ഈ വേഷം സമ്മാനിച്ചു - മികച്ച സഹടന്‍. പിന്നീട് ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ആധാരത്തില്‍ നായകതുലമായ വേഷം. ഇതിന് മികച്ച നടനുള്ള സംസ്ഥാന അവര്‍ഡ്. ഇതോടെ കരുത്തേറിയ പരുക്കന്‍ നായകനെന്ന പരിവേഷം മുരളിക്ക് ലഭിച്ചു. ജോര്‍ജ് കിത്തു സംവിധാനം ചെയ്‌ത ആര്‍ദ്രത്തിലാണ് ആദ്യമായി മുഴുനീള നായകനായത്. അവിടുന്നങ്ങോട്ട് മുരളിയെന്ന നടനെ പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന കാഴ്‌ചക്കാണ് മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്.
ജീവിതത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന, ഏതു പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടുന്ന കഥാപാത്രങ്ങളാണ് മുരളിയെ തേടിയെത്തിയതില്‍ ഏറെയും. അമരത്തിലെയും ആധാരത്തിലെയും ചമ്പക്കുളം തച്ചനിലെയും പ്രായിക്കര പാപ്പാനിലെയും കാണാക്കിനാവിലെയും മുരളിയുടെ അഭിനയം മലയാളി മറക്കില്ല. രാഷ്‌ട്രീയ നേതാവിന്റെയും തന്റേടിയായ നായകന്റെയും കുതന്ത്രങ്ങള്‍ മെനയുന്ന പ്രതിനായകന്റെയും വേഷപ്പകര്‍ച്ചകള്‍ ആ മുഖത്ത് മിന്നിമറഞ്ഞു. ആകാശ ദൂത്, നീ എത്ര ധന്യ, ധനം, വെങ്കലം, കിരീടം, ദി കിംഗ്, കിലുക്കം, അപ്പു, ഏയ് ഓട്ടോ, ജനം, ചമയം, പത്രം, പുലിജന്മം എന്നീ ചിത്രങ്ങളും അഭിനയത്തികവിന് സാക്ഷിയായുണ്ട്.
മലയാള സിനിമ മമ്മൂട്ടി- മോഹന്‍ലാല്‍ അച്ചുതണ്ടിനെ വലംവെക്കാന്‍ തുടങ്ങിയ കാലത്തൊക്കെ വേറിട്ടു നില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് മുരളിയുടെ ഏറ്റവും വലിയ നേട്ടം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായക കഥാപാത്രങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്ന ശക്തമായ പ്രതിനായക വേഷങ്ങളുമായി മുരളി നിറഞ്ഞുനിന്നു. ഏതുതരത്തിലുള്ള സിനിമാ ആസ്വാദകര്‍ക്കും കഥാപാത്രത്തിന്റെ ഹൃദയ വികാരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുരളിക്ക് കഴിഞ്ഞു.
1996ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത കാണാക്കിനാവിലെ അഭിനയത്തിനും 1998ല്‍ ജയരാജ് സംവിധാനം ചെയ്‌ത താലോലം എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വീണ്ടും മുരളിയെ തേടിയെത്തി.
എന്നാല്‍ ഈ പ്രതിഭയുടെ അഭിനയമികവ് അംഗീകരിക്കാന്‍ ദേശീയ ചലച്ചിത്ര ലോകം വീണ്ടും കാത്തിരുന്നു. 2002ല്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്‌ത നെയ്‌ത്തുകാരനിലെ അപ്പമേസ്‌ത്രി എന്ന കഥാപാത്രത്തിലൂടെ രാജ്യത്തെ മികച്ച നടനായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.
സത്യന്റെയും ഭരത് ഗോപിയുടെയും പിന്‍ഗാമിയായാണ് മുരളി വിലയിരുത്തപ്പെട്ടത്. ശക്തമായ കഥാപാത്രങ്ങള്‍ക്ക് അഭിനയത്തിന്റെ രസതന്ത്രം പകര്‍ന്ന നടന്‍. അതായിരുന്നു മുരളി. ആരെയും പിണക്കാന്‍ ഇഷ്‌ടപ്പെടാത്ത എഴുത്തിനെയും വായനെയും സ്‌നേഹിച്ച നടന്‍. നിരവധി ചലച്ചിത്ര- സാംസ്‌കാരിക പുസ്‌തകങ്ങള്‍ മുരളി എഴുതിയിട്ടുണ്ട്. അഭിനയത്തിന്റെ രസതന്ത്രം, വ്യാഴപ്പൊരുള്‍, പുകയിലയുടെ മാരക ഉപഭോഗങ്ങള്‍ എന്നിവ ഇതില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.
സിനിമയുടെ പ്രശസ്‌തിയില്‍ നില്‍ക്കുമ്പോഴും മുരളിയുടെ ശ്രദ്ധ നാടകവേദിയിലായിരുന്നു. അന്തരിച്ച പ്രശസ്‌ത നടന്‍ നരേന്ദ്ര പ്രസാദുമായി ചേര്‍ന്ന് രൂപം കൊടുത്ത നാടകവേദി അവിസ്‌മരണീയമായ നിരവധി നാടകങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. സി എന്‍ ശ്രീകണ്‌ഠന്‍ നായരുടെ ലങ്കാലക്ഷ്‌മി എന്ന നാടകത്തിലെ രാവണന്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് ഏകാഭിനയവുമായി മുരളി അരങ്ങിലെത്തി. കേരളത്തിലെ നിരൂപകരും പ്രക്ഷകരും ഇരുകൈയ്യും നീട്ടിയാണ് അതിനെ സ്വീകരിച്ചത്.
1954ല്‍ കൊല്ലം ജില്ലയിലെ കുടവട്ടൂരില്‍ പി കൃഷ്‌ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മകനായാണ് മുരളി ജനിച്ചത്. പഠനകാലത്ത് ഇടതുപക്ഷത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ആരോഗ്യ വകുപ്പിലും കേരള യൂനിവേഴ്‌സിറ്റിയിലും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ജോലി ചെയ്‌തു. ശൈലജ ഭാര്യയും കാര്‍ത്തിക ഏക മകളുമാണ്.
ഇടതുപക്ഷ സഹയാത്രികനായ മുരളി വിദ്യാര്‍ഥിയായിരിക്കെ തന്നെ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സി പി എം അനുഭാവിയായും പ്രവര്‍ത്തിച്ചു. 1999ല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ വി എം സുധീരനോട് തോറ്റു. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്നു.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും മുരളി മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. എല്ലാവരും പോകുന്ന അപവാദങ്ങളുടെ വഴിയിലൂടെ മുരളി അറിഞ്ഞുകൊണ്ട് ഒരിക്കലും പോയില്ല; സിനിമയിലെ കഥാപാത്രങ്ങളിലെന്ന പോലെ തന്റെ കാഴ്‌ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ എന്നും താത്‌പര്യപ്പെട്ടു.
മുരളിയുടെ ഒരിക്കലും തിരിച്ചുവരാത്ത യാത്രയോടെ മലയാള സിനിമാ വേദിക്ക് നഷ്‌ടമായത് വെറുമൊരു അഭിനേതാവിനെ മാത്രമല്ല. അഭിനയത്തിന്റെ രസതന്ത്രം സംയോജിപ്പിച്ചെടുക്കുന്ന ഒരു നാട്യശാസ്‌ത്രജ്ഞനെ കൂടിയാണ്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരത്തിലൂടെ വികാരങ്ങള്‍ നെയ്‌തെടുക്കുന്ന, മറ്റുള്ളവര്‍ക്ക്‌് പകര്‍ന്ന് നല്‍കുന്ന നെയ്‌ത്തുകാരനെ കൂടിയാണ്. ഈ വിടവ് മറ്റാര് നെയ്‌തെടുത്താലും മായാത്തതാണ്.