Monday, January 24, 2011

വാര്‍ത്തകളുടെ സൂക്ഷിപ്പുകാരന്‍



മിഥുന്‍കൃഷ്‌ണ

രാവിലെ ഏതെങ്കിലുമൊരു വര്‍ത്തമാന പത്രം കണ്ടില്ലെങ്കില്‍ അസ്വസ്ഥമാകുന്നവരുടെ നാടാണ്‌ നമ്മുടേത്‌. ദിനംപ്രതി ഡസന്‍ കണക്കിന്‌ ചാനലുകള്‍ സ്വന്തം അടുക്കളയില്‍ നിന്നുപോലും തത്സമയ പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോഴും അതിരാവിലെതന്നെ വര്‍ത്തമാന പത്രം കണ്ടില്ലെങ്കില്‍ മലയാളിക്ക്‌ ഹാലിളകും. ദശാബ്‌ദങ്ങളായി പത്രങ്ങള്‍ അത്രക്ക്‌ സ്വാധീനമാണ്‌ നമ്മുടെ സമൂഹത്തില്‍ ചെലുത്തിയിരിക്കുന്നത്‌. ചാനലില്‍ ലൈവായി കണ്ട വാര്‍ത്ത പത്രത്തില്‍ അച്ചടിച്ചുകണ്ടാലെ മലയാളി വിശ്വസിക്കുന്നു എന്നുവരെയായി. വായനക്കാരനെ നടുക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, എന്തിന്‌ സ്വബോധം നഷ്‌ടപ്പെടുത്തുന്നതടക്കമുള്ള നിരവധി വാര്‍ത്തകളാണ്‌ ഓരോ ദിവസവും പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്‌. ഈ വാര്‍ത്തകളുടെ ആയുസ്സ്‌ കേവലം മണിക്കൂറുകള്‍ മാത്രമാണ്‌. ഇത്തരം വാര്‍ത്തകള്‍ ശേഖരിച്ചുവെക്കുന്നവര്‍ വളരെ അപൂര്‍വമായിക്കും. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വര്‍ഷമായി വായനക്കാരനെ ഞെട്ടിച്ചതും കൗതുകം നല്‍കിയതുമായ വാര്‍ത്തകള്‍ ശേഖരിച്ചുവെക്കുന്ന ഒരാള്‍ നമുക്കിടയിലുണ്ടെന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കേവലം മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള വാര്‍ത്തകള്‍ക്ക്‌ ആയുസ്സിന്റെ പുസ്‌തകം തന്നെ തീര്‍ക്കുകയാണ്‌ കോഴിക്കോട്‌ പൂവാട്ടുപറമ്പ്‌ സ്വദേശി ജീവരാജനെന്ന ജീവേട്ടന്‍. കേവലം ഒരു തമാശക്ക്‌ തുടങ്ങിയ ഈ വാര്‍ത്താശേഖരണ കമ്പം ഇന്ന്‌ അദ്ദേഹത്തിന്റെ ജീവിതചര്യയായി മാറിയിരിക്കുന്നു.
നായ പത്രം നോക്കുന്ന പടം ഒരു പ്രമുഖ മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതേറെ നേരം നോക്കിനിന്ന ജീവരാജന്‍ എന്ന ഇരുപത്തിയൊന്നുകാരന്‌ ആ പടത്തിനൊരു അടിക്കുറിപ്പ്‌ നല്‍കാനാണ്‌ ആദ്യം തോന്നിയത്‌. ആ പടം വെട്ടിയെടുത്ത്‌ `കണ്ണൂരെന്താ പ്രശ്‌നം?' എന്ന അടിക്കുറിപ്പോടെ ആ യുവാവ്‌ നോട്ടുപുസ്‌തകത്തില്‍ ഒട്ടിച്ചുവെച്ചു. അന്ന്‌ തുടങ്ങിയതാണ്‌ ജീവരാജന്‌ വാര്‍ത്തകളോടുള്ള ഭ്രമം. പത്തിരുപത്തിയഞ്ച്‌ വര്‍ഷം മുമ്പുള്ള കാര്യമാണത്‌. ഇന്നാ ശേഖരത്തില്‍ മൂവായിരത്തോളം വേറിട്ട വാര്‍ത്തകളുണ്ടെന്നത്‌ ആരെയും അത്ഭുതപ്പെടുത്തും.
എല്‍ ഐ സി ഏജന്റായ സുഹൃത്ത്‌ തോമസ്‌ ചേട്ടനാണ്‌ തന്നെ വാര്‍ത്തകളുടെ കമ്പക്കാരനാക്കിയതെന്ന്‌ ജീവേട്ടന്‍ പറയുന്നു. പലവിധ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയരായവരുടെ ഫോട്ടോയും വാര്‍ത്തയും ഡയറി താളുകളില്‍ വെട്ടിയൊട്ടിച്ചു സൂക്ഷിക്കലായിരുന്നു തോമസ്‌ ചേട്ടന്റെ വിനോദം. ഇത്‌ കണ്ടതുമുതലാണ്‌ ചുട്ടുപൊള്ളിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക്‌ നടുവില്‍ വായനക്കാരനെ നടുക്കുന്ന, കൗതുകം അല്ലെങ്കില്‍ വിസ്‌മയം സൃഷ്‌ടിക്കുന്ന വാര്‍ത്തകള്‍ ശേഖരിച്ചു വെച്ചാലെന്തെന്ന ആശയത്തിന്‌ ജീവേട്ടന്റെ മനസില്‍ ജീവന്‍ വെച്ചത്‌. പിന്നീട്‌ പത്രത്താളുകള്‍ മറിച്ചിടുമ്പോള്‍ ജീവേട്ടന്റെ കണ്ണ്‌ ചില വേറിട്ട വാര്‍ത്തകളില്‍ ചെന്നുടക്കിനില്‍ക്കുകയായിരുന്നു.
കൊല്ലം മുഖത്തല സ്വദേശിയായ ജീവരാജന്‍ പതിനെട്ടാം വയസ്സില്‍ സെക്യൂരിറ്റിക്കാരനായാണ്‌ കോഴിക്കോടെത്തിയത്‌. ആശുപത്രിയിലെ സെക്യൂരിറ്റി ജോലിക്കാരനായ ജീവേട്ടന്‌ ആ ജോലി വാര്‍ത്താശേഖരണത്തിന്‌ ഏറെ സഹായം ചെയ്യുന്നുവത്രേ. ആശുപത്രിയില്‍ രോഗികളും അവരുടെ ബന്ധുക്കളും വായിച്ച്‌ ഉപേക്ഷിക്കുന്ന പത്രങ്ങളും മാസികകളും ശേഖരിച്ച്‌ അതിലെ കൗതുക വാര്‍ത്തകള്‍ വെട്ടിയെടുത്ത്‌ സൂക്ഷിച്ചാണ്‌ തന്റെ വിചിത്രമായ വിനോദത്തിന്‌ ജീവേട്ടന്‍ തുടക്കമിട്ടത്‌. ഓരോ ദിവസവും ഇതിനായി അരമണിക്കൂര്‍ സമയം വരെ നീക്കിവെക്കാറുണ്ട്‌. വഴിയോരങ്ങളില്‍നിന്ന്‌ ലഭിക്കുന്ന പത്രങ്ങളും മാസികകളും സ്വരൂപിച്ചും ശേഖരണത്തിന്റെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത്‌ ആശുപത്രിയിലെ പഴയ രജിസ്റ്ററുകളിലായിരുന്നു വാര്‍ത്തകള്‍ വെട്ടിയൊട്ടിച്ചുകൊണ്ടിരുന്നത്‌.
നിശ്ശബ്‌ദമായി തുടങ്ങിയ തന്റെ ശേഖരണത്തിലെ വേറിട്ട വാര്‍ത്തകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും പറഞ്ഞുകേള്‍പ്പിക്കുകയെന്നതും പിന്നീട്‌ ജീവേട്ടന്റെ ദിനചര്യയുടെ ഭാഗമായി. എന്നാല്‍ ജീവേട്ടന്‍ പറയുന്ന അതിശയിപ്പിക്കുന്ന അല്ലെങ്കില്‍ ഞെട്ടിപ്പിക്കുന്ന കഥകള്‍ വിശ്വസിക്കാന്‍ ആദ്യം ആരും കൂട്ടാക്കിയില്ല. കോട്ടയത്ത്‌ സിഗരറ്റ്‌ വലിക്കുന്ന പൂവന്‍ കോഴിയുണ്ടെന്ന്‌ പറഞ്ഞാല്‍ എത്രയാളുകള്‍ വിശ്വസിക്കും? അയല തിന്നുന്ന പശുവിനെക്കുറിച്ചും മദ്യപിക്കുന്ന തത്തയെക്കുറിച്ചും പറഞ്ഞപ്പോഴും ആരും സത്യമാണെന്ന്‌ കരുതിയില്ല. മുന്നൂറ്‌ കിലോ ഗ്രാം തൂക്കമുള്ള ചേമ്പിനെക്കുറിച്ചും അറന്നൂറ്‌ മുട്ടയിടുന്ന അണലിയെക്കുറിച്ചും യജമാനന്റെ ചെരുപ്പിന്‌ കാലങ്ങളോളം കാവല്‍ നില്‍ക്കുന്ന നായയെക്കുറിച്ചും വാചാലനായപ്പോള്‍ ആരും ചെവികൊടുത്തതുപോലുമില്ല. സ്‌ത്രീകളെ കണ്ടാല്‍ കൊത്തിയോടിക്കുന്ന കോഴിയെക്കുറിച്ചും മുട്ടയിടുന്ന പൂവന്‍ കോഴിയെക്കുറിച്ചും എന്തിന്‌, മോര്‍ച്ചറിയില്‍ മൃതദേഹം പ്രസവിച്ചതിനെക്കുറിച്ചും പറഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുന്നില്‍ ബഡായിക്കാരനായി മാറിയിരുന്നു ജീവേട്ടന്‍. താന്‍ പറഞ്ഞ കഥകള്‍ സത്യമാണെന്നതിന്‌ പത്രങ്ങളില്‍ വന്ന ആ വാര്‍ത്തകളുടെ തന്റെ വലിയ ശേഖരം കാണിച്ചപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി, ആദരമായി. പിന്നീട്‌ എല്ലാവരും ജീവേട്ടന്റെ വാര്‍ത്തകള്‍ക്ക്‌ കാതോര്‍ത്തിരിക്കാന്‍ തുടങ്ങി. അവര്‍ സ്‌നേഹത്തോടെ `കൗതുകം ജീവേട്ടന്‍' എന്നുവിളിക്കാനും തുടങ്ങി. പിന്നീട്‌ കൗതുകത്തിന്‌ പുറമേ വര്‍ത്തമാന സമൂഹത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും ദുരന്തത്തിന്റെയും പടങ്ങളും വാര്‍ത്തകളും മിണ്ടാപ്രാണികളോടുള്ള അതിക്രമങ്ങളുടെ വാര്‍ത്തകളും ശേഖരത്തില്‍ ഉള്‍പ്പെടുത്തി. അതോടെ വളരെ ഗൗരവസ്വഭാവമുള്ള വാര്‍ത്താ ശേഖരത്തിന്റെ ഉടമയാകാന്‍ തുടങ്ങി ജീവേട്ടന്‍. ഇപ്പോഴാ ശേഖരത്തില്‍ ഉറുമ്പ്‌ മുതല്‍ തിമിംഗലം വരെയുള്ള ജീവജാലങ്ങളുടെ കൗതുക വാര്‍ത്തകളും രസകരമായ ചിത്രങ്ങളും മാത്രമല്ല ശ്രീലങ്കയിലും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ഫലസ്‌തീനിലും സാമ്രാജ്യത്വ കഴുകന്മാരുടെ ആക്രോശങ്ങള്‍ക്ക്‌ ഇരയാകുന്ന മനുഷ്യ സഹോദരങ്ങളുടെ കരളലിയിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമുണ്ട്‌. ഇതില്‍ പലതും ഏതു കാലത്തും വായനക്കാരനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണെന്ന്‌ ജീവേട്ടന്‍ അടിവരയിട്ടു പറയുന്നു.
കൗതുക വാര്‍ത്തകള്‍ക്ക്‌ പുറമെ ചരിത്രം, സംസ്‌കാരം, ശാസ്‌ത്രം, പ്രകൃതി ദുരന്തം, യുദ്ധം, പരിസ്ഥിതി, ഭൂസമരം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്‌ ജീവേട്ടന്റെ ശേഖരണത്തിന്‌ മാറ്റ്‌ കൂട്ടുന്നത്‌.
1768-ല്‍ ടിപ്പു സുല്‍ത്താന്‍ കോഴിക്കോട്ടെത്തിയതിന്‌ തെളിവായി അവശേഷിക്കുന്ന ഫറോക്കിലെ ടിപ്പു കോട്ടയുടെ ശേഷിക്കുന്ന ഭാഗത്തിന്റെ വിവിധ പടങ്ങളും വാര്‍ത്തകളുമുണ്ട്‌ ജീവേട്ടന്റെ ശേഖരത്തില്‍. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം 1947 സെപ്‌തംബര്‍ 19-ന്‌ ഡല്‍ഹിയില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള അഭയാര്‍ഥികളുമായി പുറപ്പെടുന്ന തീവണ്ടിയുടെ ചിത്രം ശേഖരത്തില്‍ ഇടം പിടിച്ചവയില്‍ പ്രധാനമാണ്‌.
ജൈവ ഇന്ധനം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാ വിമാനം ബോയിംഗ്‌ 747 ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന്‌ നെതര്‍ലാന്‍ഡിലേക്ക്‌ പരീക്ഷണ പറക്കല്‍ നടത്താന്‍ തുടങ്ങുന്നതിന്റെ പടവും വാര്‍ത്തയുമാണ്‌ ശേഖരണ പുസ്‌തകത്തില്‍ ശാസ്‌ത്രത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നവയില്‍ പ്രധാനം. ഇതേക്കുറിച്ച്‌ ചോദിച്ചാല്‍ വെളിച്ചെണ്ണയില്‍നിന്നും ബ്രസ്സല്‍സിലെ ബബസൂ എന്നറിയപ്പെടുന്ന മരത്തിന്റെ കുരുവില്‍ നിന്നുമുള്ള എണ്ണയും കൂട്ടിച്ചേര്‍ത്താണ്‌ വിമാനം ഓടിക്കാനാവശ്യമായ ജൈവ ഇന്ധനം ഉണ്ടാക്കിയിരിക്കുന്നതെന്ന്‌ ജീവേട്ടന്‍ വിശദീകരിച്ചുതരും. അത്ര ആഴത്തിലാണ്‌ ഇദ്ദേഹം ഓരോ വാര്‍ത്തയേയും പഠിക്കുന്നത്‌.
ലോകത്തിന്‌ ദുരന്തങ്ങള്‍ സമ്മാനിക്കാനായി മാത്രം പിറന്ന ചില ദിവസങ്ങളിലെ വാര്‍ത്തകളും പടങ്ങളും ആ കാലത്തിന്റെ അടയാളപ്പെടുത്തലായി ശേഖരണ പുസ്‌തകത്തെ മാറ്റുന്നു. ചൈനയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഭര്‍ത്താവ്‌ സൈക്കിളിന്റെ പിന്നില്‍ വെച്ച്‌ കെട്ടിക്കൊണ്ടുപോകുന്ന പടം നമ്മള്‍ പലരും വേദനയോടെ നോക്കിക്കണ്ടിരുന്നെങ്കിലും അതിപ്പോള്‍ മറന്നുകാണും. എന്നാല്‍ ജീവേട്ടന്‍ അതിപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നു. കോട്ടയത്ത്‌ പ്രളയത്തെ തുടര്‍ന്ന്‌ ഒറ്റപ്പെട്ട വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാനായി തോണിയില്‍ കൊണ്ടുപോകുന്ന ദുരന്ത ചിത്രവും നാം മറന്നുകാണും. അതും പോയകാലത്തിന്റെ വേദനിപ്പിക്കുന്ന അടയാളപ്പെടുത്തലായി ജീവേട്ടന്റെ ശേഖരത്തിലുണ്ട്‌.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നുപോയ ഖാന്‍ യൂനിസ്‌ പട്ടണത്തിലെ വീട്ടില്‍നിന്ന്‌ കുഞ്ഞിനെയുമെടുത്ത്‌ പ്രാണരക്ഷാര്‍ഥം ഓടുന്ന ഫലസ്‌തീന്‍ പെണ്‍കുട്ടിയുടെ നെഞ്ചിടിപ്പിന്റെ ശബ്‌ദം ഇപ്പോഴും ആ പടം കാണുമ്പോള്‍ നമുക്ക്‌ അനുഭവപ്പെടും. അങ്ങ്‌ പടിഞ്ഞാറന്‍ ജര്‍മന്‍ പട്ടണമായ ലുഡ്‌വിഷാഫനില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തതില്‍ നിന്നും രക്ഷപ്പെടുത്താനായി കുഞ്ഞിനെ ബഹുനില കെട്ടിടത്തിന്റെ മുകളിലെ ജനലിലൂടെ പുറത്തേക്കെറിയുന്ന രക്ഷിതാക്കളുടെ തീവ്ര മാനസികാവസ്ഥയും ടൂത്ത്‌ബ്രഷ്‌ വായില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന്‌ ഇങ്ങ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സക്കെത്തി, ഡോക്‌ടര്‍മാരുടെ സമയം കാത്ത്‌ ഇരുപത്‌ മണിക്കൂര്‍ വേദന കടിച്ചമര്‍ത്തി ഇരുന്ന രണ്ട്‌ വയസ്സുകാരന്റെയും അവന്റെ അമ്മയുടെയും നിസഹായാവസ്ഥയും അനുഭവിച്ചറിയിക്കുന്ന പടങ്ങളും വാര്‍ത്തകളും ജീവേട്ടന്റെ ശേഖരണത്തിലെ അമൂല്യ സമ്പാദ്യങ്ങളാണ്‌.
ചെങ്ങറ ഭൂസമരം കേരളീയ രാഷ്‌ട്രീയത്തില്‍ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ഉണ്ടാക്കിവെച്ചതെന്ന്‌ നാം കണ്ടതാണ്‌. ഹാരിസണ്‍ എസ്റ്റേറ്റ്‌ കൈയേറിയ സാധുജന വിമോചന സംയുക്ത വേദി പ്രവര്‍ത്തകര്‍ പോലീസ്‌ ഒഴിപ്പിക്കാനെത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി കഴുത്തില്‍ കുടുക്കിട്ട്‌ മരത്തില്‍ കയറി നില്‍ക്കുന്ന പടവും സ്‌ത്രീകള്‍ മണ്ണെണ്ണ നിറച്ച പാത്രം തലയിലേറ്റി ആത്മഹത്യക്കായി ഒരുങ്ങിനില്‍ക്കുന്ന പടവും ജീവേട്ടന്‍ ഭദ്രമായി കരുതിവെച്ചിട്ടുണ്ട്‌.
ആ സമരത്തിന്റെ തീവ്രതയും വ്യത്യസ്‌തതയും വിളിച്ചോതുന്ന ചിത്രങ്ങളാണിവയെന്ന്‌ ജീവേട്ടന്‍ പറയുന്നു. കാലവര്‍ഷത്തില്‍ വീട്‌ നശിച്ചതിനെ തുടര്‍ന്ന്‌ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ അഭയം തേടിയ കോഴിക്കോട്‌ എകരൂരിലെ അന്ധനായ രാഘവന്റെയും കുടുംബത്തിന്റെയും വാര്‍ത്തയും പടവും നാം മറന്നുകൂടെന്ന്‌ വാര്‍ത്താ ശേഖരം വിളിച്ചുപറയുന്നു. മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന്‌ അധികൃതര്‍ തകര്‍ത്ത വീടിന്റെ സമീപം മണ്ണില്‍ കിടന്നുറങ്ങുന്ന കൊച്ചുകുട്ടികളുടെ പടം ആരുടെയും കരളലിയിക്കും.
പ്രത്യേകമായി ഒരു രാഷ്‌ട്രീയ സംഘടനയിലും സജീവമായി പ്രവര്‍ത്തിക്കാത്ത ജീവേട്ടന്റെ ശേഖരത്തില്‍ ചില രാഷ്‌ട്രീയ നേതാക്കളുടെ വഷളന്‍ സംഭാഷണങ്ങളും ഇടം തേടിയിട്ടുണ്ട്‌. അടുത്തിടെ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങളോട്‌ വിലകുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശീലിക്കണമെന്ന പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിര്‍ദേശം ജീവേട്ടന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഒരു ഭരണകൂടവും ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്‌ അതെന്നാണ്‌ ജീവേട്ടന്റെ അഭിപ്രായം. ആ പരാമര്‍ശത്തില്‍ ആദ്യം കൗതുകം തോന്നിയെങ്കിലും പിന്നീട്‌ വേദനിപ്പിച്ചെന്ന്‌ ജീവേട്ടന്‍ വ്യസനത്തോടെ പറയുന്നു.
നേരത്തെ കൗതുക വാര്‍ത്തകളോടുള്ള ഭ്രമം മൂത്ത്‌ കോഴിക്കോട്‌ പൂവാട്ടുപറമ്പിലെ തന്റെ വീടിന്റെ പേര്‌ `മകയിരം' എന്നത്‌ ഒരു സുപ്രഭാതത്തില്‍ `കൗതുകം' എന്നാക്കാന്‍ വരെ ജീവേട്ടന്‍ സന്നദ്ധനായി. ഇപ്പോള്‍ പത്ത്‌ വലിയ ലെഡ്‌ജര്‍ ബുക്ക്‌ നിറയെ മൂവായിരത്തോളം അപൂര്‍വ വാര്‍ത്തകളും ചിത്രങ്ങളും ജീവേട്ടന്റെ ശേഖരത്തിലുണ്ട്‌. `ജീവന്റെ പകര്‍പ്പ്‌' എന്ന്‌ പേരിട്ട ആ പുസ്‌തകങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ ഈ മനുഷ്യനോട്‌ ആദരം തോന്നും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന തുണ്ട്‌ കടലാസുകളിലെ വ്യത്യസ്‌തമായ, ഒരിക്കലും മറക്കാന്‍ കഴിയാത്ത വാര്‍ത്തകള്‍ ബുക്കില്‍ ഭംഗിയായി ഒട്ടിച്ചുവെച്ചത്‌ കാണുമ്പോള്‍ പലരും ജീവേട്ടനോട്‌ ചോദിക്കും- നിങ്ങള്‍ക്ക്‌ ഇതിനെല്ലാം എപ്പോഴാണ്‌ സമയമെന്ന്‌! ആളുകളെ വഷളാക്കുന്ന ഒഴിവ്‌ സമയം ഇല്ലാതായാല്‍ സമൂഹം ഏറെ നന്നാകും എന്ന തത്വശാസ്‌ത്രമായിരിക്കും ഒരു ചെറുചിരിയോടെയുള്ള അദ്ദേഹത്തിന്റെ മറുപടി.
വാര്‍ത്തകളെ സ്‌നേഹിക്കുന്ന ജീവേട്ടന്‍ ഇപ്പോള്‍ ഏവര്‍ക്കും ഒരു കൗതുകമായിരിക്കുകയാണ്‌. കവികളായ ചെമ്മനം ചാക്കോ, പി കെ ഗോപി, തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍, ചിത്രകാരന്‍ ദേവസ്യ എന്നിവര്‍ `ജീവന്റെ പകര്‍പ്പുകള്‍' കണ്ട്‌ അത്ഭുതചിത്തരായിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ വരുന്ന ഇവരുടെ സൃഷ്‌ടികള്‍ വായിച്ച്‌ അവര്‍ക്ക്‌ കത്തെഴുതിയാണ്‌ ജീവേട്ടന്‍ പ്രശസ്‌തരുടെ ഈ നിരയുമായി ചങ്ങാത്തം സ്ഥാപിച്ചത്‌. തുടര്‍ന്നാണ്‌ ജീവേട്ടന്റെ വിചിത്രശേഖരം കാണാനായി ഇവരില്‍ പലരും നേരിട്ടെത്തിയത്‌. പ്രശസ്‌തരുടെ മറുപടി കത്തുകള്‍ ശേഖരിക്കുന്നതിനും ജീവേട്ടന്‍ ഇപ്പോള്‍ സമയം കണ്ടെത്തുന്നുണ്ട്‌. സംസ്ഥാന വനം മന്ത്രി ബിനോയ്‌ വിശ്വം, മലയാള സാഹിത്യത്തിലെ കുലപതികളായ എം ടി, സുഗതകുമാരി, സുകുമാര്‍ അഴീക്കോട്‌, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, കാക്കനാടന്‍ തുടങ്ങി ഇരുന്നൂറോളം പേരുടെ കത്തുകള്‍ ഇപ്പോള്‍ ശേഖരത്തിലുണ്ട്‌.
ജീവേട്ടന്റെ വാര്‍ത്താ ശേഖരണ പ്രണയത്തോട്‌ ഭാര്യ രജിതക്ക്‌ യാതൊരു പരിഭവവുമില്ല. മക്കളായ അനുരാജിനും മിലിരാജിനും അച്ഛന്റെ ഈ വിചിത്രമായ ശേഖരത്തെക്കുറിച്ച്‌ പറയുമ്പോള്‍ നൂറ്‌ നാക്കാണ്‌. ഇവരെ കൂടാതെ സഹോദരന്‍ രാജ മോഹന്‍, ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ ചെയര്‍മാന്‍ പി ജെ അലക്‌സാണ്ടര്‍, ആശുപത്രിയിലെ ഡോ. എന്‍ ജെ മാണി, ഡോ. ബിന്ദു, ഡോ. കൃഷ്‌ണന്‍ പുതുശ്ശേരി, പുസ്‌തക വില്‍പ്പനക്കാരനായ സഹീര്‍ തുടങ്ങിയവരും തന്റെ കൗതുക ശേഖരത്തിന്‌ വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരുന്നുണ്ടെന്ന്‌ ജീവേട്ടന്‍ നന്ദിയോടെ പറയുന്നു. ഏതു വാര്‍ത്തക്കും കേവലം ഒരു ദിവസത്തെ ആയുസ്സ്‌ മാത്രം ഉള്ളപ്പോള്‍ തന്റെ ശേഖരത്തിലെ വാര്‍ത്തകകള്‍ക്ക്‌ നൂറായുസ്സാണെന്നാണ്‌ ജീവേട്ടന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു- ജീവേട്ടന്റെ ശേഖരത്തില്‍ ഇടം പിടിക്കാന്‍...

അനാക്കൊണ്ടയെന്ന ഭീമന്‍ പാമ്പ്‌


സാഹിത്യത്തിലും സിനിമയിലും അനാക്കൊണ്ടയെ ചിത്രീകരിച്ചിരിക്കുന്നത്‌ മനുഷ്യനെ ജീവനോടെ തിന്നുന്ന ഭയാനക ജീവിയായാണ്‌. 1997ലാണ്‌ ആദ്യമായി അനക്കൊണ്ട പരമ്പരയില്‍ പെട്ട ആദ്യ ഹോളിവുഡ്‌ സിനിമ പുറത്തിറങ്ങിയത്‌. അന്നുമുതലാണ്‌ നമ്മളില്‍ ഭൂരിഭാഗവും അനാക്കൊണ്ടയെക്കുറിച്ച്‌ അറിഞ്ഞതും. ചിന്തിച്ചതും. സാഹിത്യത്തിലും അനാക്കൊണ്ടയുടെ ചിത്രീകരണം അനുവാചകന്റെ ചങ്കിടിപ്പേറ്റുന്നതാണ്‌. മാത്യാസ്‌ ബ്രാഡ്‌ലിയുടെ `അനാക്കൊണ്ടാസ'്‌ എന്ന നോവല്‍ അതിന്‌ ഒന്നാം തരം ഉദാഹരണമാണ്‌. ഹൊറേസിയോ ഓറിഗോയുടെ ചെറുകഥയായ `ദ റിട്ടേണ്‍ ഓഫ്‌ അനക്കൊണ്ട'യും വായനക്കാരനെ ഭയചകിതനാക്കുന്നതാണ്‌. പാന്വുകളുടെ ഗണത്തിലെ ഈ രാജാധിരാജനെക്കുറിച്ച്‌ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്‌ ഇത്തരത്തിലുള്ള കേട്ടറിവും കണ്ടറിവും മാത്രമേ ഉള്ളൂ. ഇവ ഇന്ത്യയില്‍ എവിടെയും ഇല്ലായെന്നര്‍ഥം. അതുകൊണ്ടു തന്നെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൃഗശാലാ അധികൃതരും മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനിലെ അധികൃതരും തമ്മില്‍ ഉണ്ടാക്കിയ അനക്കൊണ്ട കരാര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നതാണ്‌. കൊളംബോയിലെ മൃഗശാലയില്‍ അധികമുള്ള അനാക്കൊണ്ടകളെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‌ നല്‍കാമെന്നാണ്‌ നേപ്പാളില്‍ നടന്ന മൃഗപരിപാലന സമ്മേളനത്തിനിടെ ശ്രീലങ്കയും ഇന്ത്യയും ധാരണയായത്‌. ശൈശവ ദശയിലുള്ള മൂന്ന്‌ പെണ്‍ അനക്കൊണ്ടകളടക്കം അഞ്ച്‌ അനാക്കൊണ്ടകളെ ലഭിക്കുമെന്നാണ്‌ അറിയുന്നത്‌. അഞ്ച്‌ മുതല്‍ ഏഴ്‌ അടി വരെ നീളമുള്ള അനാക്കൊണ്ടകളാണ്‌ ലഭിക്കുക. ശ്രീലങ്കയുമായി ധാരണയായ ശേഷം ഇവയെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി മൈസൂരിലെ മൃഗശാലാ അധികൃതര്‍ സെന്‍ട്രല്‍ സു അതോറിറ്റി ഓഫ്‌ ഇന്ത്യയെ (സി സെഡ്‌ എ) സമീപിച്ചിരിക്കയാണ്‌. സി സെഡ്‌ എയുടെ ചുവപ്പുനാടയില്‍ കുടുങ്ങിയില്ലെങ്കില്‍ അനാക്കൊണ്ട കടല്‍കടന്ന്‌ ഇന്ത്യയിലെത്തുമെന്നത്‌ തീര്‍ച്ച.
എന്നാല്‍ അനാക്കൊണ്ടക്ക്‌ ഇന്ത്യയിലെ കാലാവസ്ഥയില്‍ ജീവിക്കാന്‍ കഴിയുമോയെന്നത്‌ സംബന്ധിച്ച്‌ ചിന്തിച്ചേ മതിയാവൂ. സാധാരണയായി ഉഷ്‌ണ മേഖലാ മഴക്കാടുകളിലാണ്‌ അനക്കൊണ്ടകളെ കാണാറുള്ളത്‌. ഇവയുടെ ജീവിതപശ്ചാത്തലത്തിന്‌ തണുപ്പ്‌ കാലാവസ്ഥയാണ്‌ അഭികാമ്യം. അതുകൊണ്ട്‌ അനാക്കൊണ്ടകള്‍ മൈസൂരിലെത്തുമ്പോഴേക്കും ഇതിനായി പ്രത്യേകം കൂടുകള്‍ നിര്‍മിച്ച്‌ അവയില്‍ ശീതീകരണ ഉപകരണങ്ങള്‍ വെച്ചുപിടിക്കേണ്ടതുണ്ടെന്ന്‌ മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെ ബി മാര്‍ക്കേണ്ടേയ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഉരഗവര്‍ഗങ്ങളില്‍പെട്ട 41 സ്‌പീഷീസുകളില്‍ ഒന്നാണ്‌ അനാക്കൊണ്ട. ഇവ നാല്‌ തരത്തില്‍ കാണപ്പെടുന്നുണ്ട്‌. ഗ്രീന്‍ അനാക്കൊണ്ട, അനാക്കൊണ്ട, കോമണ്‍ അനാക്കൊണ്ട, വാട്ടര്‍ ബോ ന്നിവയാണവ. പാമ്പുകളില്‍ ഏറ്റവും വിഷാംശമുള്ളതും ഏറ്റവും നീളം കൂടിയതുമാണ്‌ അനക്കൊണ്ട. പൂര്‍ണവളര്‍ച്ചയെത്തിയ അനാക്കൊണ്ടക്ക്‌ പതിനേഴ്‌ അടി നീളവും നൂറ്‌ കിലോയലധികം തൂക്കവും ഉണ്ടാകുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നത്‌. പെണ്‍ അനാക്കൊണ്ടകള്‍ക്കാണ്‌ ആണ്‍ അനാക്കൊണ്ടാക്കളെക്കാള്‍ തൂക്കവും നീളവും ഉണ്ടാകുക. പ്രധാനമായും പുഴകളിലും അരുവികളിലും തടാകങ്ങളിലുമാണ്‌ ഇവ ജീവിക്കുക. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ്‌ ഇവയുടെ വിഹാര കേന്ദ്രം. വെള്ളത്തിനടിത്തട്ടില്‍ കിടക്കുമ്പോള്‍ പോലും പുറത്തുള്ള ജീവികളെ കാണാന്‍ കഴിയുന്നത്ര സൂക്ഷ്‌മതയുള്ളതാണ്‌ അനക്കൊണ്ടയുടെ കണ്ണുകള്‍. ഒലീവ്‌ പച്ച നിറത്തിലുള്ള തൊലി ഇര തേടുമ്പോള്‍ ഇവക്ക്‌ വളരെയധികം സഹായം ചെയ്യുന്നുണ്ട്‌. ഇരയെ കാണുമ്പോള്‍ വളരെയധികം നിശബ്‌ദത പാലിക്കാറുള്ള അനാക്കൊണ്ട അതിവേഗം അതിനെ കീഴ്‌പ്പെടുത്താറാണ്‌ പതിവ്‌. ചെറിയ ഇഴ ജന്തുക്കള്‍ മുതല്‍ ആന വരെയുള്ളതിനെ അനായാസേന കീഴ്‌പ്പെടുത്താനുള്ള ശക്തിയും ഇവക്കുണ്ട്‌.
അനാക്കൊണ്ടയുടെ ജീവിതചക്രം പത്ത്‌ മുതല്‍ മുപ്പത്‌ വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതാണ്‌. പെണ്‍ അനാക്കൊണ്ടയുടെ അണ്ഡാശയത്തില്‍ രൂപപ്പെടുന്ന മുട്ട, വിരിയാറാകുന്നത്‌ വരെ മാതാവിന്റെ ശരീരത്തില്‍ തന്നെ സൂക്ഷിക്കാറാണ്‌ പതിവ്‌. ആറ്‌ മുതല്‍ ഏഴ്‌ മാസം വരെയാണ്‌ ഗര്‍ഭധാരണം. ഒറ്റ പ്രവസത്തില്‍ പന്ത്രണ്ട്‌ മുതല്‍ എണ്‍പത്‌ വരെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാറുണ്ട്‌. ജനിച്ചുവീഴുന്ന കുഞ്ഞു അനാക്കൊണ്ടക്ക്‌ രണ്ടടി വരെ നീളം ഉണ്ടാകും. അമ്മയാകുന്ന അനാക്കൊണ്ടയുടെ തൂക്കം പ്രസവ ശേഷം അന്‍പത്‌ ശതമാനം വരെ കുറയാറുണ്ട്‌. ജനിച്ച്‌ ആദ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ വളരുന്ന അനാക്കൊണ്ട ക്കുഞ്ഞുങ്ങളുടെ വളര്‍ച്ച പിന്നീട്‌ മന്ദഗതിയിലാകും.. നല്ലൊരു മരം കയറ്റക്കാരനും കൂടിയാണ്‌ അനാക്കൊണ്ട. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ അരുവികളുടെ തീരത്തുള്ള മരങ്ങളില്‍ ഇത്തരം കാഴ്‌ചകള്‍ നിത്യസംഭവമാണ്‌. വലുപ്പം കാരണം കരയിലൂടെ വളരെ പതുക്കെ അലസമായി സഞ്ചരിക്കാന്‍ മാത്രമേ അനാക്കൊണ്ടക്ക്‌ സാധിക്കൂ.
അനാക്കൊണ്ടകള്‍ മനുഷ്യരെ തിന്നുമെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഇത്‌ ശരിയാണെന്ന്‌ ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന്‌ 1992മുതല്‍ അനാക്കൊണ്ടകളെക്കുറിച്ച്‌ പഠനം നടത്തുന്ന വെനിസ്വേലക്കാരനായ ശാസ്‌ത്രജ്ഞന്‍ ഡോക്‌ടര്‍ ജീസസ്‌ എ റിവാസ്‌ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇരകളുടെ ശിരസ്സ്‌ ഭാഗം ആദ്യം വിഴുങ്ങുകയെന്നതാണ്‌ അനാക്കൊണ്ടകളുടെ രീതി. ഇവയുടെ ദഹനപ്രക്രിയ വളരെ പതുക്കെ മാത്രമേ നടക്കൂ. വലുതായി എന്തെങ്കിലും ഭക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ അനാക്കൊണ്ടകള്‍ ഇര തേടാറില്ലത്രേ.
35 മുതല്‍ 40 വരെ അടി നീളമുള്ള അനാക്കൊണ്ടകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട്‌ തന്നെ 30ലധികം അടി നീളമുള്ള അനാക്കൊണ്ടകളെ പിടിച്ചുനല്‍കുന്നവര്‍ക്ക്‌ 50,000 യു എസ്‌ ഡോളര്‍ വരെ സമ്മാനമായി നല്‍കുമെന്ന്‌ വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഇതുവരെ ആരും മുന്നോട്ട്‌ വന്നിട്ടില്ല. ഇതുവരെ ലഭിച്ച അനാക്കൊണ്ടകളുടെ സ്‌പെസിമെനുകളില്‍ 18.1 അടി നീളമുള്ള പെണ്‍ അനാക്കൊണ്ടയെ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിന്‌ 97.5 കിലോ ഗ്രാം തൂക്കം വരും.
തെക്കേ അമേരിക്കയുടെ കിഴക്കന്‍ രാജ്യങ്ങളായ കൊളംബിയ, വെനിസ്വേല, ഗനിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ബ്രസീല്‍, ട്രിനിഡാഡ്‌ ദ്വീപ്‌ എന്നിവിടങ്ങളിലാണ്‌ അനാക്കൊണ്ടകള്‍ ധാരാളമായി കാണുന്നത്‌. വിവിധ രാജ്യങ്ങളിള്‍ വിവിധ പേരുകളിലാണ്‌ ഇവ അറിയപ്പെടുന്നത്‌. തെക്കേ അമേരിക്കയിലും സ്‌പെയിനിലും `ബുള്‍ കില്ലര്‍` എന്നര്‍ഥം വരുന്ന `മാത- തോറ' എന്ന സ്‌പാനിഷ്‌ പേരിലാണ്‌ അനാക്കൊണ്ട അറിയപ്പെടുന്നത്‌. `മദര്‍ ഓഫ്‌ ദി വാട്ടര്‍' എന്ന അര്‍ഥം വരുന്ന `യാകുമാമ' എന്ന പേരിലാണ്‌ പെറുവിയന്‍ അമാസോണ്‍ നിവാസികള്‍ അനക്കൊണ്ടയെ വിളിക്കുന്നത്‌. ഇവിടെയുള്ള കാട്ടുജാതിക്കാര്‍ `വാട്ടര്‍ പീപ്പിള്‍' എന്ന അര്‍ഥം വരുന്ന `യാക്കുര്‍നാസ്‌' എന്നാണിതിന്‌ പേരിട്ടിരിക്കുന്നത്‌.
പാമ്പുകളിലെ ഈ കൂറ്റന്‍ താരത്തിന്റെ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവയിപ്പോള്‍ വംശനാശ ഭീഷണി നേരിടാന്‍ പോകുകയാണ്‌. മഴക്കാടുകളുടെ നശീകരണം തന്നെ കാരണം. തൊലിക്ക്‌ വേണ്ടിവേട്ടയാടുന്നതും ഇവയുടെ വംശനാശത്തിന്‌ കാരണമാകുന്നുണ്ട്‌. തെക്കെ അമേരിക്കയില്‍ അനാക്കൊണ്ടയെ വാണിജ്യാവശ്യങ്ങള്‍ക്ക്‌ വേണ്ടി പിടിക്കുന്നത്‌ നിയമപരമായി തടഞ്ഞിട്ടുണ്ട്‌. പരീക്ഷണത്തിനു വേണ്ടിയും വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതുമാണ്‌ നിരോധിച്ചിരിക്കുന്നത്‌. എന്നാല്‍ തൊലിക്ക്‌ വേണ്ടി വര്‍ഷം തോറും ആയിരക്കണക്കിന്‌ അനാക്കൊണ്ടകളെയാണ്‌ തെക്കേ അമേരിക്കയില്‍ കൊല്ലുന്നത്‌. ഇതിനെതിരെ വിവിധ പരിസ്ഥിതി- വന്യജീവി സംരക്ഷണ സംഘടനകള്‍ രംഗത്ത്‌ വന്നിട്ടുള്ളതാണ്‌ ഏക ആശ്വാസം. അനാക്കൊണ്ടയുടെ സംരക്ഷണം ഉറപ്പ്‌ വരുത്തുന്നതിന്‌ ഇനിയും അവബോധം ആവശ്യമാണ്‌. അല്ലെങ്കില്‍ പാന്വുകളുടെ ലോകത്തെ ഈ സര്‍വാധികാരി എന്നെന്നേക്കുമായി കാലം ചെയ്‌തേക്കും.

Friday, July 2, 2010

ഒച്ച്‌


ഒരു ഒച്ച്‌
മെല്ലെ മെല്ലെ
വീപ്പയുടെ വലിയ
പുറംപോക്കില്‍
ജീവിതം തേടി...

വീപ്പയുടെ വായ്‌വട്ടം
ഒച്ചിന്റെ ലക്ഷ്യം.
മെല്ലെ മെല്ലെ
വളരെ പതുക്കെ
ഒച്ച്‌ വഴുവഴുത്തു.

വായ്‌വട്ടത്തില്‍ നിന്നും
പതുക്കെ വളരെ പതുക്കെ
ഇറങ്ങിയ ഒച്ച്‌
പിന്നിടെങ്ങോട്ട്‌
പോകുന്നു...?

വീപ്പയുടെ
ഈ ചെറിയ തുളയില്‍
എന്റെ വലിയ കണ്ണ്‌
തീര്‍ത്തുമിരുട്ടിലലിയുന്നു...

ഇതാ,
ഇപ്പോള്‍ ഒച്ചാണ്‌
എന്റെ വഴികാട്ടി
അവന്‍ വേഗത്തില്‍
വളരെ വേഗത്തില്‍
എന്നെ വഴിപശമയില്‍
ഒട്ടിച്ചുവെക്കുന്നു....!

Friday, June 25, 2010

ഒരു പന്തിന്റെ ആത്മരോദനം


വിസിലുമുഴങ്ങി
ഗോള്‍പോസ്റ്റ്‌ തേടിതിരിച്ച
പന്തിനന്ത്യം റഫറിയുടെ വിധി
പെനാള്‍ട്ടി.

ബൂട്ടുകള്‍ ആര്‍ത്തട്ടഹസിച്ചു,
ഗ്യാലറിയില്‍ മൂകത.
നെഞ്ചത്തടിക്കല്ലേ
ഒരു പന്തിന്റെ ആത്മരോദനം.

എല്ലാ കണ്ണുകളും ബൂട്ടിലേക്ക്‌...
ഇനി ഒരു നിമിഷം മതി
ഗോള്‍പോസ്റ്റിനെ ചുംബിക്കാന്‍
ആഹ്ലാദമാര്‍ത്തിരമ്പാന്‍

പന്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌
ബൂട്ടിന്റെ പ്രഹരം
സെല്‍ഫുഗോളടിച്ചവന്റെ
ശാപം!

ഇനിയൊരു പെനാള്‍ട്ടിക്ക്‌ മുമ്പ്‌
നീയെന്റെ നെഞ്ചില്‍ ചവിട്ടുക
പന്തിന്റെ ആത്മരോദനം...

Thursday, December 10, 2009


കാതുകളില്‍ ഇപ്പോഴും മാണിക്കത്തിന്റെ നിലവിളി...

ചിതലരിച്ച വഴികളിലൂടെ നേര്‌ തേടിയുള്ള യാത്ര. വഴിയിലെങ്ങും സാക്ഷികള്‍ ഉപേക്ഷിച്ചുപോയ മണ്‍മറയാത്ത മൊഴികള്‍, മാണിക്യത്തിന്റെ കളിയും ചിരിയും ഹൃദയം പിളര്‍ക്കുന്ന നിലവിളിയും. ഒടുക്കം മാണിക്യത്തിന്റെ കൊലപാതകി ഒരു കറുത്ത ശബ്‌ദമായ്‌ മറഞ്ഞുപോകുന്നു- പാലേരി മാണിക്യത്തെ ഇങ്ങനെ വായിക്കാം.
പാലേരി മാണിക്യത്തിലൂടെ രജ്ഞിത്‌ ഇത്തവണ കൈയ്യൊപ്പ്‌ ചാര്‍ത്തിയിരിക്കുന്നത്‌ അഭ്രപാളിയില്‍ മാത്രമല്ല; പ്രക്ഷേകന്റെ ഹൃദയത്തില്‍ കൂടിയാണ്‌. പാലേരി മാണിക്യവും ചീരുവും പൊക്കനും മുരിക്കുംകണ്ടി അഹമ്മദ്‌ ഹാജിയും വീണ്ടും സംസാരിച്ചു. പക്ഷേ സത്യം മാത്രം ആരും പറഞ്ഞില്ല. ആ വഴിയില്‍ രജ്ഞിത്‌ കഥയുടെ മര്‍മം തന്റെ കൈപ്പിടിയില്‍ ഒളിപ്പിച്ചുവെച്ചു. ഒടുവില്‍ പ്രതീക്ഷിക്കാതെ അയാള്‍... അയാളിലേക്കുള്ള ദൂരം സ്വതസിദ്ധമായ ശൈലിയില്‍ രജ്ഞിത്‌ അഭ്രപാളിയില്‍ വരച്ചിട്ടപ്പോള്‍ തെളിഞ്ഞത്‌ ഒരു കാലത്തിന്റെ ശേഷിപ്പുകളാകുന്നു. അതൊരിക്കലും ഏച്ചുകെട്ടലിന്റെയോ അതിഭാവുകത്വത്തിന്റെയോ അകമ്പടിയോടെയായിരുന്നില്ല. തീര്‍ത്തും യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നു നിന്ന്‌ പാലേരി മാണിക്യത്തിന്റെ കൊലപാതകിയെ ഹരിദാസ്‌ പ്രേക്ഷകന്റെ മുന്നിലേക്കിടുന്നു. പിന്നീട്‌ ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിയിലേക്ക്‌ നായകന്റെ കാല്‍പെരുമാറ്റം.
അരനൂറ്റാണ്ട്‌ മുന്‍പ്‌ നടന്ന സംഭവം ഇന്നലെയാരോ പറഞ്ഞു തന്നതുപോലെ തോന്നിപ്പിക്കുന്നതാണ്‌ ചിത്രത്തിന്റെ ആഖ്യാന ശൈലി. അന്‍പതുകളിലെ ഉള്‍നാടന്‍ ഗ്രാമവും അങ്ങാടിയും എല്ലാം കാഴ്‌ചക്കാരനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്യുന്നു. കഥ പറിച്ചിലില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങളെ, പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നില്ലേയെന്ന്‌ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ആരെയും കുത്തിനോവിപ്പിക്കാനല്ലെന്നു തോന്നുന്നു. കോഴിക്കോട്‌ ജില്ലയിലെ പാലേരിയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌ ആ കഥ അറിയാവുന്നവര്‍. അവരില്‍ പലരും ഇപ്പോഴും ഓര്‍ക്കാറുണ്ട്‌ മാണിക്യത്തെ. അവരിപ്പോഴും ചോദിക്കാറുണ്ട്‌ ആരാണ്‌ മാണിക്യത്തെ കൊന്നത്‌?. മാണിക്യത്തിന്റെ ഘാതകന്‍ എല്ലാം തേച്ചുമാച്ച്‌ കളഞ്ഞപ്പോഴും പാലേരിക്കാരുടെ മനസ്സില്‍ മാണിക്യത്തിന്റെ കളിയും ചിരിയും ബാക്കി നിന്നു. പച്ചപ്പായില്‍ കെട്ടിയ അവളുടെ ജീവസ്സറ്റ ശരീരം ഇന്നും അവരില്‍ പലരുടെയും കണ്ണുകളില്‍ തെളിയാറുണ്ട്‌. അതൊരിക്കലും ആര്‍ക്കും തേച്ചുമാച്ചു കളയാന്‍ കഴിയില്ലെന്ന്‌ ഇന്നലെകള്‍ വിളിച്ചുപഞ്ഞുകെണ്ടിരിക്കുന്നു.
മാണിക്യത്തിന്റെ കുടുംബക്കാര്‍ നീതിപീഠങ്ങളില്‍ നിരവധി തവണ മുട്ടിവിളിച്ചെങ്കിലും സത്യത്തെ അകറ്റിനിര്‍ത്താനുള്ള ശ്രമം വിജയിച്ചു. അന്ന്‌ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നവരും സാക്ഷികളായവരും മണ്‍മറഞ്ഞു. കാലം വിതച്ചിട്ട ഓര്‍മതുടിപ്പുകളില്‍ അവരുടെയെല്ലാം പുതു തലമുറ കൊല്ലത്തില്‍ ഒരിക്കലെങ്കിലും മാണിക്യത്തിന്റെ പേര്‌ പറയാറുണ്ട്‌.`` കുട്ട്യേ അനക്ക്‌ പത്തിരുപത്‌ വയസ്സായി, വെറുതെ മാണിക്കത്തെ പോലാകണ്ട. നോക്കീം കണ്ടും നടന്നോ''. ഈ വാക്കുകള്‍ അവരില്‍ പലരും പെണ്‍കുട്ടികളോട്‌ പറയാറുമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ രജ്ഞിത്തിന്റെ മാണിക്യം ഇന്നലെയെ ഓര്‍മപ്പെടുത്തുന്നു. ചരിത്രത്തെ വെല്ലുവിളിക്കുന്നു. നീതിപീഠത്തെ ചോദ്യം ചെയ്യുന്നു. വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉപ്പും മുളകും ചേര്‍ക്കാതെ പച്ചയോടെ നിരത്തിവെക്കുന്നു. `` ന്റെ മാണിക്കത്തിനെ ആരാ കൊന്നേ'' എന്ന പോക്കന്റെ ചോദ്യം തറക്കുന്നത്‌ നീതിപീഠത്തിന്റെ നെഞ്ചത്താണ്‌. മാണിക്യത്തിന്റെ നിലവിളി നീതിപാലകരുടെ കാതുകളില്‍ അട്ടഹാസമാകുന്നു.
നാടകത്തെയും സിനിമയെയും കൂട്ടിയോജിപ്പിക്കാനുള്ള ഒരു ശ്രമവും രജ്ഞിത്‌ നടത്തുന്നുണ്ട്‌. മുപ്പതോളം നാടക നടീനടന്മാരാണ്‌ മമ്മൂട്ടിക്കൊപ്പം തകര്‍ത്ത്‌ അഭിനയിച്ചത്‌. പൊക്കന്റെയും കുഞ്ഞിക്കണ്ണന്റെയും വേഷങ്ങള്‍ കൈകാര്യം ചെയ്‌തവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ മികച്ച വേഷങ്ങളില്‍ ഒന്നായാണ്‌ മുരിക്കും കുന്നത്‌ അഹമ്മദ്‌ ഹാജി ഇരുപ്പുറപ്പിക്കുന്നത്‌. ആഖ്യാന ശൈലിയിലെ പുതുമയും പശ്ചാത്തല സംഗീതവും ചിത്രത്തെ മികവുറ്റതാക്കുന്നു. അങ്ങനെ പാലേരി മാണിക്യം മലയാള സിനിമയിലെ മാണിക്യമാകുന്നു.

Monday, December 7, 2009


നീലത്താമര കാലം തെറ്റി വിരിഞ്ഞതല്ല!

നീലത്താമരയെ വീണ്ടും വിരിയിച്ച എം ടിക്കും ലാല്‍ജോസിനും നന്ദി. ആ മഹത്തായ സൃഷ്‌ടിയെ ദുഷ്‌ടലാക്കോടെ നോക്കി കാണുന്ന മലയാളി ബുജികളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ എന്താണ്‌? അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്റെ സിനിമയില്‍ പഴയ കാലത്തെ ഒരു കിലോമീറ്റര്‍ വേഗതയില്‍ പകര്‍ത്തിവെക്കുമ്പോള്‍ അതിനെ വാനോളം പുകഴ്‌ത്തുകയും അവാര്‍ഡ്‌ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ശ്രമം ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്‌ തന്നെയാണ്‌.
നീലത്താമര ഒരിക്കലും കാലം തെറ്റി വിരിഞ്ഞതല്ല. ഈ കാലഘട്ടത്തിന്‌ അന്യം നില്‍ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയും പ്രണയത്തിന്റെ നൈര്‍മല്യവും പകര്‍ന്നുകൊടുക്കുകയാണ്‌ അത്‌ ചെയ്യുന്നത്‌. ആ കാലഘട്ടത്തെ പുതിയ തലമുറക്ക്‌ മുന്നില്‍ തുറന്നുകാട്ടുകയാണ്‌ ചെയ്യുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ അച്ഛനും അമ്മയും ജീവിച്ച കാലഘട്ടത്തെ വരച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌. നല്ല സിനിമ എന്ന അര്‍ഥത്തില്‍ അതിനെ സമീപിക്കാന്‍ ആരും തയ്യാറാകുന്നില്ലായെന്ന്‌ ആ സിനിമ റിലീസ്‌ ചെയ്‌തതിന്‌ ശേഷം ചില ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും കണ്ട വില കുറഞ്ഞ നിരൂപണങ്ങള്‍ വെളിപ്പെടുത്തുന്നു. നീലത്താമര വിരിയും മുന്‍പ്‌ മുന്‍വിധിയോടെ തയ്യാറാക്കിയ നിരൂപണങ്ങള്‍ എന്ന തരത്തില്‍ അവയെ മാറ്റി നിര്‍ത്താം.
ആരും കൊതിച്ചു പോകും, ആ നാലുകെട്ടും ഇടവഴിയും അമ്പലക്കുളവും. പുതിയ തലമുറക്ക്‌ ആ വഴിയിലൂടെ ഒരു പുതിയ യാത്രയാണ്‌ സാധ്യമാകുന്നത്‌. ചില ഓര്‍മപ്പെടുത്തലുകള്‍, നെറ്റിയില്‍ പെരങ്ങിയ സിന്ദൂരത്തെറ്റുകള്‍- നായര്‍ തറവാടുകളില്‍ നടമാടിയിരുന്ന `അടുക്കള പ്രേമ'ത്തിന്റെ പച്ചയായ ആവിഷ്‌ക്കാരം. പ്രണയം അവിടെ അടിച്ചുതളിക്കാരിക്ക്‌ വിശുദ്ധമാണ്‌. തറവാട്ടില്‍ ജനിച്ച യുവാവിന്‌ വെറും ശാരീരികമായ വിഴുപ്പിറക്കലാണ്‌. പ്രണയത്തിന്റെ അസ്ഥിത്വം നഷ്‌ടപ്പെട്ടു തുടങ്ങിയ ആ കാലഘട്ടത്തെയും ഇന്നിനെയും ചേര്‍ത്തുവായിക്കാവുന്നതാണ്‌. വെറും ശാരീരികമായ വിഴുപ്പിറക്കലായിരിക്കുന്നു ഇന്ന്‌ ആണിനും പെണ്ണിനും പ്രണയം. ഇങ്ങനെ വായിച്ചാല്‍ നീലത്താമര ഒരു ഓര്‍മപ്പെടുത്തലാണ്‌ കുഞ്ഞിമാളുവിന്റെ വിശുദ്ധമായ പ്രണയത്തിന്റെ ഓര്‍മപ്പെടുത്തല്‍. അത്‌ ഇടവഴിയിലൂടെയുള്ള ഒരു തിരിച്ചുപോക്ക്‌ കൂടി സാധ്യമാക്കുന്നു. ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ ഹരിദാസനിലെത്താം; വീണ്ടും യാത്ര തുടര്‍ന്നാല്‍ ഇന്നലെകളിലൂടെ ഇന്നിലേക്ക്‌ ഒരു മടക്കയാത്രയും സാധ്യമാണ്‌.
ഇന്നും ഇവിടെ നീലത്താമര വിറിയാറുണ്ട്‌. പക്ഷേ എല്ലാം ``നീല''യില്‍ കാണുന്ന അല്ലെങ്കില്‍ ``നീലനിറം'' പടര്‍ന്ന അന്തരീക്ഷത്തില്‍ അവയെ ആരും കാണുന്നില്ല എന്നതാണ്‌ വസ്‌തുത. തീര്‍ച്ചയായും ഈ നീലത്താമരയും പഴയ നീലത്താമരയും ഒരേ കുളത്തില്‍ വിരിഞ്ഞവയാണ്‌. ആ കുളം നമ്മുടെയെല്ലാം മനസ്സാണെന്ന വസ്‌തുത നമുക്ക്‌ മറക്കാതിരിക്കാം.

Friday, December 4, 2009


``ജീവിക്കാനുള്ള തീ
അവരിലുണ്ട്‌ '
'

തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്‌തി മാത്രം. നിറഞ്ഞ മനസ്സോടു കൂടിയാണ്‌ ഞാന്‍ കനവിന്റെ പടിയിറങ്ങിയത്‌. ഇപ്പോഴും അവരെന്റെ മക്കളാണ്‌. ഞാനെന്താണോ ചെയ്‌തത്‌ അതു തന്നെയാണെന്റെ സ്വപ്‌നം. കനവില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മക്കളെയാണ്‌ ഞാന്‍ അതിന്റെ നടത്തിപ്പ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. ആ തീരുമാനം പെട്ടെന്ന്‌ കൈക്കൊണ്ടതല്ല. കനവിന്റെ തുടക്കത്തില്‍ തന്നെ ഉറപ്പിച്ചതായിരുന്നു. ഇനി അവരാണ്‌ നോക്കി നടത്തേണ്ടത്‌. കനവിന്റെ മക്കള്‍. ഇപ്പോഴവിടെ പ്രയാസങ്ങളുണ്ടാകാം. നേരത്തെയും ഇത്തരം നിരവധി പ്രതിസന്ധികളെ കനവ്‌ അതിജീവിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ജീവിക്കാനുള്ള തീ അവരില്‍ തന്നെയുണ്ട്‌. ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നവര്‍, ആയുര്‍വേദ ചികിത്സകര്‍, ചിത്രകാരന്മാര്‍, നാല്‍പതോളം ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഹൃദ്യസ്ഥമാക്കിയ ഗായകര്‍, പച്ചമണ്ണില്‍ പൊന്നുവിളയിക്കാന്‍ അറിയുന്നവര്‍. അങ്ങനെയാണ്‌ അവരെ വളര്‍ത്തിയത്‌. വഴി അവര്‍ കണ്ടെത്തണം. കൂട്ടായ്‌മയുടെ ശക്തി തിരിച്ചറിഞ്ഞ്‌ മുന്നോട്ടു പോകണം.
സ്‌കൂളുകള്‍ വിട്ടുപോന്നവരാണ്‌ അവരിലേറെയും. നാലിലോ അഞ്ചിലോ പഠനം നിര്‍ത്തിയവര്‍. സ്‌കൂളിലെ അന്തരീക്ഷവുമായി അവര്‍ക്ക്‌ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. തങ്ങള്‍ വരേണ്യരുടെ മുന്നിലെ കൗതുകവസ്‌തുക്കളോ അവസാന പന്തിക്കാരോ ആണെന്ന ബോധമായിരുന്നു അവര്‍ക്ക്‌. പക്ഷേ ആരും പ്രതികരിച്ചില്ല. അവരുമായാണ്‌ കനവ്‌ ആരംഭിച്ചത്‌. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകന്നുനിന്ന പണിയര്‍, നായ്‌ക്കര്‍, മുള്ളുകുറുമര്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ ഒന്നിച്ചു നിര്‍ത്തുക, പുറംശക്തികള്‍ അവരുടെ ആചാര അനുഷ്‌ഠാനങ്ങളെ, പൈതൃകത്തെ, കൈയ്യടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ ശബ്‌ദം അവരില്‍ നിന്നു തന്നെ ഉയരുക ഇതായിരുന്നു കനവ്‌ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്‌.
കനവിന്റെ മക്കളില്‍ മൂത്തവര്‍ക്ക്‌ ഇരുപത്തിയഞ്ചോളം വയസ്സായി. ഇനി അവര്‍ക്കെന്തു കൊണ്ട്‌ അവഗണിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന അവരുടെ ഗോത്രങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുത്തുകൂടാ? മുതിര്‍ന്ന മക്കള്‍ ഒരാള്‍ വീതം ഒരു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്താല്‍ കനവ്‌ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കും. ഞാന്‍ ചെയ്‌തത്‌ ഒരു ഘട്ടം മാത്രം. അന്ന്‌ കനവ്‌ പൂര്‍ണമായിരുന്നുവെന്ന്‌ വ്യാഖ്യാനിക്കരുത്‌. ഇനിയും നിരവധി ഘട്ടങ്ങളുണ്ട്‌. അത്‌ ഇനിയും അനവധി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്‌. ഞാന്‍ ഒരു നിമിത്തം മാത്രം.
ഞാനിന്നും ഇവിടെ തന്നെയുണ്ട്‌. അവരില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ ദൂരെ, നടവയലില്‍. അവിടെ വീട്ടിലിരുന്ന്‌ അവരെ ഞാന്‍ കാണുന്നു. പക്ഷേ അവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. അത്‌ ശരിയല്ല. അവര്‍ക്ക്‌ വഴിയൊരുക്കി കൊടുത്തു. വഴിയില്‍ പാതിയോളം വഴികാട്ടിയുമായി. ഇനി അവര്‍ ~ഒറ്റക്ക്‌ മുന്നേറണം. അല്ലെങ്കിലും ഏത്‌ രക്ഷിതാവിനാണ്‌ പ്രായപൂര്‍ത്തിയായ മക്കളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കാന്‍ കഴിയുക? ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും അറിയാവുന്നവരാണവരിലധികവും, തെക്ക്‌ കന്യാകുമാരി മുതല്‍ വടക്ക്‌ ഹിമാലയം വരെ യാത്ര ചെയ്യുന്നവര്‍. ആ അനുഭവം മാത്രം മതി അവര്‍ക്ക്‌ വെളിച്ചമേകാന്‍. അനുഭവങ്ങളിലൂടെയാണവര്‍ പഠിക്കുന്നത്‌. ഞാന്‍ എന്റെ അനുഭവങ്ങള്‍ അവര്‍ക്ക്‌ നല്‍കി. ഇനി ആ വിളക്ക്‌ അവര്‍ വരുന്ന തലമുറക്ക്‌ കൈമാറണം.
കനവില്‍ ജീവിക്കുന്നത്‌ വ്യത്യസ്‌തമായ ആദിവാസി ഗോത്രങ്ങളില്‍ ജനിച്ചവരാണ്‌. സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ്‌ അവിടെ നടക്കുന്നത്‌. അവരുടെ ജീവിത പങ്കാളിയെ അവര്‍ക്ക്‌ തന്നെ തിരഞ്ഞെടുക്കുന്നതിന്‌ തടസ്സമില്ല. നേരത്തെ ഇത്തരത്തിലുള്ള നിരവധി വിവാഹങ്ങള്‍ ഞാന്‍ തന്നെ നടത്തികൊടുത്തിട്ടുണ്ട്‌. ഇനി വേണമെങ്കില്‍ അണുകുടുംബ വ്യവസ്ഥയില്‍ വീട്‌ വെച്ചുകഴിയാം. പക്ഷേ ആ സ്ഥലം കൈമാറ്റം ചെയ്യാന്‍ കഴിയില്ല. കാരണം കനവ്‌ ഇനിയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. കനവിലെ മക്കള്‍ക്ക്‌ അതിന്‌ കഴിയും എന്നുതന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവരിപ്പോള്‍ മിടുക്കരാണ്‌. ഏതു പ്രതിസന്ധിയെയും അവര്‍ മറികടക്കും. എന്റെ മനസ്സ്‌ എന്നും അവര്‍ക്കൊപ്പമുണ്ടാകും. പുറത്തുനിന്നുള്ള ഏതു ഉപദേശവും നല്‍കാന്‍ ഞാന്‍ തയ്യാറുമാണ്‌. പക്ഷേ കനവിലേക്കുള്ള സ്ഥായിയായ ഒരു മടക്കം ഇപ്പോള്‍ സാധ്യമല്ല.