Thursday, December 10, 2009


കാതുകളില്‍ ഇപ്പോഴും മാണിക്കത്തിന്റെ നിലവിളി...

ചിതലരിച്ച വഴികളിലൂടെ നേര്‌ തേടിയുള്ള യാത്ര. വഴിയിലെങ്ങും സാക്ഷികള്‍ ഉപേക്ഷിച്ചുപോയ മണ്‍മറയാത്ത മൊഴികള്‍, മാണിക്യത്തിന്റെ കളിയും ചിരിയും ഹൃദയം പിളര്‍ക്കുന്ന നിലവിളിയും. ഒടുക്കം മാണിക്യത്തിന്റെ കൊലപാതകി ഒരു കറുത്ത ശബ്‌ദമായ്‌ മറഞ്ഞുപോകുന്നു- പാലേരി മാണിക്യത്തെ ഇങ്ങനെ വായിക്കാം.
പാലേരി മാണിക്യത്തിലൂടെ രജ്ഞിത്‌ ഇത്തവണ കൈയ്യൊപ്പ്‌ ചാര്‍ത്തിയിരിക്കുന്നത്‌ അഭ്രപാളിയില്‍ മാത്രമല്ല; പ്രക്ഷേകന്റെ ഹൃദയത്തില്‍ കൂടിയാണ്‌. പാലേരി മാണിക്യവും ചീരുവും പൊക്കനും മുരിക്കുംകണ്ടി അഹമ്മദ്‌ ഹാജിയും വീണ്ടും സംസാരിച്ചു. പക്ഷേ സത്യം മാത്രം ആരും പറഞ്ഞില്ല. ആ വഴിയില്‍ രജ്ഞിത്‌ കഥയുടെ മര്‍മം തന്റെ കൈപ്പിടിയില്‍ ഒളിപ്പിച്ചുവെച്ചു. ഒടുവില്‍ പ്രതീക്ഷിക്കാതെ അയാള്‍... അയാളിലേക്കുള്ള ദൂരം സ്വതസിദ്ധമായ ശൈലിയില്‍ രജ്ഞിത്‌ അഭ്രപാളിയില്‍ വരച്ചിട്ടപ്പോള്‍ തെളിഞ്ഞത്‌ ഒരു കാലത്തിന്റെ ശേഷിപ്പുകളാകുന്നു. അതൊരിക്കലും ഏച്ചുകെട്ടലിന്റെയോ അതിഭാവുകത്വത്തിന്റെയോ അകമ്പടിയോടെയായിരുന്നില്ല. തീര്‍ത്തും യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നു നിന്ന്‌ പാലേരി മാണിക്യത്തിന്റെ കൊലപാതകിയെ ഹരിദാസ്‌ പ്രേക്ഷകന്റെ മുന്നിലേക്കിടുന്നു. പിന്നീട്‌ ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിയിലേക്ക്‌ നായകന്റെ കാല്‍പെരുമാറ്റം.
അരനൂറ്റാണ്ട്‌ മുന്‍പ്‌ നടന്ന സംഭവം ഇന്നലെയാരോ പറഞ്ഞു തന്നതുപോലെ തോന്നിപ്പിക്കുന്നതാണ്‌ ചിത്രത്തിന്റെ ആഖ്യാന ശൈലി. അന്‍പതുകളിലെ ഉള്‍നാടന്‍ ഗ്രാമവും അങ്ങാടിയും എല്ലാം കാഴ്‌ചക്കാരനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്യുന്നു. കഥ പറിച്ചിലില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങളെ, പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നില്ലേയെന്ന്‌ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ആരെയും കുത്തിനോവിപ്പിക്കാനല്ലെന്നു തോന്നുന്നു. കോഴിക്കോട്‌ ജില്ലയിലെ പാലേരിയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌ ആ കഥ അറിയാവുന്നവര്‍. അവരില്‍ പലരും ഇപ്പോഴും ഓര്‍ക്കാറുണ്ട്‌ മാണിക്യത്തെ. അവരിപ്പോഴും ചോദിക്കാറുണ്ട്‌ ആരാണ്‌ മാണിക്യത്തെ കൊന്നത്‌?. മാണിക്യത്തിന്റെ ഘാതകന്‍ എല്ലാം തേച്ചുമാച്ച്‌ കളഞ്ഞപ്പോഴും പാലേരിക്കാരുടെ മനസ്സില്‍ മാണിക്യത്തിന്റെ കളിയും ചിരിയും ബാക്കി നിന്നു. പച്ചപ്പായില്‍ കെട്ടിയ അവളുടെ ജീവസ്സറ്റ ശരീരം ഇന്നും അവരില്‍ പലരുടെയും കണ്ണുകളില്‍ തെളിയാറുണ്ട്‌. അതൊരിക്കലും ആര്‍ക്കും തേച്ചുമാച്ചു കളയാന്‍ കഴിയില്ലെന്ന്‌ ഇന്നലെകള്‍ വിളിച്ചുപഞ്ഞുകെണ്ടിരിക്കുന്നു.
മാണിക്യത്തിന്റെ കുടുംബക്കാര്‍ നീതിപീഠങ്ങളില്‍ നിരവധി തവണ മുട്ടിവിളിച്ചെങ്കിലും സത്യത്തെ അകറ്റിനിര്‍ത്താനുള്ള ശ്രമം വിജയിച്ചു. അന്ന്‌ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നവരും സാക്ഷികളായവരും മണ്‍മറഞ്ഞു. കാലം വിതച്ചിട്ട ഓര്‍മതുടിപ്പുകളില്‍ അവരുടെയെല്ലാം പുതു തലമുറ കൊല്ലത്തില്‍ ഒരിക്കലെങ്കിലും മാണിക്യത്തിന്റെ പേര്‌ പറയാറുണ്ട്‌.`` കുട്ട്യേ അനക്ക്‌ പത്തിരുപത്‌ വയസ്സായി, വെറുതെ മാണിക്കത്തെ പോലാകണ്ട. നോക്കീം കണ്ടും നടന്നോ''. ഈ വാക്കുകള്‍ അവരില്‍ പലരും പെണ്‍കുട്ടികളോട്‌ പറയാറുമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ രജ്ഞിത്തിന്റെ മാണിക്യം ഇന്നലെയെ ഓര്‍മപ്പെടുത്തുന്നു. ചരിത്രത്തെ വെല്ലുവിളിക്കുന്നു. നീതിപീഠത്തെ ചോദ്യം ചെയ്യുന്നു. വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉപ്പും മുളകും ചേര്‍ക്കാതെ പച്ചയോടെ നിരത്തിവെക്കുന്നു. `` ന്റെ മാണിക്കത്തിനെ ആരാ കൊന്നേ'' എന്ന പോക്കന്റെ ചോദ്യം തറക്കുന്നത്‌ നീതിപീഠത്തിന്റെ നെഞ്ചത്താണ്‌. മാണിക്യത്തിന്റെ നിലവിളി നീതിപാലകരുടെ കാതുകളില്‍ അട്ടഹാസമാകുന്നു.
നാടകത്തെയും സിനിമയെയും കൂട്ടിയോജിപ്പിക്കാനുള്ള ഒരു ശ്രമവും രജ്ഞിത്‌ നടത്തുന്നുണ്ട്‌. മുപ്പതോളം നാടക നടീനടന്മാരാണ്‌ മമ്മൂട്ടിക്കൊപ്പം തകര്‍ത്ത്‌ അഭിനയിച്ചത്‌. പൊക്കന്റെയും കുഞ്ഞിക്കണ്ണന്റെയും വേഷങ്ങള്‍ കൈകാര്യം ചെയ്‌തവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ മികച്ച വേഷങ്ങളില്‍ ഒന്നായാണ്‌ മുരിക്കും കുന്നത്‌ അഹമ്മദ്‌ ഹാജി ഇരുപ്പുറപ്പിക്കുന്നത്‌. ആഖ്യാന ശൈലിയിലെ പുതുമയും പശ്ചാത്തല സംഗീതവും ചിത്രത്തെ മികവുറ്റതാക്കുന്നു. അങ്ങനെ പാലേരി മാണിക്യം മലയാള സിനിമയിലെ മാണിക്യമാകുന്നു.

No comments:

Post a Comment