Friday, December 4, 2009


ഒരു കനവിന്റെ രണ്ടാം കാലം

കാപ്പി തോട്ടത്തിലൂടെയുള്ള ചെമ്മണ്‍പാത ചെന്നെത്തുന്നത്‌ ഒരു പച്ച മനുഷ്യന്റെ സ്വപ്‌ന ഭൂമിയിലാണ്‌. മണ്ണിന്റെ മക്കളുടെ ഗുരുകുലാശ്രമം. 1993ല്‍ എഴുത്തുകാരനും മനുഷ്യ സ്‌നേഹിയുമായ കെ ജെ ബേബിയുടെ സ്വപ്‌ന സാക്ഷാത്‌കാരമായി പിറവിയെടുത്ത കനവ്‌. സ്വന്തം പാട്ടിലും പൈതൃകത്തിലും നിന്ന്‌ ഊര്‍ജം ആവാഹിച്ച, അടിമകളല്ലാത്ത മണ്ണിന്റെ മക്കളുടെ ഒരു സ്വതന്ത്ര ലോകം!
വീണ്ടും കനവിലെത്തുമ്പോള്‍ കനവിന്‌ ചേരാത്ത മേല്‍ക്കുപ്പായമായി കുറ്റിക്കാടുകളും, മഴമേഘങ്ങള്‍ പെയ്‌തിറങ്ങിയ കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍ പാതയും. വസന്തം എവിടെയോ പോയ്‌ മറഞ്ഞിരിക്കുന്നു. ശരിയാണ്‌ ഈ സമാന്തര വിദ്യാഭ്യാസ വിപ്ലവം തുടങ്ങി വെച്ച, കനവിന്റെ ആത്മാവായ ബേബി മാമന്‍ ഇന്ന്‌ ഇവിടെയില്ല. ഈ ഗുരുകുല വിദ്യാലയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇവിടെ പഠിച്ചുവളര്‍ന്ന മുതിര്‍ന്ന മക്കളെ ഏല്‍പ്പിച്ച്‌ മാമന്‍ ഇവിടെ നിന്നും പടിയിറങ്ങി.
കനവിന്റെ മുറ്റത്തെത്തുമ്പോള്‍ ടേപ്പ്‌ റിക്കോര്‍ഡറില്‍ നിന്നും ഒരു മധുര ഗാനം അലയടിക്കുന്നുണ്ടായിരുന്നു;
``മഴയും കുളിരും വന്നു
പുതപ്പിനായി കരഞ്ഞു
വിറകും തീയും തന്നു..
തുപ്പാക്കാലം വന്നു
കാടു കയറി ഞങ്ങള്‍
തേനു കൊടുത്തു മാമന്‍
കള്ളുകുടിച്ചു വന്നൂ..''
മുറ്റത്തിരുന്ന്‌ കളിക്കുന്ന കുട്ടികള്‍ പാട്ടിനൊത്ത്‌ താളം ചവിട്ടുന്നു. പുറത്തൊരാള്‍ വന്നതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ പാട്ടിന്റെ താളത്തില്‍ നൃത്തം ചവിട്ടുകയാണ്‌. പക്ഷേ അവരെ സൂക്ഷ്‌മമായി നോക്കിയപ്പോള്‍ എന്തോ ഒരു വല്ലായ്‌മ തോന്നി
മുറ്റത്ത്‌ കളിക്കുന്ന അശ്വതി, വിഷ്‌ണു, ശിവന്‍, വിനീഷ്‌ എന്നിവരുടെ കാലിലും കൈയ്യിലും ചൊറി പിടിച്ച്‌ വ്രണമായിരിക്കുന്നു. ചോരയും ചലവും ഒലിച്ചിറങ്ങുന്നു. എന്നിട്ടും അവര്‍ പാട്ടിനൊത്ത്‌ അറിയാതെ ചുവടുവെക്കുന്നു. ഇവര്‍ കനവിലെ കുട്ടികളാണ്‌. അസുഖമായതിനാല്‍ കുറച്ച്‌ ദിവസങ്ങളായി സ്‌കൂളില്‍ പോയിട്ടില്ല.
വിറക്‌ വെട്ടുകയായിരുന്ന ആലപ്പുഴകാരനായ സുനില്‍ അടുത്തേക്ക്‌ വന്നു. ഞങ്ങളെ സ്‌നേഹത്തോടെ ലൈബ്രറിയിലേക്ക്‌ ക്ഷണിച്ചു. വഴി മുഴുവന്‍ വൃത്തി ഹീനമായി കിടക്കുന്നതായി തോന്നി. ലൈബ്രറിക്ക്‌ മുന്നില്‍ ഒരു താമരക്കുളം. പക്ഷേ അതില്‍ അഴുക്കുകള്‍ നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്കുകളും പേപ്പറുകളും കുപ്പികളും പൊങ്ങി കിടക്കുന്നു. പാതികൂമ്പിയ ആമ്പലുകള്‍ ഉറക്കം തൂങ്ങുന്നതുപോലെ. കുളത്തിന്റെ തീരത്ത്‌ കുഞ്ഞിനെ പ്രാണരക്ഷാര്‍ഥം മാറോട്‌ ചേര്‍ത്ത്‌ പിടിച്ച ഒരു അമ്മയുടെ ശില്‍പ്പം ഉണ്ട്‌. വിദൂരതയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന ഒരമ്മ.
``അത്‌ ബേബി മാമന്റെ സുഹൃത്ത്‌ ഉണ്ടാക്കിയതാ. പേര്‌ ഞാനോര്‍ക്കുന്നില്ല.''- സുനില്‍ പറഞ്ഞു.
ലൈബ്രറിയുടെ വരാന്തയില്‍ ഞങ്ങളെയും പ്രതീക്ഷിച്ച്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ട്രസ്റ്റി ഇരുപത്തിനാലുകാരനായ സന്തോഷ്‌. പതിമൂന്ന്‌ വയസ്സുള്ളപ്പോഴാണ്‌ സന്തോഷ്‌ കനവിലെത്തിയത്‌. വീട്‌ നടവയിലെ നെയ്‌ക്കുപ്പയില്‍. അവനും ചിപ്രനും പേപ്പറുകള്‍ വെട്ടുകയായിരുന്നു. അടുത്ത വര്‍ഷത്തെക്കുള്ള കലണ്ടര്‍ തയ്യാറാക്കുകയായിരുന്നു അവര്‍. ``ചിപ്രന്‍ മനോഹരമായി ചിത്രം വരക്കും. ബംഗളൂരുവില്‍ പോയി ചിത്രകല അഭ്യസിച്ചിട്ടുണ്ട്‌. ബേബി മാമന്റെ സുഹൃത്ത്‌ സി എഫ്‌ ജോണാണ്‌ ഗുരു. 2010ലേക്കുള്ള കനവിന്റെ കലണ്ടറില്‍ ചിത്രം വരക്കുന്നത്‌ ചിപ്രനാണ്‌. ഇവന്‌ കുറെ സമ്മാനങ്ങള്‌ കിട്ടിയിട്ടുണ്ട്‌''- സന്തോഷ്‌ പറഞ്ഞു. ചിപ്രന്‍ താന്‍ തയ്യാറാക്കിയ മനോഹരമായ കലണ്ടറുകള്‍ ഞങ്ങളെ കാണിച്ചു. ``മുഴുവന്‍ പ്രിന്റിംഗും കഴിഞ്ഞിട്ടില്ല. ബാക്കി പ്രസ്സിലാ ഉള്ളത്‌''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. സന്തോഷടക്കമുള്ള മുഴുവന്‍ മൂത്ത മക്കളും നാലാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. എന്നാല്‍ ഇംഗ്ലീഷ്‌ എഴുതാനും വായിക്കാനും അറിയാം. ഇത്‌ ഏറെയും സ്വാഭാവികമായി ഹൃദ്യസ്ഥമാക്കിയതാണ്‌.
ബേബി മാമന്‍ കനവ്‌ വിട്ടുപോയതിന്‌ ശേഷം സാമ്പത്തികം വലിയ പ്രശ്‌നമാകുന്നുണ്ടെന്ന്‌ സന്തോഷ്‌ പറഞ്ഞു. കനവിന്റെ ആറേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന നെല്ല്‌, തെങ്ങ്‌, കവുങ്ങ്‌, കപ്പ, പച്ചക്കറി എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനമാനത്തിലൂടെയാണ്‌ കാര്യമായും ഇപ്പോള്‍ ചെലവ്‌ നടത്തിക്കൊണ്ടു പോകുന്നത്‌. കൂടാതെ അഞ്ചു പശുക്കളും ആറ്‌ കോഴികളും ഒരു ആടും. മാസംപ്രതി മൂവായിരം രൂപ ഭക്ഷണ ചെലവ്‌ വരും. പരിപാടികള്‍ നേരത്തെയുണ്ടായിരുന്നതു പോലെ ഇപ്പോള്‍ ഇല്ല. വല്ലപ്പോഴും കിട്ടുന്ന പരിപാടികള്‍. അതില്‍ പലതും കേരളത്തിന്‌ പുറത്താണ്‌ നടക്കുന്നത്‌.
ബേബി മാമനെക്കുറിച്ച്‌ പറയുമ്പോള്‍ മക്കള്‍ക്ക്‌ നൂറു നാക്കാണ്‌. അപ്പോള്‍ അവരുടെ കണ്ണുകളില്‍ വാത്സല്യവും സ്‌നേഹവും ഊറി വരുന്നു.
``ബേബി മാമനുള്ളപ്പോള്‍ സുഖമായിരുന്നു. ഇവിടെ ധാരാളം പേര്‍ വരുമായിരുന്നു. ധാരാളം പരിപാടികള്‍ കിട്ടുമായിരുന്നു. ബേബി മാമന്‍ തിരിച്ചുവരണം. ഞങ്ങളുടെ കൂടെ ബേബി മാമന്‍ വേണം''- ഇരുപത്തിനാലുകാരിയായ മിനി പറയുന്നു. മിനിയുടെ വീട്‌ നടവയലിനടുത്ത്‌ നെയ്‌ക്കുപ്പയിലാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമാണ്‌ വീട്ടില്‍ പോകുന്നത്‌. കുട്ടികള്‍ക്ക്‌ പാട്ടും ഡാന്‍സും പഠിപ്പിക്കുന്നു. കല്യാണം, വീട്‌, കുടുംബം എന്നിവയൊന്നും മിനിയുടെ മനസ്സില്‍ ഇപ്പോഴില്ല.
``ബേബി മാമനോട്‌ ഞങ്ങള്‍ക്ക്‌ പിണക്കമൊന്നുമില്ല. ഞങ്ങള്‍ വലുതാകുമ്പോള്‍ കനവിനെ ഞങ്ങളെ ഏല്‍പ്പിച്ച്‌ പോകുകയെന്നതായിരുന്നു മാമന്റെ സ്വപ്‌നം. അത്‌ ഒരു വര്‍ഷം മുന്‍പ്‌ പ്രാവര്‍ത്തികമാക്കി മാമന്‍ പോയി. പക്ഷേ ഇപ്പോഴും വിളിക്കാറുണ്ട.്‌ കാര്യങ്ങള്‍ തിരക്കാറുണ്ട്‌''- മാനേജിംഗ്‌ ട്രസ്റ്റി സന്തോഷ്‌ പറഞ്ഞു.
കനവിന്റെ സമീപ പ്രദേശങ്ങളിലുള്ള പണിയ, നായ്‌ക്ക, മുള്ളുകുറുമ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്‌ ഇവിടെ പഠിക്കാനെത്തുന്നത്‌. ബേബി മാമന്‍ പോയതിനു ശേഷം പുതിയ കുട്ടികളുടെ വരവ്‌ കുറവാണ്‌. പുതിയവരെ സ്‌കൂളില്‍ വിട്ട്‌ പഠിപ്പിക്കുന്നു. ഇപ്പോള്‍ ആകെ മുപ്പത്‌ പേരാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണവും താമസവും സൗജന്യമാണ്‌ . ആഴ്‌ചകളില്‍ കുട്ടികള്‍ക്ക്‌ വീട്ടില്‍ പോകാം. വിളവെടുപ്പ്‌ കാലമാകുമ്പോള്‍ അവരുടെ മാതാപിതാക്കളും സഹായിക്കാനെത്തും.
കനവിലെ പഠനം തികച്ചും വ്യത്യസ്‌തമാണ്‌. അധ്യാപകനില്ലാത്ത ഗുരുകുലമാണിത്‌. അനുഭവം തന്നെ ഗുരു. ഓരോ ദിവസവും ഗ്രൂപ്പ്‌ വര്‍ക്കായി കാര്യങ്ങള്‍ നടക്കുന്നു. ഒരു ഗ്രൂപ്പ്‌ പാചകത്തില്‍ മുഴുകുമ്പോള്‍ മറ്റൊരു ഗ്രൂപ്പ്‌ കൃഷി ചെയ്യുകയോ കന്നുകാലി വളര്‍ത്തുകയോ ആകും. ചെറുതിലേ കുട്ടികളുടെ താത്‌പര്യം തൊട്ടറിഞ്ഞ്‌ അവരവരുടെ ഇടങ്ങളിലെത്തിക്കുക എന്നതായിരുന്നു ബേബിയുടെ ആശയം. ഈ ആശയം പ്രാവര്‍ത്തികമായതിന്‌ ഉദാഹരണമാണ്‌ ചിപ്രനിലെ ചിത്രകാരനും സന്തോഷിലെ ശില്‍പ്പിയും സജിയിലെ ഫിലിം എഡിറ്ററും. കുറേപ്പേര്‍ ഇപ്പോള്‍ ബംഗളൂരുവിലും തിരുവനന്തപുരത്തെ കല്ലാറിലുമായി ആയൂര്‍വേദം അഭ്യസിക്കുന്നു. ചിലര്‍ തമിഴ്‌നാട്ടില്‍ ശില്‍പ്പകല അഭ്യസിക്കുന്നു. ഇപ്പോള്‍ സാമ്പത്തികം വലിയ പ്രശ്‌നമായതു കൊണ്ട്‌ ആരെയും ഉപരി പഠനത്തിന്‌ അയക്കുന്നില്ലെന്ന്‌ സന്തോഷ്‌ പറഞ്ഞു. എന്നാല്‍ ബേബി മാമന്‍ ഉയര്‍ത്തിപ്പിടിച്ച ആശയും ആശയവും നെഞ്ചോടമര്‍ത്തിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സന്തോഷ്‌ പറയുന്നു. കനവിലെ വിശാലമായ ലൈബ്രറി ഹാള്‍. ആയിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ ഇവിടെ തരംതിരിച്ച്‌ വെച്ചിരിക്കുന്നു. പക്ഷേ അതില്‍ പലതും വാരിവലിച്ചിട്ട നിലയിലാണുള്ളത്‌. ബേബി മാമന്‍ പോയപ്പോള്‍ കനവിന്‌ നഷ്‌ടപ്പെട്ടത്‌ അടുക്കും ചിട്ടയുമാണെന്ന്‌ ചിപ്രന്‍ സമ്മതിക്കുകയും ചെയ്യുന്നു.
``ഞങ്ങളില്‍ ഭൂരിഭാഗവും സമപ്രായക്കാരാണ്‌. ആരും തെറ്റു ചെയ്യാറില്ല. പക്ഷേ നിയന്ത്രിക്കാന്‍ ആരെങ്കിലുമൊക്കെ വേണം. സമപ്രായക്കാരായതിനാല്‍... എന്തോ ഒന്നും ശരിയാകുന്നില്ല''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ പറഞ്ഞത്‌ ശരിയാണ്‌. ഇപ്പോഴത്തെ കനവ്‌ നേരത്തെയുള്ളതിന്റെ നിഴലെന്നേ പറയാന്‍ പറ്റൂ. വൃത്തിഹീനമായ അന്തരീക്ഷം. അയലിലും ജാലക കമ്പിയിലും അലസമായിക്കിടക്കുന്ന ഉടുവസ്‌ത്രങ്ങള്‍. പുസ്‌തകങ്ങള്‍. മാറാല തൂങ്ങിയ മേല്‍ക്കൂരകള്‍, നരക്കാന്‍ ബാക്കിയില്ലാത്ത ചുമരുകള്‍. എങ്കിലും നാളെയെക്കുറിച്ച്‌ ഈ മക്കള്‍ക്ക്‌ കനവുകളുണ്ട്‌.
1975കളില്‍ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ ബേബി ആദിവാസികളുടെ ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നത്‌. നടവയലിലെ ബേബിയുടെ വീട്ടില്‍ നാടുഗദ്ദിക നാടകം റിഹേഴ്‌സല്‍ നടക്കുമ്പോള്‍ കാണാന്‍ വന്നിരുന്ന ആദിവാസികളെ അഭിനയിപ്പിച്ചും അവരുടെ മക്കള്‍ക്ക്‌ പാട്ടുപാടിക്കൊടുത്തും ചുറ്റുപാടുകളെ ക്കുറിച്ച്‌ പറഞ്ഞുകൊടുത്തുമാണ്‌ ബേബി കനവിന്റെ പ്രഥമ രൂപം തുടങ്ങുന്നത്‌. 1993ല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്‌താര്‍ എന്ന സംഘടനയുടെ ചീങ്ങോട്ടുള്ള ആറേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട്‌ ആ ഭൂമി സ്വന്തമായി വാങ്ങി. കനവില്‍ എട്ടു വര്‍ഷക്കാലത്തിന്‌ മുകളില്‍ താമസിച്ചു പഠിച്ചിരുന്ന ഇരുപത്‌ മക്കളുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി, ഭൂമി അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തു. അനുഭവം ഗുരു എന്ന ആശയത്തില്‍ ഗുരുകുല വിദ്യാഭ്യാസ രീതിയിലുള്ള ചിട്ടവട്ടങ്ങളില്‍ ആരംഭിച്ച കനവില്‍ അന്ന്‌ 38 കുട്ടികളായിരുന്നു. കൂട്ടായി ബേബിയുടെ ഭാര്യ ഷെര്‍ളി ടീച്ചറും. അവരുടെ മക്കളായ ശാന്തിയും ഗീഥിയും കനവിലെ മക്കള്‍ക്കൊപ്പം തന്നെ കഴിഞ്ഞു. പിന്നീടുള്ള നാള്‍വഴികളില്‍ പരിഷ്‌കാരം ചവിട്ടിമെതിച്ച കാടിന്റെ മക്കളുടെ ഭാഷയും കലയും ആചാരങ്ങളും ജൈവികമായി തളിര്‍ക്കുന്ന കാഴ്‌ചയായിരുന്നു കനവിന്റെ ക്യാന്‍വാസിലൂടെ തെളിഞ്ഞത്‌. അത്‌ ചരിത്രം. ഇന്ന്‌ കാര്യങ്ങളെല്ലാം വ്യത്യസ്‌തമാണ്‌. ഏതോ ഒരു വിഷാദം കനവിനെ ബാധിക്കുന്നുവോ എന്നു തോന്നും.
സന്തോഷ്‌ എന്നെയും കൂട്ടി ലൈബ്രറി ഹാളിലേക്ക്‌ കയറി. തറയില്‍ ഒരു രണ്ടു വയസ്സുകാരന്‍ ഉറങ്ങുന്നു. സത്‌ലജ്‌. ഇവനാണ്‌ കനവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഇവനെ കനവിന്റെ `സ്വന്തം പുത്രന്‍' എന്നുവിളിക്കാം. ഇവന്റെ അച്ഛന്‍ സന്തോഷും അമ്മ ലീലയും ഇവിടെ പഠിച്ച്‌ വളര്‍ന്നവരാണ്‌. പ്രണയമായിരുന്നു. ഇരു വീട്ടുകാരും എത്തിര്‍ത്തില്ല. രണ്ടര വര്‍ഷം മുന്‍പ്‌ ആചാര പ്രകാരം സന്തോഷ്‌ ലീലയുടെ കഴുത്തില്‍ മിന്നുകെട്ടി. സന്തോഷ്‌ ഇപ്പോള്‍ മാനേജിംഗ്‌ ട്രസ്റ്റിയാണ്‌.

No comments:

Post a Comment