Monday, January 24, 2011

വാര്‍ത്തകളുടെ സൂക്ഷിപ്പുകാരന്‍



മിഥുന്‍കൃഷ്‌ണ

രാവിലെ ഏതെങ്കിലുമൊരു വര്‍ത്തമാന പത്രം കണ്ടില്ലെങ്കില്‍ അസ്വസ്ഥമാകുന്നവരുടെ നാടാണ്‌ നമ്മുടേത്‌. ദിനംപ്രതി ഡസന്‍ കണക്കിന്‌ ചാനലുകള്‍ സ്വന്തം അടുക്കളയില്‍ നിന്നുപോലും തത്സമയ പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോഴും അതിരാവിലെതന്നെ വര്‍ത്തമാന പത്രം കണ്ടില്ലെങ്കില്‍ മലയാളിക്ക്‌ ഹാലിളകും. ദശാബ്‌ദങ്ങളായി പത്രങ്ങള്‍ അത്രക്ക്‌ സ്വാധീനമാണ്‌ നമ്മുടെ സമൂഹത്തില്‍ ചെലുത്തിയിരിക്കുന്നത്‌. ചാനലില്‍ ലൈവായി കണ്ട വാര്‍ത്ത പത്രത്തില്‍ അച്ചടിച്ചുകണ്ടാലെ മലയാളി വിശ്വസിക്കുന്നു എന്നുവരെയായി. വായനക്കാരനെ നടുക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, എന്തിന്‌ സ്വബോധം നഷ്‌ടപ്പെടുത്തുന്നതടക്കമുള്ള നിരവധി വാര്‍ത്തകളാണ്‌ ഓരോ ദിവസവും പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്‌. ഈ വാര്‍ത്തകളുടെ ആയുസ്സ്‌ കേവലം മണിക്കൂറുകള്‍ മാത്രമാണ്‌. ഇത്തരം വാര്‍ത്തകള്‍ ശേഖരിച്ചുവെക്കുന്നവര്‍ വളരെ അപൂര്‍വമായിക്കും. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വര്‍ഷമായി വായനക്കാരനെ ഞെട്ടിച്ചതും കൗതുകം നല്‍കിയതുമായ വാര്‍ത്തകള്‍ ശേഖരിച്ചുവെക്കുന്ന ഒരാള്‍ നമുക്കിടയിലുണ്ടെന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കേവലം മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള വാര്‍ത്തകള്‍ക്ക്‌ ആയുസ്സിന്റെ പുസ്‌തകം തന്നെ തീര്‍ക്കുകയാണ്‌ കോഴിക്കോട്‌ പൂവാട്ടുപറമ്പ്‌ സ്വദേശി ജീവരാജനെന്ന ജീവേട്ടന്‍. കേവലം ഒരു തമാശക്ക്‌ തുടങ്ങിയ ഈ വാര്‍ത്താശേഖരണ കമ്പം ഇന്ന്‌ അദ്ദേഹത്തിന്റെ ജീവിതചര്യയായി മാറിയിരിക്കുന്നു.
നായ പത്രം നോക്കുന്ന പടം ഒരു പ്രമുഖ മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതേറെ നേരം നോക്കിനിന്ന ജീവരാജന്‍ എന്ന ഇരുപത്തിയൊന്നുകാരന്‌ ആ പടത്തിനൊരു അടിക്കുറിപ്പ്‌ നല്‍കാനാണ്‌ ആദ്യം തോന്നിയത്‌. ആ പടം വെട്ടിയെടുത്ത്‌ `കണ്ണൂരെന്താ പ്രശ്‌നം?' എന്ന അടിക്കുറിപ്പോടെ ആ യുവാവ്‌ നോട്ടുപുസ്‌തകത്തില്‍ ഒട്ടിച്ചുവെച്ചു. അന്ന്‌ തുടങ്ങിയതാണ്‌ ജീവരാജന്‌ വാര്‍ത്തകളോടുള്ള ഭ്രമം. പത്തിരുപത്തിയഞ്ച്‌ വര്‍ഷം മുമ്പുള്ള കാര്യമാണത്‌. ഇന്നാ ശേഖരത്തില്‍ മൂവായിരത്തോളം വേറിട്ട വാര്‍ത്തകളുണ്ടെന്നത്‌ ആരെയും അത്ഭുതപ്പെടുത്തും.
എല്‍ ഐ സി ഏജന്റായ സുഹൃത്ത്‌ തോമസ്‌ ചേട്ടനാണ്‌ തന്നെ വാര്‍ത്തകളുടെ കമ്പക്കാരനാക്കിയതെന്ന്‌ ജീവേട്ടന്‍ പറയുന്നു. പലവിധ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയരായവരുടെ ഫോട്ടോയും വാര്‍ത്തയും ഡയറി താളുകളില്‍ വെട്ടിയൊട്ടിച്ചു സൂക്ഷിക്കലായിരുന്നു തോമസ്‌ ചേട്ടന്റെ വിനോദം. ഇത്‌ കണ്ടതുമുതലാണ്‌ ചുട്ടുപൊള്ളിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക്‌ നടുവില്‍ വായനക്കാരനെ നടുക്കുന്ന, കൗതുകം അല്ലെങ്കില്‍ വിസ്‌മയം സൃഷ്‌ടിക്കുന്ന വാര്‍ത്തകള്‍ ശേഖരിച്ചു വെച്ചാലെന്തെന്ന ആശയത്തിന്‌ ജീവേട്ടന്റെ മനസില്‍ ജീവന്‍ വെച്ചത്‌. പിന്നീട്‌ പത്രത്താളുകള്‍ മറിച്ചിടുമ്പോള്‍ ജീവേട്ടന്റെ കണ്ണ്‌ ചില വേറിട്ട വാര്‍ത്തകളില്‍ ചെന്നുടക്കിനില്‍ക്കുകയായിരുന്നു.
കൊല്ലം മുഖത്തല സ്വദേശിയായ ജീവരാജന്‍ പതിനെട്ടാം വയസ്സില്‍ സെക്യൂരിറ്റിക്കാരനായാണ്‌ കോഴിക്കോടെത്തിയത്‌. ആശുപത്രിയിലെ സെക്യൂരിറ്റി ജോലിക്കാരനായ ജീവേട്ടന്‌ ആ ജോലി വാര്‍ത്താശേഖരണത്തിന്‌ ഏറെ സഹായം ചെയ്യുന്നുവത്രേ. ആശുപത്രിയില്‍ രോഗികളും അവരുടെ ബന്ധുക്കളും വായിച്ച്‌ ഉപേക്ഷിക്കുന്ന പത്രങ്ങളും മാസികകളും ശേഖരിച്ച്‌ അതിലെ കൗതുക വാര്‍ത്തകള്‍ വെട്ടിയെടുത്ത്‌ സൂക്ഷിച്ചാണ്‌ തന്റെ വിചിത്രമായ വിനോദത്തിന്‌ ജീവേട്ടന്‍ തുടക്കമിട്ടത്‌. ഓരോ ദിവസവും ഇതിനായി അരമണിക്കൂര്‍ സമയം വരെ നീക്കിവെക്കാറുണ്ട്‌. വഴിയോരങ്ങളില്‍നിന്ന്‌ ലഭിക്കുന്ന പത്രങ്ങളും മാസികകളും സ്വരൂപിച്ചും ശേഖരണത്തിന്റെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത്‌ ആശുപത്രിയിലെ പഴയ രജിസ്റ്ററുകളിലായിരുന്നു വാര്‍ത്തകള്‍ വെട്ടിയൊട്ടിച്ചുകൊണ്ടിരുന്നത്‌.
നിശ്ശബ്‌ദമായി തുടങ്ങിയ തന്റെ ശേഖരണത്തിലെ വേറിട്ട വാര്‍ത്തകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും പറഞ്ഞുകേള്‍പ്പിക്കുകയെന്നതും പിന്നീട്‌ ജീവേട്ടന്റെ ദിനചര്യയുടെ ഭാഗമായി. എന്നാല്‍ ജീവേട്ടന്‍ പറയുന്ന അതിശയിപ്പിക്കുന്ന അല്ലെങ്കില്‍ ഞെട്ടിപ്പിക്കുന്ന കഥകള്‍ വിശ്വസിക്കാന്‍ ആദ്യം ആരും കൂട്ടാക്കിയില്ല. കോട്ടയത്ത്‌ സിഗരറ്റ്‌ വലിക്കുന്ന പൂവന്‍ കോഴിയുണ്ടെന്ന്‌ പറഞ്ഞാല്‍ എത്രയാളുകള്‍ വിശ്വസിക്കും? അയല തിന്നുന്ന പശുവിനെക്കുറിച്ചും മദ്യപിക്കുന്ന തത്തയെക്കുറിച്ചും പറഞ്ഞപ്പോഴും ആരും സത്യമാണെന്ന്‌ കരുതിയില്ല. മുന്നൂറ്‌ കിലോ ഗ്രാം തൂക്കമുള്ള ചേമ്പിനെക്കുറിച്ചും അറന്നൂറ്‌ മുട്ടയിടുന്ന അണലിയെക്കുറിച്ചും യജമാനന്റെ ചെരുപ്പിന്‌ കാലങ്ങളോളം കാവല്‍ നില്‍ക്കുന്ന നായയെക്കുറിച്ചും വാചാലനായപ്പോള്‍ ആരും ചെവികൊടുത്തതുപോലുമില്ല. സ്‌ത്രീകളെ കണ്ടാല്‍ കൊത്തിയോടിക്കുന്ന കോഴിയെക്കുറിച്ചും മുട്ടയിടുന്ന പൂവന്‍ കോഴിയെക്കുറിച്ചും എന്തിന്‌, മോര്‍ച്ചറിയില്‍ മൃതദേഹം പ്രസവിച്ചതിനെക്കുറിച്ചും പറഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുന്നില്‍ ബഡായിക്കാരനായി മാറിയിരുന്നു ജീവേട്ടന്‍. താന്‍ പറഞ്ഞ കഥകള്‍ സത്യമാണെന്നതിന്‌ പത്രങ്ങളില്‍ വന്ന ആ വാര്‍ത്തകളുടെ തന്റെ വലിയ ശേഖരം കാണിച്ചപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി, ആദരമായി. പിന്നീട്‌ എല്ലാവരും ജീവേട്ടന്റെ വാര്‍ത്തകള്‍ക്ക്‌ കാതോര്‍ത്തിരിക്കാന്‍ തുടങ്ങി. അവര്‍ സ്‌നേഹത്തോടെ `കൗതുകം ജീവേട്ടന്‍' എന്നുവിളിക്കാനും തുടങ്ങി. പിന്നീട്‌ കൗതുകത്തിന്‌ പുറമേ വര്‍ത്തമാന സമൂഹത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും ദുരന്തത്തിന്റെയും പടങ്ങളും വാര്‍ത്തകളും മിണ്ടാപ്രാണികളോടുള്ള അതിക്രമങ്ങളുടെ വാര്‍ത്തകളും ശേഖരത്തില്‍ ഉള്‍പ്പെടുത്തി. അതോടെ വളരെ ഗൗരവസ്വഭാവമുള്ള വാര്‍ത്താ ശേഖരത്തിന്റെ ഉടമയാകാന്‍ തുടങ്ങി ജീവേട്ടന്‍. ഇപ്പോഴാ ശേഖരത്തില്‍ ഉറുമ്പ്‌ മുതല്‍ തിമിംഗലം വരെയുള്ള ജീവജാലങ്ങളുടെ കൗതുക വാര്‍ത്തകളും രസകരമായ ചിത്രങ്ങളും മാത്രമല്ല ശ്രീലങ്കയിലും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ഫലസ്‌തീനിലും സാമ്രാജ്യത്വ കഴുകന്മാരുടെ ആക്രോശങ്ങള്‍ക്ക്‌ ഇരയാകുന്ന മനുഷ്യ സഹോദരങ്ങളുടെ കരളലിയിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമുണ്ട്‌. ഇതില്‍ പലതും ഏതു കാലത്തും വായനക്കാരനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണെന്ന്‌ ജീവേട്ടന്‍ അടിവരയിട്ടു പറയുന്നു.
കൗതുക വാര്‍ത്തകള്‍ക്ക്‌ പുറമെ ചരിത്രം, സംസ്‌കാരം, ശാസ്‌ത്രം, പ്രകൃതി ദുരന്തം, യുദ്ധം, പരിസ്ഥിതി, ഭൂസമരം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്‌ ജീവേട്ടന്റെ ശേഖരണത്തിന്‌ മാറ്റ്‌ കൂട്ടുന്നത്‌.
1768-ല്‍ ടിപ്പു സുല്‍ത്താന്‍ കോഴിക്കോട്ടെത്തിയതിന്‌ തെളിവായി അവശേഷിക്കുന്ന ഫറോക്കിലെ ടിപ്പു കോട്ടയുടെ ശേഷിക്കുന്ന ഭാഗത്തിന്റെ വിവിധ പടങ്ങളും വാര്‍ത്തകളുമുണ്ട്‌ ജീവേട്ടന്റെ ശേഖരത്തില്‍. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം 1947 സെപ്‌തംബര്‍ 19-ന്‌ ഡല്‍ഹിയില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള അഭയാര്‍ഥികളുമായി പുറപ്പെടുന്ന തീവണ്ടിയുടെ ചിത്രം ശേഖരത്തില്‍ ഇടം പിടിച്ചവയില്‍ പ്രധാനമാണ്‌.
ജൈവ ഇന്ധനം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാ വിമാനം ബോയിംഗ്‌ 747 ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന്‌ നെതര്‍ലാന്‍ഡിലേക്ക്‌ പരീക്ഷണ പറക്കല്‍ നടത്താന്‍ തുടങ്ങുന്നതിന്റെ പടവും വാര്‍ത്തയുമാണ്‌ ശേഖരണ പുസ്‌തകത്തില്‍ ശാസ്‌ത്രത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നവയില്‍ പ്രധാനം. ഇതേക്കുറിച്ച്‌ ചോദിച്ചാല്‍ വെളിച്ചെണ്ണയില്‍നിന്നും ബ്രസ്സല്‍സിലെ ബബസൂ എന്നറിയപ്പെടുന്ന മരത്തിന്റെ കുരുവില്‍ നിന്നുമുള്ള എണ്ണയും കൂട്ടിച്ചേര്‍ത്താണ്‌ വിമാനം ഓടിക്കാനാവശ്യമായ ജൈവ ഇന്ധനം ഉണ്ടാക്കിയിരിക്കുന്നതെന്ന്‌ ജീവേട്ടന്‍ വിശദീകരിച്ചുതരും. അത്ര ആഴത്തിലാണ്‌ ഇദ്ദേഹം ഓരോ വാര്‍ത്തയേയും പഠിക്കുന്നത്‌.
ലോകത്തിന്‌ ദുരന്തങ്ങള്‍ സമ്മാനിക്കാനായി മാത്രം പിറന്ന ചില ദിവസങ്ങളിലെ വാര്‍ത്തകളും പടങ്ങളും ആ കാലത്തിന്റെ അടയാളപ്പെടുത്തലായി ശേഖരണ പുസ്‌തകത്തെ മാറ്റുന്നു. ചൈനയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഭര്‍ത്താവ്‌ സൈക്കിളിന്റെ പിന്നില്‍ വെച്ച്‌ കെട്ടിക്കൊണ്ടുപോകുന്ന പടം നമ്മള്‍ പലരും വേദനയോടെ നോക്കിക്കണ്ടിരുന്നെങ്കിലും അതിപ്പോള്‍ മറന്നുകാണും. എന്നാല്‍ ജീവേട്ടന്‍ അതിപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നു. കോട്ടയത്ത്‌ പ്രളയത്തെ തുടര്‍ന്ന്‌ ഒറ്റപ്പെട്ട വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാനായി തോണിയില്‍ കൊണ്ടുപോകുന്ന ദുരന്ത ചിത്രവും നാം മറന്നുകാണും. അതും പോയകാലത്തിന്റെ വേദനിപ്പിക്കുന്ന അടയാളപ്പെടുത്തലായി ജീവേട്ടന്റെ ശേഖരത്തിലുണ്ട്‌.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നുപോയ ഖാന്‍ യൂനിസ്‌ പട്ടണത്തിലെ വീട്ടില്‍നിന്ന്‌ കുഞ്ഞിനെയുമെടുത്ത്‌ പ്രാണരക്ഷാര്‍ഥം ഓടുന്ന ഫലസ്‌തീന്‍ പെണ്‍കുട്ടിയുടെ നെഞ്ചിടിപ്പിന്റെ ശബ്‌ദം ഇപ്പോഴും ആ പടം കാണുമ്പോള്‍ നമുക്ക്‌ അനുഭവപ്പെടും. അങ്ങ്‌ പടിഞ്ഞാറന്‍ ജര്‍മന്‍ പട്ടണമായ ലുഡ്‌വിഷാഫനില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തതില്‍ നിന്നും രക്ഷപ്പെടുത്താനായി കുഞ്ഞിനെ ബഹുനില കെട്ടിടത്തിന്റെ മുകളിലെ ജനലിലൂടെ പുറത്തേക്കെറിയുന്ന രക്ഷിതാക്കളുടെ തീവ്ര മാനസികാവസ്ഥയും ടൂത്ത്‌ബ്രഷ്‌ വായില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന്‌ ഇങ്ങ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സക്കെത്തി, ഡോക്‌ടര്‍മാരുടെ സമയം കാത്ത്‌ ഇരുപത്‌ മണിക്കൂര്‍ വേദന കടിച്ചമര്‍ത്തി ഇരുന്ന രണ്ട്‌ വയസ്സുകാരന്റെയും അവന്റെ അമ്മയുടെയും നിസഹായാവസ്ഥയും അനുഭവിച്ചറിയിക്കുന്ന പടങ്ങളും വാര്‍ത്തകളും ജീവേട്ടന്റെ ശേഖരണത്തിലെ അമൂല്യ സമ്പാദ്യങ്ങളാണ്‌.
ചെങ്ങറ ഭൂസമരം കേരളീയ രാഷ്‌ട്രീയത്തില്‍ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ഉണ്ടാക്കിവെച്ചതെന്ന്‌ നാം കണ്ടതാണ്‌. ഹാരിസണ്‍ എസ്റ്റേറ്റ്‌ കൈയേറിയ സാധുജന വിമോചന സംയുക്ത വേദി പ്രവര്‍ത്തകര്‍ പോലീസ്‌ ഒഴിപ്പിക്കാനെത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി കഴുത്തില്‍ കുടുക്കിട്ട്‌ മരത്തില്‍ കയറി നില്‍ക്കുന്ന പടവും സ്‌ത്രീകള്‍ മണ്ണെണ്ണ നിറച്ച പാത്രം തലയിലേറ്റി ആത്മഹത്യക്കായി ഒരുങ്ങിനില്‍ക്കുന്ന പടവും ജീവേട്ടന്‍ ഭദ്രമായി കരുതിവെച്ചിട്ടുണ്ട്‌.
ആ സമരത്തിന്റെ തീവ്രതയും വ്യത്യസ്‌തതയും വിളിച്ചോതുന്ന ചിത്രങ്ങളാണിവയെന്ന്‌ ജീവേട്ടന്‍ പറയുന്നു. കാലവര്‍ഷത്തില്‍ വീട്‌ നശിച്ചതിനെ തുടര്‍ന്ന്‌ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ അഭയം തേടിയ കോഴിക്കോട്‌ എകരൂരിലെ അന്ധനായ രാഘവന്റെയും കുടുംബത്തിന്റെയും വാര്‍ത്തയും പടവും നാം മറന്നുകൂടെന്ന്‌ വാര്‍ത്താ ശേഖരം വിളിച്ചുപറയുന്നു. മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന്‌ അധികൃതര്‍ തകര്‍ത്ത വീടിന്റെ സമീപം മണ്ണില്‍ കിടന്നുറങ്ങുന്ന കൊച്ചുകുട്ടികളുടെ പടം ആരുടെയും കരളലിയിക്കും.
പ്രത്യേകമായി ഒരു രാഷ്‌ട്രീയ സംഘടനയിലും സജീവമായി പ്രവര്‍ത്തിക്കാത്ത ജീവേട്ടന്റെ ശേഖരത്തില്‍ ചില രാഷ്‌ട്രീയ നേതാക്കളുടെ വഷളന്‍ സംഭാഷണങ്ങളും ഇടം തേടിയിട്ടുണ്ട്‌. അടുത്തിടെ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങളോട്‌ വിലകുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശീലിക്കണമെന്ന പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിര്‍ദേശം ജീവേട്ടന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഒരു ഭരണകൂടവും ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്‌ അതെന്നാണ്‌ ജീവേട്ടന്റെ അഭിപ്രായം. ആ പരാമര്‍ശത്തില്‍ ആദ്യം കൗതുകം തോന്നിയെങ്കിലും പിന്നീട്‌ വേദനിപ്പിച്ചെന്ന്‌ ജീവേട്ടന്‍ വ്യസനത്തോടെ പറയുന്നു.
നേരത്തെ കൗതുക വാര്‍ത്തകളോടുള്ള ഭ്രമം മൂത്ത്‌ കോഴിക്കോട്‌ പൂവാട്ടുപറമ്പിലെ തന്റെ വീടിന്റെ പേര്‌ `മകയിരം' എന്നത്‌ ഒരു സുപ്രഭാതത്തില്‍ `കൗതുകം' എന്നാക്കാന്‍ വരെ ജീവേട്ടന്‍ സന്നദ്ധനായി. ഇപ്പോള്‍ പത്ത്‌ വലിയ ലെഡ്‌ജര്‍ ബുക്ക്‌ നിറയെ മൂവായിരത്തോളം അപൂര്‍വ വാര്‍ത്തകളും ചിത്രങ്ങളും ജീവേട്ടന്റെ ശേഖരത്തിലുണ്ട്‌. `ജീവന്റെ പകര്‍പ്പ്‌' എന്ന്‌ പേരിട്ട ആ പുസ്‌തകങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ ഈ മനുഷ്യനോട്‌ ആദരം തോന്നും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന തുണ്ട്‌ കടലാസുകളിലെ വ്യത്യസ്‌തമായ, ഒരിക്കലും മറക്കാന്‍ കഴിയാത്ത വാര്‍ത്തകള്‍ ബുക്കില്‍ ഭംഗിയായി ഒട്ടിച്ചുവെച്ചത്‌ കാണുമ്പോള്‍ പലരും ജീവേട്ടനോട്‌ ചോദിക്കും- നിങ്ങള്‍ക്ക്‌ ഇതിനെല്ലാം എപ്പോഴാണ്‌ സമയമെന്ന്‌! ആളുകളെ വഷളാക്കുന്ന ഒഴിവ്‌ സമയം ഇല്ലാതായാല്‍ സമൂഹം ഏറെ നന്നാകും എന്ന തത്വശാസ്‌ത്രമായിരിക്കും ഒരു ചെറുചിരിയോടെയുള്ള അദ്ദേഹത്തിന്റെ മറുപടി.
വാര്‍ത്തകളെ സ്‌നേഹിക്കുന്ന ജീവേട്ടന്‍ ഇപ്പോള്‍ ഏവര്‍ക്കും ഒരു കൗതുകമായിരിക്കുകയാണ്‌. കവികളായ ചെമ്മനം ചാക്കോ, പി കെ ഗോപി, തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍, ചിത്രകാരന്‍ ദേവസ്യ എന്നിവര്‍ `ജീവന്റെ പകര്‍പ്പുകള്‍' കണ്ട്‌ അത്ഭുതചിത്തരായിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ വരുന്ന ഇവരുടെ സൃഷ്‌ടികള്‍ വായിച്ച്‌ അവര്‍ക്ക്‌ കത്തെഴുതിയാണ്‌ ജീവേട്ടന്‍ പ്രശസ്‌തരുടെ ഈ നിരയുമായി ചങ്ങാത്തം സ്ഥാപിച്ചത്‌. തുടര്‍ന്നാണ്‌ ജീവേട്ടന്റെ വിചിത്രശേഖരം കാണാനായി ഇവരില്‍ പലരും നേരിട്ടെത്തിയത്‌. പ്രശസ്‌തരുടെ മറുപടി കത്തുകള്‍ ശേഖരിക്കുന്നതിനും ജീവേട്ടന്‍ ഇപ്പോള്‍ സമയം കണ്ടെത്തുന്നുണ്ട്‌. സംസ്ഥാന വനം മന്ത്രി ബിനോയ്‌ വിശ്വം, മലയാള സാഹിത്യത്തിലെ കുലപതികളായ എം ടി, സുഗതകുമാരി, സുകുമാര്‍ അഴീക്കോട്‌, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, കാക്കനാടന്‍ തുടങ്ങി ഇരുന്നൂറോളം പേരുടെ കത്തുകള്‍ ഇപ്പോള്‍ ശേഖരത്തിലുണ്ട്‌.
ജീവേട്ടന്റെ വാര്‍ത്താ ശേഖരണ പ്രണയത്തോട്‌ ഭാര്യ രജിതക്ക്‌ യാതൊരു പരിഭവവുമില്ല. മക്കളായ അനുരാജിനും മിലിരാജിനും അച്ഛന്റെ ഈ വിചിത്രമായ ശേഖരത്തെക്കുറിച്ച്‌ പറയുമ്പോള്‍ നൂറ്‌ നാക്കാണ്‌. ഇവരെ കൂടാതെ സഹോദരന്‍ രാജ മോഹന്‍, ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ ചെയര്‍മാന്‍ പി ജെ അലക്‌സാണ്ടര്‍, ആശുപത്രിയിലെ ഡോ. എന്‍ ജെ മാണി, ഡോ. ബിന്ദു, ഡോ. കൃഷ്‌ണന്‍ പുതുശ്ശേരി, പുസ്‌തക വില്‍പ്പനക്കാരനായ സഹീര്‍ തുടങ്ങിയവരും തന്റെ കൗതുക ശേഖരത്തിന്‌ വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരുന്നുണ്ടെന്ന്‌ ജീവേട്ടന്‍ നന്ദിയോടെ പറയുന്നു. ഏതു വാര്‍ത്തക്കും കേവലം ഒരു ദിവസത്തെ ആയുസ്സ്‌ മാത്രം ഉള്ളപ്പോള്‍ തന്റെ ശേഖരത്തിലെ വാര്‍ത്തകകള്‍ക്ക്‌ നൂറായുസ്സാണെന്നാണ്‌ ജീവേട്ടന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു- ജീവേട്ടന്റെ ശേഖരത്തില്‍ ഇടം പിടിക്കാന്‍...

No comments:

Post a Comment